LiveTV

Live

Kerala

ഇടുക്കി അണക്കെട്ട് തുറക്കേണ്ട സാഹചര്യം നേരിടാൻ ആവശ്യമായ മുൻകരുതലുകളുമായി സർക്കാർ

ഡാമിന്റെ ഷട്ടറുകള്‍ തുറക്കുന്ന സാഹചര്യമുണ്ടായാല്‍ ഉച്ചയോടെ സൈറണ്‍ മുഴക്കിയും, മൈക്ക് അനൌണ്‍സ്മെന്‍റ് നടത്തിയും ജനങ്ങളെ അറിയിക്കും

ഇടുക്കി അണക്കെട്ട് തുറക്കേണ്ട സാഹചര്യം നേരിടാൻ ആവശ്യമായ മുൻകരുതലുകളുമായി സർക്കാർ

ഇടുക്കി ഡാമിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ഡാം ഷട്ടറുകള്‍ തുറന്നേക്കുമെന്ന ജാഗ്രതാ നിര്‍ദ്ദേശം പെരിയാര്‍ തീരത്തുള്ളവര്‍ക്ക് നല്‍കി തുടങ്ങി. റവന്യൂ, കെഎസ്ഇബി, ജലസേചന ഉദ്യോഗസ്ഥര്‍ക്കൊപ്പം തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളും ജനങ്ങള്‍ക്ക് നേരിട്ട് എത്തിയാണ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കുന്നത്. 2394.36 അടിയാണ് ഇന്നലെ രാത്രിയിലെ ഡാമിലെ ജലനിരപ്പ്. 2397 അടിയില്‍ എത്തിയാല്‍ ട്രയല്‍ റണ്‍ നടത്തും

ഇന്നലെ ചേര്‍ന്ന അവലോകന യോഗത്തിലാണ് ഉദ്യോഗസ്ഥര്‍ക്കൊപ്പം ജനപ്രതിനിധികളും നാട്ടുകാരെ നേരിട്ട് കണ്ട് ജാഗ്രതാ നിര്‍ദ്ദേശം നല്‍കണമെന്ന തീരുമാനത്തിലെത്തിയത്. ഡാമിലെ വെള്ളം തുറന്ന് വിട്ടാല്‍ റിവര്‍ ബെഡില്‍ നേരിട്ട് ബാധിക്കുന്ന ആയിരത്തോളം പേരുടെ പ്രശ്നങ്ങള്‍ സംബന്ധിച്ച് ജനപ്രതിനിധികള്‍ ഇന്ന് ജില്ലാ ഭരണകൂടത്തിന് റിപ്പോര്‍ട്ട് നല്‍കും.

ഇന്നലെയും ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ മഴ പെയ്തു. അതിനാല്‍ നീരൊഴുക്ക് വീണ്ടും വര്‍ധിക്കും. 2395 അടിയായി ജലനിരപ്പ് എത്തിയാല്‍ ഡാമിന്റെ പ്രദേശങ്ങളില്‍ ജില്ലാ ഭരണകൂടം ഓറഞ്ച് അലേര്‍ട്ട് പുറപ്പെടുവിക്കും. തുടര്‍ന്ന് 12 ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ദുരിതബാധിതരെ മാറ്റിപ്പാര്‍പ്പിക്കും. ഡാമിന്റെ ഷട്ടറുകള്‍ തുറക്കുന്ന സാഹചര്യമുണ്ടായാല്‍ ഉച്ചയോടെ സൈറണ്‍ മുഴക്കിയും, മൈക്ക് അനൌണ്‍സ്മെന്‍റ് നടത്തിയും ജനങ്ങളെ അറിയിക്കും.

ഏതൊരു അടിയന്തര സാഹചര്യമുണ്ടായാലും നേരിടാന്‍ വേണ്ട മുന്നൊരുക്കങ്ങളാണ് ജില്ലാ കലക്ടര്‍ കെ ജീവന്‍ബാബുവിന്റെ നേതൃത്വത്തില്‍ നടത്തി വരുന്നത്. അഞ്ച് ഷട്ടറുകള്‍ 40 സെന്റീമീറ്റര്‍ ഉയര്‍ത്തുമ്പോള്‍ ഉയരുന്ന ജലത്തിന്റെ വാട്ടര്‍ ലെവലും കെഎസ്ഇബി ഉദ്യോഗസ്ഥര്‍ രേഖപ്പെടുത്തുന്നുണ്ട്. ഡാമിന്റെ കണ്‍ട്രോള്‍ റൂം ഡാം സൈറ്റിലേക്ക് മാറ്റി കെഎസ്ഇബി എന്‍ജിനിയര്‍മാര്‍ ജലനിരപ്പ് സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.

കൂടാതെ അണക്കെട്ടിന്റെ ഷട്ടർ തുറക്കുന്ന സാഹചര്യമുണ്ടായാൽ ഈ മേഖലയിൽ വിനോദ സഞ്ചാരികളെ പ്രവേശിപ്പിക്കുന്നത് തടയാൻ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും നിർദ്ദേശം നൽകിയിട്ടുണ്ട്. കാഴ്ച കാണാനും പകർത്താനും എത്തുന്നവരെയും നിയന്ത്രിക്കാനാണ് ഇടുക്കി ജില്ലാ ദുരന്തനിവാരണ അതോറിറ്റിക്ക് നൽകിയിരിക്കുന്ന നിർദ്ദേശം.

ജനങ്ങളിൽ ആശങ്കയോ പരിഭ്രാന്തിയോ സൃഷ്ടിക്കാതിരിക്കാൻ ശ്രദ്ധിച്ചാണ് സർക്കാറിന്റെ കനത്ത ജാഗ്രതാ നിർദ്ദേശമുള്ളത്. കൃത്യമായ നിരീക്ഷണങ്ങൾ ഏർപ്പെടുത്തിയാണ് വിവിധ വകുപ്പുകളുടെ ഏകോപനം വഴി മുൻ കരുതലെടുത്തിരിക്കുന്നത്. താഴ്ന്ന പ്രദേശങ്ങളിലെ വിവിധ സ്ഥലങ്ങളിലും, പാലങ്ങളിലും ആളുകള്‍ കൂട്ടം കൂടി നില്‍കുന്ന സ്ഥിതി ഉണ്ടാകാതിരിക്കുവാന്‍ ശ്രദ്ധിക്കണം. ആവശ്യമായ സഹായം പോലീസില്‍ നിന്നും ലഭ്യമാക്കി, നദി തീരത്തും, നദിക്ക് കുറുകെയുള്ള പാലങ്ങളിലും ജനക്കൂട്ട നിയന്ത്രണം ഉറപ്പ് വരുത്തണം. നദിയുടെ ഇരു കരകളിലും, 100 മീറ്ററിൽ ആരും നില്‍ക്കുന്നില്ല എന്ന് ഉറപ്പാക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. മുന്നറിയിപ്പ് കണക്കിലെടുത്ത് കാഴ്ച കാണാനും കാഴ്ചകൾ പകർത്താനുമുള്ള യാത്ര ഒഴിവാക്കണമെന്നും നിർദ്ദേശമുണ്ട്.

ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് വിവിധ സേനാ വിഭാഗങ്ങളെ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി സജ്ജമാക്കിയിട്ടുണ്ട്. എറണാകുളത്ത് ആലുവ യൂത്ത് ഹോസ്റ്റലിൽ ദേശീയ ദുരന്ത നിവാരണ സേനയുടെ ഒരു സംഘം നിലയുറപ്പിച്ചിട്ടുണ്ട്. തൃശ്ശൂരിലും ഒരു സംഘം സജ്ജമാണ്. ഒരു സംഘം ഇടുക്കിയിലും എത്തും. കരസേന, നാവികസേന, വായുസേന, കോസ്റ്റ് ഗാർഡ് എന്നിവ ജാഗരൂകരായി ഇരിക്കുവാനുള്ള സന്ദേശം നൽകിക്കഴിഞ്ഞു. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദ്ദേശ പ്രകാരം വായുസേനയുടെ രണ്ട് ഹെലികോപ്ടറുകൾ സദാ സജ്ജമാക്കി വെച്ചിരിക്കുന്നു. നാവികസേനയും കരസേനയുടെയും പട്ടാളക്കാരും വിന്യസിക്കാൻ തയ്യാറായി നിൽക്കുന്നു. എറണാകുളത്തിന്റെ താഴ്‌ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയാൽ വിന്യസിക്കാൻ സജ്ജമായ ചെറു ബോട്ടുകളുമായി കോസ്റ്റ് ഗാർഡ് സംഘവും തയ്യാറാണ്. ജനങ്ങൾ പരിഭ്രാന്തരാകേണ്ട സാഹചര്യം ഇല്ലെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കണമെന്നും സർക്കാർ ജനങ്ങളോടഭ്യർഥിച്ചു.

ഇടുക്കിയില്‍ അണക്കെട്ട് തുറക്കുമ്പോള്‍ പെരിയാർ കരകവിയാനുള്ള സാധ്യത മുന്‍ നിര്‍ത്തിയുള്ള ക്രമീകരണങ്ങള്‍ ഒരുക്കുമെന്ന് എറണാകുളം ജില്ലാ ഭരണകൂടവും അറിയിച്ചു. പെരിയാറിന്റെ തീരത്ത് ഏറ്റവും ജനവാസമുള്ള ആലുവ താലൂക്കിന്റെ പരിധിയിലാണ് വെള്ളപ്പൊക്ക ഭീഷണി കൂടുതലുള്ളത്.

ദുരന്താ നിവാരണ സേനയുടെ ഒരു യൂണിറ്റ് ആലുവയില്‍ ക്യാമ്പ് ചെയ്യും. ചെറുതോണി ‍ഡാം തുറക്കുമ്പോള്‍ വെള്ളം ചെറുതോണി പുഴയിലുടെ പെരിയാറിൽ ചേർന്ന് തട്ടേക്കണ്ണി പിന്നിട്ട് നേര്യമംഗലം, ഇഞ്ചത്തൊട്ടി, തട്ടേക്കാട്, ഭൂതത്താൻകെട്ട്, പാണംകുഴി, മലയാറ്റൂർ, കോടനാട്, കാലടി, ചേലാമറ്റം വഴി ആലുവയിലേക്കാണ് എത്തേണ്ടത്. ആലുവ, ചെങ്ങമനാട് പഞ്ചായത്തിലെ തുരുത്ത്, കീഴ്മാട് പഞ്ചായത്തിലെ തോട്ടുമുഖം, മുളവുകാട് പഞ്ചായത്ത്, പനമ്പുകാട്, വല്ലാർപാടം, മുളവുകാട്, പൊന്നാരിമംഗലം എന്നിവിടങ്ങളിലും വെള്ളമെത്തും. പെരിയാറിലെ ഭൂതത്താൻകെട്ടു ഡാമിന്റെ 13 ഷട്ടറുകൾ നിലവില്‍ തുറന്നിട്ടിരിക്കുകയാണ്.

ഫലത്തില്‍ കൊച്ചി കോര്‍പറേഷന്‍, ആലുവ കളമശ്ശേരി, പറവൂര്‍, തൃപ്പൂണിത്തുറ നഗരസഭകള്‍ ആയ്യമ്പുഴ മുതല്‍ വടക്കേക്കര വരെ 24 പഞ്ചായത്തുകള്‍ എന്നിവിടങ്ങളിലെ വിവിധ പ്രദേശങ്ങള്‍ വെള്ളപ്പൊക്ക ഭീഷണിയിലാണ്. ദുരിതാശ്വാസ ക്യാമ്പുകള്‍ തുറക്കാനായി കെട്ടിടങ്ങള്‍ ഈ മേഖലകളില്‍ കണ്ടെത്തിയിട്ടുണ്ട്. അന്തിമ മുന്നറിയിപ്പ് ലഭിക്കുന്നതോടെ പെരിയാറിന്റെ ഇരുകരകളിലെയും താഴ്ന്ന പ്രദേശങ്ങളിൽ ജനങ്ങളോട് മാറാനാവശ്യപ്പെടും.

ഇടമലയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 165 മീറ്റര്‍ കടന്നു. ഈ അണക്കെട്ടും തുറക്കേണ്ടി വന്നാല്‍ പ്രതിസന്ധിയാകും. ജലനിരപ്പ് ഉയരുന്നത് 169 പിന്നിട്ടാല്‍ ഡാം തുറക്കുന്ന സാധ്യത പരിശോധിക്കും. നിലിവ്‍ 50 സെന്റീമീറ്റര്‍ അനുപാതത്തിലാണ് ഇടമലയാര്‍ ഡാമിലെ ജലനിരപ്പ് ഉയരുന്നത്.