LiveTV

Live

Kerala

വണ്ണപ്പുറം കൂട്ടകൊലപാതകം: രണ്ട് പേർ പിടിയിലെന്ന് സൂചന

തുടരന്വേഷണം വിലയിരുത്താൻ ഐ.ജി വിജയ് സാക്കറെ ഇടുക്കിയിലെത്തി. നേരത്തെ കസ്റ്റഡിയിലുണ്ടായിരുന്ന നാല് പേരെയും പൊലീസ് വിട്ടയച്ചു

വണ്ണപ്പുറം  കൂട്ടകൊലപാതകം: രണ്ട് പേർ പിടിയിലെന്ന് സൂചന

ഇടുക്കി വണ്ണപ്പുറം കമ്പക്കാനത്തെ കൂട്ടകൊലപാതക കേസിൽ രണ്ട് പേർ പിടിയിലായതായി സൂചന. തുടരന്വേഷണം വിലയിരുത്താൻ ഐ.ജി വിജയ് സാക്കറെ ഇടുക്കിയിലെത്തി. നേരത്തെ കസ്റ്റഡിയിലുണ്ടായിരുന്ന നാല് പേരെയും പൊലീസ് വിട്ടയച്ചു. ഇവരുടെ വിശദമായ മൊഴിയുടെ അടിസ്ഥാനത്തിൽ തമിഴ്നാട്ടിലേക്ക് അടക്കം അന്വേഷണം വ്യാപിപ്പിച്ചു.

കഴിഞ്ഞ ദിവസങ്ങളായി നെടുങ്കണ്ടം, തിരുവനന്തപുരം സ്വദേശികളായ നാല് പേരെ പൊലീസ് നേരത്തെ കസ്റ്റഡിയിലെത്തിയിരുന്നു. ഇവരെ വിട്ടയച്ചതിന് പിന്നാലെയാണ് മറ്റ് രണ്ട് പേരെ പോലീസ് പിടികൂടിയത്. കൊല്ലപ്പെട്ട കൃഷ്ണനുമായി ബന്ധമുള്ള ആളുകളാണ് ഇവർ. മന്ത്രവാദത്തിനു പുറമെ നിധിയുടെ പേരിലുള്ള തട്ടിപ്പും റൈസ് പുളളർ തട്ടിപ്പും കൃഷ്ണൻ നടത്തിയിരുന്നതായി കസ്റ്റഡിയിലുള്ള വരെ ചോദ്യം ചെയ്തതിലൂടെ പൊലീസിന് വ്യക്തമായി. ഇവരുമായി കൃഷ്ണന് സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നതും പൊലീസിന് അറിവ് ലഭിച്ചു.

ആദ്യം കസ്റ്റഡിയിലെടുത്ത നാല് പേർക്കും കൃത്യത്തിൽ നേരിട്ട് പങ്കില്ലെന്ന് വ്യക്തമായതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ഇവരെ വിട്ടയച്ചത്. കൃത്യത്തിൽ പലർക്കും പങ്കുണ്ടെന്ന് വ്യക്തമായതിനാൽ അന്വേഷണം തമിഴ്നാട്ടിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട് . പ്രതികളിൽ ചിലരുടെ അറസ്റ്റ് തിങ്കളാഴ്ച രേഖപ്പെടുത്തിയേക്കും.