LiveTV

Live

Kerala

ബന്ദിപ്പൂര്‍ രാത്രിയാത്രാ നിരോധനം; ബദല്‍ നിര്‍ദ്ദേശം സമര്‍പ്പിക്കുമെന്ന് ശശീന്ദ്രന്‍

കെ.എസ്.ആര്‍.ടി.സിക്കും കര്‍ണാടക ആര്‍.ടി.സിക്കും രാത്രി സര്‍വീസ് നടത്താന്‍ കഴിയുന്ന തരത്തിലാകും കേരളത്തിന്റെ ബദല്‍ നിര്‍ദ്ദേശമെന്നും മന്ത്രി പറഞ്ഞു

ബന്ദിപ്പൂര്‍ രാത്രിയാത്രാ നിരോധനം; ബദല്‍ നിര്‍ദ്ദേശം സമര്‍പ്പിക്കുമെന്ന് ശശീന്ദ്രന്‍

ബന്ദിപ്പൂര്‍ വനത്തിലൂടെയുള്ള രാത്രിയാത്ര നിരോധനകാര്യത്തില്‍ സുപ്രിം കോടതിയില്‍‍ ബദല്‍ നിര്‍ദേശം സമര്‍പ്പിക്കാന്‍ കേരളത്തിന്റെ നീക്കം. രാത്രികാലയാത്ര നിരോധനം പൂര്‍ണമായി പിന്‍വലിക്കണമെന്ന ആവശ്യത്തില്‍ നിന്നും കേരളം പിന്‍മാറും. കേരള,കര്‍ണാടക സര്‍ക്കാരുകളുടെ പൊതുഗതാഗത സര്‍വീസുകള്‍ മാത്രം രാത്രികാലങ്ങളില്‍ കടത്തിവിടുന്ന രീതിയിലുള്ള ബദല്‍ നിര്‍ദേശം മുന്നോട്ട് വയ്ക്കാനാണ് കേരളത്തിന്റെ ആലോചന.

ബന്ദിപ്പൂര്‍ വനത്തിലൂടെയുള്ള രാത്രിയാത്ര നിരോധിച്ച കര്‍ണാടക ഹൈക്കോടതി വിധിക്കെതിരെ കേരളം സുപ്രിം കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് വിദഗ്ധ സമിതിയെ നിയോഗിച്ചിരുന്നു. ഈ സമിതിക്ക് മുന്നില്‍ ബദല്‍ നിര്‍ദേശം സമര്‍പ്പിക്കാനാണ് കേരളം ഒരുങ്ങുന്നത്. ഇത് പ്രകാരം നിരോധനം സമ്പൂര്‍ണമായി പിന്‍വലിക്കണമെന്ന ആവശ്യം ഇനി കേരളം മുന്നോട്ട് വെയ്ക്കില്ല. പകരം നിയന്ത്രിതമായ തോതില്‍ രാത്രികാലങ്ങളിലും വാഹനങ്ങള്‍ കടത്തി വിടുന്ന രീതിയിലുള്ള ഫോര്‍മുലയാണ് കേരളം അവതരിപ്പിക്കുക

നിലവില്‍ രണ്ട് സര്‍വീസുകള്‍ രാത്രികാലത്ത് അനുവദിച്ചിട്ടുണ്ട്. ഇത് കൂടി കണക്കിലെടുത്താണ് ബദല്‍ നിര്‍ദ്ദേശം. രാത്രികാലയാത്ര നിരോധനത്തിന് എതിരായ ദേശീയ കടുവ സംരക്ഷണ അതോറിറ്റിയുടെ നിലപാടും പുതിയ നീക്കത്തിന് കേരളത്തെ പ്രേരിപ്പിക്കുന്നു. നിരോധനം തുടരണമെന്ന അതോറിറ്റിയുടെ റിപ്പോര്‍ട്ട് കര്‍ണാടക സര്‍ക്കാര്‍ സത്യവാങ്മൂലത്തിന് ഒപ്പം സുപ്രിം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.