LiveTV

Live

Kerala

അധ്യാപക നിയമനം; എം.ജി സര്‍വ്വകലാശാലയില്‍ വ്യാപക ക്രമക്കേട് നടക്കുന്നതായി ആരോപണം

അസോസിയേറ്റ്, അസിസ്റ്റന്റ് പ്രൊഫസര്‍മാരുടെ നിയമനങ്ങളില്‍ സംവരണം പോലും അട്ടിമറിച്ചതായാണ് പരാതി

 അധ്യാപക നിയമനം;  എം.ജി സര്‍വ്വകലാശാലയില്‍ വ്യാപക ക്രമക്കേട് നടക്കുന്നതായി ആരോപണം

എംജി സര്‍വ്വകലാശാലയിലെ അധ്യാപക നിയമനത്തില്‍ വ്യാപക ക്രമക്കേട് നടക്കുന്നതായി ആരോപണം. അസോസിയേറ്റ്, അസിസ്റ്റന്റ് പ്രൊഫസര്‍മാരുടെ നിയമനങ്ങളില്‍ സംവരണം പോലും അട്ടിമറിച്ചതായാണ് പരാതി. വിസിയുടെ കാലവധി കഴിയുന്നതിന് മുന്‍പ് യോഗ്യതയില്ലാത്തവരെ മാനദണ്ഡങ്ങള്‍ പാലിക്കാതെ നിയമിക്കുന്നതായാണ് ആരോപണം.

അസോസിയേറ്റ് പ്രൊഫസര്‍മാരുടേയും അസിസ്റ്റന്റ് പ്രൊഫസര്‍മാരുടേയും നിയമന നടപടികളാണ് വിവാദത്തിലായിരിക്കുന്നത്. യുജിസി നിഷ്കര്‍ഷിക്കുന്ന സംവരണ മാനദണ്ഡങ്ങള്‍ അപ്പാടെ അട്ടിമറിച്ചാണ് നിയമനങ്ങള്‍ നടക്കുന്നതെന്നാണ് ഉയരുന്ന ആരോപണം. ആഗസ്ത് 28ന് കാലവധി പൂര്‍ത്തിയാക്കുന്ന വിസി തിരക്കിട്ട് നടത്തുന്ന നിയമനങ്ങള്‍ അതുകൊണ്ട് തന്നെ യോഗ്യതയില്ലാത്തവരെ കുത്തിനിറയ്ക്കുന്നതിന് വേണ്ടിയാണെന്നാണ് പരാതി.

സംവരണം സംബന്ധിച്ച കേസുകള്‍ സുപ്രീംകോടതിയുടെ പരിഗണനയില്‍ ഇരിക്കുന്നതിനാല്‍ നിയമനങ്ങള്‍ നീട്ടിവെക്കാന്‍ യുജിസി എല്ലാ സര്‍വ്വകലാശാലകള്‍ക്കും നിര്‍ദ്ദേശം നല്കിയിട്ടുണ്ട്. എന്നാല്‍ ഇതും അവഗണിച്ചാണ് എം.ജി സര്‍വ്വകലാശാല നിയമനങ്ങള്‍ നടത്തുന്നതെന്നാണ് ആരോപണം. ക്രമക്കേട് സംബന്ധിച്ച് ചാന്‍സലര്‍ക്ക് അടക്കം പലരും പരാതി നല്കിയിട്ടുണ്ട്. ഹൈക്കോടതിയിലും ഇത് സംബന്ധിച്ച കേസ് നിലനില്‍ക്കുന്നുണ്ട്. അതേസമയം നിമയസഭ സബ്കമ്മിറ്റി നല്കിയ റോസ്റ്റര്‍ പ്രകാരമാണ് നിയമനങ്ങള്‍ നടത്തിയതെന്നും സുപ്രിം കോടതി വിധി വരുന്നത് വരെ എല്ലാ നിയമനങ്ങളും റദ്ദാക്കിയിട്ടുണ്ടെന്നും വിസി അറിയിച്ചു.