LiveTV

Live

Kerala

ജലനിരപ്പ് ഉയരുന്നു; ഇടുക്കി ഡാം തുറന്നേക്കും: ജാഗ്രതാനിര്‍ദേശം

രാത്രിസമയത്ത് ഡാം തുറക്കില്ല. നിലവില്‍ ഡാമിലെ ജലനിരപ്പ് 2393 അടിയിലെത്തി. ഡാമിന്റെ ഷട്ടറുകള്‍ തുറക്കേണ്ട സാഹചര്യമുണ്ടായാല്‍ സ്വീകരിക്കേണ്ട മുന്‍കരുതലിനായി വിവിധ വകുപ്പുകള്‍ പരിശോധന ആരംഭിച്ചു.

ജലനിരപ്പ് ഉയരുന്നു; ഇടുക്കി ഡാം തുറന്നേക്കും: ജാഗ്രതാനിര്‍ദേശം

ഇടുക്കി ഡാമിന്റെ ജലനിരപ്പ് 2400അടിയില്‍ എത്തും മുമ്പെ ഡാം തുറന്നേക്കുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി എംഎം മണി. ഇത് സംബന്ധിച്ച മുന്നൊരുക്കങ്ങള്‍ക്ക് റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറി പിഎച്ച് കുര്യന്‍ നേതൃത്വം നല്‍കി വരികയാണെന്നും മന്ത്രി വ്യക്തമാക്കി. ഡാം തുറന്നാല്‍ ജലം ഒഴുകുന്ന പെരിയാറിന്റെ ഇരുകരകളിലും വിവിധ വകുപ്പുകള്‍ പരിശോധന തുടരുകയാണ്.

ഇടുക്കി ഡാമില്‍ ഇന്ന് രേഖപ്പെടുത്തിയ ജലനിരപ്പ് 2393.5 അടിയാണ്. ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിലാണ് ഇടുക്കി ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ കെഎസ്ഇബി, റവന്യൂ, ജലസേചനം എന്നീ വകുപ്പുകളുടെ അടിയന്തര യോഗം ചേര്‍ന്ന് മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നത്. വെള്ളം ഒഴുകി പോകുന്ന വെള്ളക്കയം, തടിയമ്പാട്, കരിമ്പന്‍, കീരിത്തോട്, പാമ്പള തുടങ്ങിയ സ്ഥലങ്ങളിലാണ് പരിശോധന. 40 കിലോമീറ്ററിലധികം റോഡ് മാര്‍ഗം സഞ്ചരിച്ചാണ് സംഘം പരിശോധന നടത്തുന്നത്.

1981ലും, 1992ലുമാണ് ഇടുക്കി ഡാം തുറന്നത്. 2403 അടിയാണ് ഇടുക്കി ഡാമി‍ന്റെ പൂര്‍ണ ജലസംഭരണി. മൂലമറ്റം പവര്‍ ഹൌസിലെ വൈദ്യുതി ഉല്‍പാദനം ഇരട്ടിയായി വര്‍ധിപ്പിച്ചെങ്കിലും ഡാമിലേക്കുള്ള നീരൊഴുക്കിന്റെ അളവ് കഴിഞ്ഞ ദിവസങ്ങളിലേതുപോലെ തുടരുകയാണ്.

പെരിയാറിന്റെ 100 മീറ്റര്‍ അകലത്തില്‍ ഇരുകരകളിലുമായി കൃഷിയിടങ്ങള്‍, കെട്ടിടങ്ങള്‍, ആള്‍ത്താമസം എന്നിവ ഉണ്ടോയെന്നാണ് പരിശോധിക്കുന്നത്. ഏതെങ്കിലും തരത്തിലുള്ള അപായം ഒഴിവാക്കുന്നതിനാണ് സര്‍ക്കാര്‍ നടപടി. അതിനാല്‍ ജലനിരപ്പ് 2400 അടിയിലെത്തുംമുമ്പെ ഡാം തുറന്നേക്കുമെന്നാണ് മന്ത്രി എംഎം മണിയുടെ വിശദീകരണം.

പെരിയാറിന്റെ ഇരുകരകളിലെയും തീരപ്രദേശത്തെ ആകാശ ചിത്രങ്ങള്‍ റവന്യൂ വകുപ്പ് ശേഖരിച്ച ശേഷമാണ് പരിശോധന തുടരുന്നത്. സര്‍വേ പൂര്‍ത്തിയായ ശേഷം റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കും. 42 വര്‍ഷം പഴക്കമുള്ള ഇടുക്കി ഡാം രണ്ട് തവണ മാത്രമാണ് തുറന്നിട്ടുള്ളത്.