LiveTV

Live

Kerala

ആക്ഷേപഹാസ്യമെന്ന വ്യാജേന പ്രസിദ്ധീകരിച്ചത് സ്ത്രീവിരുദ്ധത; ബാലഭൂമിക്കെതിരെ രൂക്ഷവിമര്‍ശനം

‘നടികള്‍ കാമയില്‍ നിന്ന് രാജിവെച്ചു’ എന്ന പേരില്‍ താരസംഘടനയായ അമ്മയില്‍ നിന്ന് രാജിവെച്ച നടിമാരെ ആക്ഷേപിച്ചതിനെതിരായാണ് വിമര്‍ശനമുയര്‍ന്നത്.

 ആക്ഷേപഹാസ്യമെന്ന വ്യാജേന പ്രസിദ്ധീകരിച്ചത് സ്ത്രീവിരുദ്ധത; ബാലഭൂമിക്കെതിരെ രൂക്ഷവിമര്‍ശനം

മാതൃഭൂമിയുടെ ബാലപ്രസിദ്ധീകരണമായ ബാലഭൂമിയില്‍ ആക്ഷേപഹാസ്യമെന്ന വിധത്തില്‍ പ്രസിദ്ധീകരിച്ചത് കടുത്ത സ്ത്രീവിരുദ്ധതയാണെന്ന് വിമര്‍ശനം. 'നടികള്‍ കാമയില്‍ നിന്ന് രാജിവെച്ചു' എന്ന പേരില്‍ താരസംഘടനയായ അമ്മയില്‍ നിന്ന് രാജിവെച്ച നടിമാരെ ആക്ഷേപിച്ചതിനെതിരായാണ് വിമര്‍ശനമുയര്‍ന്നത്. കുട്ടികള്‍ക്കുള്ള പ്രസിദ്ധീകരണത്തിലൂടെ ബാലഭൂമി സ്ത്രീവിരുദ്ധത പ്രചരിപ്പിക്കുകയാണെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന പ്രധാന വിമര്‍ശനം.

പ്രമുഖ നടികളായ മൂങ്ങാ അലമ്പിയ, മുയലിയാ ദാസ്, ഗോമാ ഉമ്പേലിയ എന്നിവര്‍ കാടന്‍ അസോസിയേഷന്‍ ഓഫ് മൂവി ആര്‍ട്ടിസ്റ്റില്‍ (കാമ) നിന്ന് രാജിവെച്ചു എന്ന് പറഞ്ഞാണ് തുടക്കം. ആണ്‍താരങ്ങളുടെ പക്ഷപാതപരമായ പെരുമാറ്റത്തില്‍ പ്രതിഷേധിച്ചാണ് രാജിയെന്നും പറയുന്നു. നടിയെ നടന്‍ കോങ്കണ്ണിന്റെ പേരില്‍ കളിയാക്കി, നടിയുടെ വാലിന് സൗന്ദര്യമില്ലെന്ന് അധിക്ഷേപിച്ചു തുടങ്ങിയ കാരണങ്ങളാലാണ് രാജിയെന്ന് പറയുന്നതിലൂടെ അമ്മയില്‍ നിന്നുള്ള നടിമാരുടെ രാജിയുടെ കാരണങ്ങളെ ലഘൂകരിച്ചുകാണുകയാണെന്നാണ് പ്രധാന വിമര്‍ശനം.

നടന്‍ ദിലീപ് പ്രതിയായ, നടിയെ അക്രമിച്ച കേസിനെ സൂചിപ്പിച്ച് ‘മുയലിയാദാസിനെ നടന്‍ പരുന്തേഷ് റാഞ്ചിയെടുത്ത് കൊത്താന്‍ ശ്രമിച്ചിട്ടും സംഘനയായ കാമ മൗനം പാലിച്ചു' എന്നൊരു പരാമര്‍ശമുണ്ട് കഥയില്‍. നടി ആക്രമിക്കപ്പെട്ട സംഭവം പോലും അതിന്‍റെ ഗൌരവം ഉള്‍ക്കൊള്ളാതെ പരിഹസിച്ചത് അത്യന്തം ഹീനമായിപ്പോയെന്നാണ് മറ്റൊരു വിമര്‍ശനം. നടിമാരുടെ രാജിയെ തുടര്‍ന്ന് കാമക്കാര്‍ പേടിച്ച് വെള്ളമിറക്കിയെന്ന് പരിഹസിച്ചതിലൂടെ സ്ത്രീവിരുദ്ധതയ്ക്കെതിരെ നടിമാരെടുത്ത ധീരമായ നിലപാടുകളെ അധിക്ഷേപിക്കുകയാണെന്നും പരാതിയുണ്ട്.

കടുത്ത സ്ത്രീ വിരുദ്ധതയാണ് ഈ ബാലഭൂമി പംക്തിയുടെ പിന്നിൽ. കോങ്കണ്ണിയെന്നു വിളിച്ചു, വാലിന് ഭംഗി പോര എന്നു പറഞ്ഞു...

Posted by Rubin DCruz on Tuesday, July 31, 2018

"കടുത്ത സ്ത്രീ വിരുദ്ധതയാണ് ഈ ബാലഭൂമി പംക്തിയുടെ പിന്നിൽ. കോങ്കണ്ണിയെന്നു വിളിച്ചു, വാലിന് ഭംഗി പോര എന്നു പറഞ്ഞു എന്നൊക്കെയുള്ള നിസ്സാര സംഭവങ്ങൾ കാട്ടി പ്രശ്നമുണ്ടാക്കുന്നവരാണ് നടിമാർ എന്നാണിത് പറയാൻ ശ്രമിക്കുന്നത്. ഒരു നടിയെ റാഞ്ചിക്കൊണ്ട് പോയി എന്നതും ഇതുപോലൊരു നിസ്സാര സംഭവമാക്കാൻ ശ്രമിക്കുന്നു. അതിനെതിരെ നടിമാർ നടത്തിയ പ്രതിഷേധത്തെ അമറി എന്നൊക്കെ കളിയാക്കി നിസ്സാരവല്ക്കരിക്കാനും ശ്രമിക്കുന്നു", ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് മുന്‍ ഡയറക്ടറായ റൂബിന്‍ ഡിക്രൂസ് പ്രതികരിച്ചു.

നടി ആക്രമിക്കപ്പെട്ട കാര്യത്തിൽ എടുത്ത നിലപാടു മൂലമാണ് മടിയിൽ കനമുള്ളവർ തങ്ങളെ ആക്രമിക്കുന്നതെന്നാണ് ഇന്നലെ മാനേജിംഗ് ഡയറക്ടറുടെ പേരു വച്ചെഴുതിയ മുൻപേജ് എഡിറ്റോറിയലിൽ മാതൃഭൂമി പറഞ്ഞത്. അങ്ങനെ പറയുന്നതിനൊപ്പം സ്വന്തം പ്രസിദ്ധീകരണം ഇങ്ങനെയൊരു കൃതി പ്രസിദ്ധീകരിക്കുകയും! മാതൃഭൂമിയുടെ യഥാർത്ഥ നിലപാടെന്താണ് എന്ന ചോദ്യം ഉയരുന്നതിവിടെയാണെന്നും റൂബിന്‍ ഡിക്രൂസ് പറഞ്ഞു.

മാതൃഭൂമി ഗ്രൂപ്പ് കുട്ടികൾക്കായി പ്രസിദ്ധീകരിക്കുന്ന ബാലഭൂമിയുടെ പുതിയ ലക്കത്തിൽ നിന്നുള്ളതാണിത്. പേരിൽ മാത്രം 'ബാല'...

Posted by Shimna Azeez on Monday, July 30, 2018

പേരിൽ മാത്രം 'ബാല' ഉണ്ടായാൽ പോര ബാലഭൂമീ, ഉള്ളടക്കം കൂടി കുഞ്ഞുങ്ങൾക്കുള്ളതാവണമെന്ന് ഡോ. ഷിംന അസീസ് ആവശ്യപ്പെട്ടു. ഒരറ്റത്ത്‌ നിന്ന്‌ ജെൻഡറും പരസ്പരബഹുമാനവും സ്‌ത്രീശാക്‌തീകരണവുമൊക്കെ വ്യക്‌തമാക്കി പഠിപ്പിച്ച്‌ വരികയാണ്‌. അപ്പുറത്ത്‌ നിന്ന്‌ സ്‌ത്രീവിരുദ്ധതയും ബലാൽസംഗവും ധ്വനിപ്പിച്ച്, അതേക്കുറിച്ച്‌ തമാശകൾ മെനയുന്ന കുട്ടികളെ സൃഷ്‌ടിക്കാൻ ഉത്തരവാദിത്വമുള്ള പ്രസിദ്ധീകരണം മുതിരുന്നത്‌ അത്യന്തം അപമാനകരമാണ്‌. അതുകൊണ്ട് ബാലഭൂമിയിലെ ഈ ഭാഗം പിന്‍വലിച്ച് മാപ്പ് പറയണമെന്നും ഷിംന അസീസ് ആവശ്യപ്പെട്ടു.