LiveTV

Live

Kerala

കൊട്ടിയൂര്‍ പീഡനക്കേസ്; മൂന്ന് പേരെ സുപ്രിം കോടതി കുറ്റവിമുക്തരാക്കി

പ്രതിപ്പട്ടികയില്‍ ഉണ്ടായിരുന്ന ടെസി ജോസ്, ആന്‍സി മാത്യു, ഡോ. ഹൈദരാലി എന്നിവരെയാണ് കുറ്റവിമുക്തരാക്കിയത്

കൊട്ടിയൂര്‍ പീഡനക്കേസ്; മൂന്ന് പേരെ സുപ്രിം കോടതി കുറ്റവിമുക്തരാക്കി

കൊട്ടിയൂര്‍‌ പീഡനക്കേസില്‍ മൂന്ന് പേരെ സുപ്രീംകോടതി കുറ്റവിമുക്തരാക്കി. സിസ്റ്റര്‍ ടെസി ജോസ്, ആൻസി മാത്യു, ഡോ. ഹൈദരാലി എന്നിവരെയാണ് പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയത്. ഫാദര്‍ ജോസ് തേരകം ഉള്‍പ്പെടെ രണ്ട് പേര്‍ കേസില്‍ വിചാരണ നേരിടണം. സഭകളില്‍ നിന്നും പീഡന പരാതികള്‍ ആവര്‍ത്തിക്കുന്നത് ആശങ്കാജനകമാണെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി കൊട്ടിയൂരില്‍ വൈദികന്‍‌റെ പീഡനത്തിനിരയായി പ്രസവിച്ചത് സംബന്ധിച്ച കേസില്‍ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളിയോടെയാണ് കേസിലുള്‍പ്പെട്ട അഞ്ച് പേര്‍ സുപ്രീം കോടതിയിലെത്തിയത്. ഇവരില്‍ കൂത്തുപറമ്പ് ക്രിസ്തു രാജ ആശുപത്രി ജീവനക്കാരായ സിസ്റ്റര്‍ ടെസ്സി ജോസ്, ഡോ. ഹൈദരലി, സിസ്റ്റര്‍ ആന്‍സി മാത്യു എന്നിവരെ കോടതി കുറ്റവിമുക്തരാക്കി. മതിയായ തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. അതേസമയം മറ്റു പ്രതികളായ വയനാട് ജില്ലാ ശിശുക്ഷേമ സമിതി അധ്യക്ഷന്‍ ഫാ.തോമസ് ജോസ് തേരകം, സമിതി അംഗം സിസ്റ്റര്‍ ബെറ്റി ജോസഫ് എന്നിവര്‍ വിചാരണ നേരിടണം.

എല്ലാ പ്രതികളും വിചാരണ നേരിടേണ്ടതുണ്ടെന്നും ഗുരുതര കുറ്റങ്ങളാണ് ചുമത്തപ്പെട്ടിരിക്കുന്നതെന്നും സംസ്ഥാന സര്‍ക്കാര്‍ വാദിച്ചു. വാദം കോടതി മുഖവിലക്കെടുത്തില്ല. ക്രൈസ്തവ സഭകളില്‍ നിന്നും പീഡന പരാതികള്‍ ആവര്‍ത്തിക്കുന്നതില്‍ ആശങ്കയുണ്ട്. വൈദികര്‍ പ്രതികളാകുന്നത് ഞെട്ടലുണ്ടാക്കുന്നുവെന്നും കേസില്‍ വാദം കേള്‍ക്കവെ ജസ്റ്റിസ് എ കെ സിക്രി, അശോക് ഭൂഷണ്‍ എന്നിവരുടെ ബഞ്ച് നിരീക്ഷിച്ചു. അതിനിടെ ഇന്ന് തലശ്ശേരി സെഷന്‍സ് കോടതിയില്‍ കേസിന്‍റെ വിചാരണ ആരംഭിച്ചു. അടച്ച കോടതി മുറിയിയില്‍ വാദം കേട്ട കോടതി പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി.