LiveTV

Live

Kerala

കുടിയിറക്കല്‍ ഭീഷണി നേരിടുന്ന പ്രീതാ ഷാജിയുടെ സമരം ഇന്ന് ഒത്തുതീര്‍ന്നേക്കും

പ്രീതയുടെ കുടുംബവും സമരസമിതി പ്രതിനിധികളും ഇന്ന് ധനമന്ത്രി തോമസ് ഐസക്കുമായുള്ള ചര്‍ച്ചയില്‍ പങ്കെടുക്കും

കുടിയിറക്കല്‍ ഭീഷണി നേരിടുന്ന പ്രീതാ ഷാജിയുടെ സമരം ഇന്ന് ഒത്തുതീര്‍ന്നേക്കും

കുടിയിറക്കല്‍ ഭീഷണി നേരിടുന്ന ഇടപ്പള്ളിയിലെ പ്രീതാ ഷാജിയുടെ സമരം ഇന്ന് ഒത്തുതീര്‍ന്നേക്കും. പ്രീതയുടെ കുടുംബവും സമരസമിതി പ്രതിനിധികളും ഇന്ന് ധനമന്ത്രി തോമസ് ഐസക്കുമായുള്ള ചര്‍ച്ചയില്‍ പങ്കെടുക്കും. ഇതോടെ അതിജീവനത്തിനായി നടത്തുന്ന സമരം അവസാനിപ്പിക്കാനാകുമെന്ന പ്രതീക്ഷയിലാണ് പ്രീതയുടെ കുടുംബം.

സര്‍ക്കാര്‍ മധ്യസ്ഥതയില്‍ പ്രശ്നപരിഹാരത്തിന് അവസരമൊരുങ്ങിയതോടെയാണ് പ്രീതക്കും കുടുംബത്തിനും പ്രതീക്ഷ വര്‍ദ്ധിക്കുന്നത്. ഏറെ നാളായി നീളുന്ന പ്രശ്നത്തില്‍ സമരസമിതിയുമായി ധനമന്ത്രി തോമസ് ഐസക് ഇന്ന് ചര്‍ച്ച നടത്തും. പ്രീതാ ഷാജിയുടെ കിടപ്പാടം ജപ്തി ചെയ്യാനുള്ള കോടതി ഉത്തരവിനെ ജനകീയ സമര സമിതി ചെറുത്ത് തോല്‍പിച്ചതോടെയാണ് മധ്യസ്ഥ ശ്രമങ്ങള്‍ സജീവമായത്. കോടതി ഉത്തരവിന്റെ പിന്‍ബലത്തില്‍ ജപ്തി നീക്കം പലതവണ നടന്നു.

സര്‍ഫാസി വിരുദ്ധ സമര സമിതിയുടെയും മാനാത്ത്പാടം പാര്‍പ്പിട സംരക്ഷണ സമിതിയുടെയും പ്രതിരോധത്തിന് മുന്നില്‍ കുടിയിറക്കാനുള്ള നീക്കങ്ങളെല്ലാം പരാജയപ്പെട്ടു. വീടിന് മുന്നില്‍ ചിതയൊരുക്കിയുള്ള പ്രീതയുടെ അതിജീവന സമരത്തിന് വ്യാപക പിന്തുണ കൈവരികയും ചെയ്തു. ഇതോടെയാണ് സര്‍ക്കാര്‍ മധ്യസ്ഥതയില്‍ ഒത്തുതീര്‍പ്പിന് കളമൊരുങ്ങിയത്. ലോണിന് ആനുപാതികമായ നിശ്ചിത തുക പ്രീതയുടെ കുടുംബം വീട് ലേലത്തില്‍ പിടിച്ചയാള്‍ക്ക് കൈമാറും.

60 ലക്ഷം രൂപ നല്‍കാന്‍ തയ്യാറെന്ന് സമരസമിതി ഇതിനോടകം തന്നെ നിലപാടെടുത്തുകഴിഞ്ഞു. ലോണെടുത്ത വ്യക്തിയില്‍ നിന്ന് നഷ്ടപരിഹാര തുക ഈടാക്കാനുള്ള ശ്രമം വിജയിച്ചതോടെ പ്രശ്ന പരിഹാരത്തിന് സാധ്യത തെളിഞ്ഞു. ഇന്ന് മാനാത്ത്പാടത്ത് സ്വാമി അഗ്നിവേശ് പങ്കെടുക്കുന്ന പരിപാടിയില്‍ സമരവിജയ പ്രഖ്യാപനവും നടന്നേക്കും.