LiveTV

Live

Kerala

മുഖ്യമന്ത്രി കുട്ടനാട് സന്ദർശിക്കാത്തത് രാഷ്ട്രീയ വിഷയമാക്കാനൊരുങ്ങി പ്രതിപക്ഷം

സംസ്ഥാന സർക്കാരിനെതിരെ കൂടുതൽ രൂക്ഷ വിമർശനങ്ങൾ വരുംദിവസങ്ങൾ ഉന്നയിക്കാനാണ് യു.ഡി.എഫ് നേതാക്കളുടെ നീക്കം.

മുഖ്യമന്ത്രി കുട്ടനാട് സന്ദർശിക്കാത്തത് രാഷ്ട്രീയ വിഷയമാക്കാനൊരുങ്ങി പ്രതിപക്ഷം

ആലപ്പുഴയിലെത്തിയിട്ടും മുഖ്യമന്ത്രി കുട്ടനാട്ടിലെ വെള്ളപ്പൊക്ക ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിക്കാത്തത് രാഷ്ട്രീയ വിഷയമാക്കി ഉയർത്താനൊരുങ്ങി പ്രതിപക്ഷം. സംസ്ഥാന സർക്കാരിനെതിരെ കൂടുതൽ രൂക്ഷ വിമർശനങ്ങൾ വരുംദിവസങ്ങൾ ഉന്നയിക്കാനാണ് യു.ഡി.എഫ് നേതാക്കളുടെ നീക്കം. വെള്ളപ്പൊക്ക കെടുതി അനുഭവിക്കുന്ന പ്രദേശങ്ങളിൽ സർക്കാർ നടത്തിയ ഇടപെടൽ ചൂണ്ടിക്കാട്ടി പ്രതിപക്ഷ ആരോപണത്തെ ഭരണപക്ഷം പ്രതിരോധിക്കും.

ആലപ്പുഴയിൽ മുഖ്യമന്ത്രിയെത്തിയാൽ കുട്ടനാട്ടിലെ വെള്ളപ്പൊക്ക ദുരിതമേഖലകൾ സന്ദർശിക്കും എന്നായിരുന്നു ഇടത് നേതാക്കൾ പറഞ്ഞിരുന്നത്. പക്ഷെ ആലപ്പുഴയിൽ വന്നിട്ടും ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് എത്താതിരുന്നത് വൻ വീഴ്ചയാണെന്നാണ് പ്രതിപക്ഷ നേതാക്കളുടെ ആരോപണം. മുഖ്യമന്ത്രി നടത്തിയ അവലോകന യോഗം ബഹിഷ്കരിച്ച പ്രതിപക്ഷം വിഷയം രാഷ്ട്രീയമായി ചർച്ചയാക്കാനാണ് ഉദ്ദേശിക്കുന്നത്.

മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യമാണ് കുട്ടനാട് സന്ദർശിക്കാത്തതിന്റെ കാരണമെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. മുഖ്യമന്ത്രി മറുപടി പറഞ്ഞില്ലെങ്കിലും മറ്റു മന്ത്രിമാർ പ്രതിപക്ഷ ആരോപണത്തിനെതിരെ പ്രസ്താവനകളുമായി രംഗത്തുണ്ട്. അവലോകന യോഗം ബഹിഷ്കരിച്ച പ്രതിപക്ഷത്തിനെതിരെ ജി സുധാകരനടക്കമുള്ളവർ കടുത്ത ഭാഷയിലാണ് വിമർശനമുന്നയിച്ചത്.

മുഖ്യമന്ത്രി പോയില്ലെങ്കിലും വെള്ളപ്പൊക്ക ദുരിതമേഖലയിൽ സർക്കാർ നടത്തിയ ക്രിയാത്മകമായ ഇടപെടൽ എണ്ണിപ്പറയുകയാണ് ഭരണപക്ഷം. എന്തായാലും വരും ദിവസങ്ങളിൽ കുട്ടനാട്ടിലെ വെള്ളപ്പൊക്ക കെടുതി വലിയ രാഷ്ട്രീയ പ്രചരണമായി മാറുമെന്ന സൂചനയാണ് ഭരണപക്ഷവും പ്രതിപക്ഷവും നൽകുന്നത്.