LiveTV

Live

Kerala

പാലക്കാട് കെട്ടിടം തകര്‍ന്ന് 12 പേര്‍ക്ക് പരിക്ക്

നിലവിൽ കെട്ടിടത്തിൽ ആരും കുടുങ്ങിയിട്ടില്ലെന്ന് പാലക്കാട് തഹസിൽദാർ അറിയിച്ചു. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

പാലക്കാട്  കെട്ടിടം തകര്‍ന്ന് 12 പേര്‍ക്ക് പരിക്ക്

പാലക്കാട് നഗരത്തിൽ മൂന്ന് ‌നില കെട്ടിടം തകർന്നു വീണ് 12 പേർക്ക് പരിക്കേറ്റു. നിലവിൽ കെട്ടിടത്തിൽ ആരും കുടുങ്ങിയിട്ടില്ലെന്ന് പാലക്കാട് തഹസിൽദാർ അറിയിച്ചു. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. മുനിസിപ്പൽ ബസ് സ്റ്റാൻഡിനടുത്തുള്ള മൂന്ന് നില കെട്ടിടത്തിന്റെ ഒരു ഭാഗമാണ് തകർന്നു വീണത്. മൊബൈൽ ഷോപ്പും ഗൃഹോപകരണ കടയും ലോഡ്ജും പ്രവർത്തിച്ചിരുന്ന ഭാഗമാണ് നിലംപൊത്തിയത്. 40 വർഷം പഴക്കമുള്ള കെട്ടിടമാണിത്. താഴത്തെ നിലയിൽ അറ്റകുറ്റപ്പണി നടക്കുന്നതിനിടെയാണ് അപകടമുണ്ടായത്.

നിർമ്മാണത്തിനിടെ തൂണ് പൊളിച്ചുമാറ്റിയപ്പോഴാണ് കെട്ടിടം തകർന്നതെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. പൊലീസും ഫയർഫോഴ്‌സും തൃശൂരിൽ നിന്നെത്തിയ ദുരന്തനിവാരണ വിഭാഗവും നാട്ടുകാരും രക്ഷാപ്രവർത്തനത്തിലേർപ്പെട്ടു. രക്ഷപ്പെടുത്തിയ രണ്ട് സ്ത്രീകൾ ഉൾപ്പെടെ പത്ത് പേർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. ആരുടെയും പരിക്ക് ഗുരുതരമല്ല.

തകർന്ന കെട്ടിടത്തിൽ ഇനി ആരും കുടുങ്ങിക്കിടക്കുന്നില്ലെന്ന് പാലക്കാട് തഹസിൽദാർ വിശാലാക്ഷി അറിയിച്ചു. എങ്കിലും രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. അപകടം നടന്ന സ്ഥലത്ത് 300 മീറ്റർ ചുറ്റളവിൽ ജില്ലാ കലക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചു.