LiveTV

Live

Kerala

കരിപ്പൂരിനെതിരെ എയര്‍പോര്‍ട്ട് അതോറിറ്റിയിലെ ഉന്നതന്‍ നീക്കം നടത്തിയതായി പരാതി

എയര്‍പോര്‍ട്ട് അതോറിറ്റി എക്സിക്യുട്ടീവ് ഡയറക്ടര്‍ ജെ പി അലക്സിന് എതിരെ മലബാര്‍ ഡവലപ്മെന്‍റ് ഫോറം സിബിഐ, സെന്‍ട്രല്‍ വിജിലന്‍സ്, എയര്‍പോര്‍ട്ട് വിജിലന്‍സ് എന്നിവയ്ക്ക് പരാതി നല്‍കിയിരുന്നു

 കരിപ്പൂരിനെതിരെ എയര്‍പോര്‍ട്ട് അതോറിറ്റിയിലെ ഉന്നതന്‍ നീക്കം നടത്തിയതായി പരാതി

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ ഇറങ്ങുന്നത് തടയാനായി എയര്‍പോര്‍ട്ട് അതോറിറ്റിയിലെ ഉന്നതന്‍ ആസൂത്രിതമായ നീക്കങ്ങള്‍ നടത്തിയതായി പരാതികള്‍ ശക്തം. എയര്‍പോര്‍ട്ട് അതോറിറ്റി എക്സിക്യുട്ടീവ് ഡയറക്ടര്‍ ജെ പി അലക്സിന് എതിരെ മലബാര്‍ ഡവലപ്മെന്‍റ് ഫോറം സിബിഐ, സെന്‍ട്രല്‍ വിജിലന്‍സ്, എയര്‍പോര്‍ട്ട് വിജിലന്‍സ് എന്നിവയ്ക്ക് പരാതി നല്‍കിയിരുന്നു. സ്വകാര്യ വിമാനത്താവളത്തിനായി കോടികളുടെ നഷ്ടം ഈ ഉന്നത ഉദ്യോഗസ്ഥന്‍ കേന്ദ്ര സര്‍ക്കാരിന് വരുത്തിയതായാണ് പരാതികളുടെ കാതല്‍.

മലബാര്‍ ഡെവലപ്മെന്‍റ് ഫോറം രാജ്യത്തെ വിവിധ അന്വേഷണ ഏജന്‍സികള്‍ക്ക് നല്‍കിയ പരാതികളില്‍ ഏറ്റവും പ്രധാനപ്പെട്ടതായി ചൂണ്ടിക്കാണിക്കുന്നത് എയര്‍പോര്‍ട്ട് അതോറിറ്റി എക്സിക്യുട്ടീവ് ഡയറക്ടര്‍ ജെ പി അലക്സിന്‍റെ ഇടപെടലുകളാണ്. റണ്‍വേ ശക്തിപ്പെടുത്തുന്നതിനായി താല്‍ക്കാലികമായി വലിയ വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം തുടരുന്നതിനായി നീക്കം നടത്തിയത് അലക്സാണെന്നാണ് പരാതി. ഇത് കണ്ണൂരിലെയും കൊച്ചിയിലെയും സ്വകാര്യ വിമാനത്താവളങ്ങള്‍ക്കായാണെന്ന് പരാതികളില്‍ പറയുന്നു. വലിയ വിമാനങ്ങളുടെ സര്‍വീസിന് അനുകൂലമായ റിപ്പോര്‍ട്ട് ഡിജിസിഎയ്ക്ക് കൈമാറാതെ തടഞ്ഞുവെയ്ക്കുന്ന സാഹചര്യം ഉണ്ടായതായും എംഡിഎഫ് ആരോപിക്കുന്നു.

എംഡിഎഫിന്‍റെ പരാതിയില്‍ എയര്‍പോര്‍ട്ട് അതോറിറ്റി വിജലന്‍സ് പ്രാഥമിക അന്വേഷണം തുടങ്ങിയതായാണ് വിവരം. സിബിഐ പരാതിക്കാരോട് കൊച്ചിയിലെ ഓഫീസില്‍ നേരിട്ടെത്തി വിവരങ്ങള്‍ കൈമാറാനും നിര്‍ദേശിച്ചു.