LiveTV

Live

Kerala

ബാണസുര ഡാമില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ ഒറ്റപ്പെട്ട് രണ്ട് കുടുംബങ്ങള്‍

വയനാട് തരിയോട് പഞ്ചായത്തിലെ കൊടുംഞ്ചോലയിലെ രണ്ട് കുടുംബങ്ങളാണ് കഴിഞ്ഞ രണ്ടാഴ്ചയായി പുറംലോകത്തോട് ബന്ധപ്പെടാനാവാതെ ഒറ്റപ്പെട്ട അവസ്ഥയില്‍ ജീവിക്കുന്നത്

ബാണസുര ഡാമില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ ഒറ്റപ്പെട്ട് രണ്ട് കുടുംബങ്ങള്‍

വയനാട് ബാണസുര ഡാമില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഒറ്റപ്പെട്ട് രണ്ട് കുടുംബങ്ങള്‍. പടിഞ്ഞാറേത്തറ തരിയോട് പഞ്ചായത്തിലെ രണ്ട് കുടുംബങ്ങളാണ് കഴിഞ്ഞ രണ്ടാഴ്ചയായി ഒറ്റപ്പെട്ട അവസ്ഥയില്‍ ജീവിക്കുന്നത്.

വയനാട് തരിയോട് പഞ്ചായത്തിലെ കൊടുംഞ്ചോലയിലെ രണ്ട് കുടുംബങ്ങളാണ് കഴിഞ്ഞ രണ്ടാഴ്ചയായി പുറംലോകത്തോട് ബന്ധപ്പെടാനാവാതെ ഒറ്റപ്പെട്ട അവസ്ഥയില്‍ ജീവിക്കുന്നത്. തുടര്‍ച്ചയായി പെയ്ത മഴയില്‍ ബാണസുര ഡാമില്‍ ജലനിരപ്പ് ഉയര്‍ന്നതോടെയാണ് ഇവരുടെ ജീവിതം ദുരിതത്തിലായത്. ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതിനെ തുടര്‍ന്ന് ഇവരുടെ വീടുകളിലേക്ക് പ്രവേശിക്കുന്ന വഴികളെല്ലാം വെള്ളത്തിനടിയിലായിരിക്കുകയാണ്.

95 വയസ്സുള്ള കേളുവും 85 വയസ്സുള്ള മാധവിയമ്മയും ഉള്‍പ്പെടുന്ന രണ്ട് കുടുംബങ്ങളാണ് ഒറ്റപ്പെട്ട് പോയത്. വാര്‍ദ്ധക്യസഹജമായ രോഗങ്ങളാല്‍ ബുദ്ധിമുട്ടുന്ന ഇവര്‍ക്ക് അത്യാവശ്യഘട്ടത്തില്‍ ആശുപത്രിയില്‍ എത്താല്‍ പോലും സാധിക്കാത്ത അവസ്ഥയാണ് നിലനില്‍ക്കുന്നത്.

കഴിഞ്ഞ രണ്ടാഴ്ചയായി ഒറ്റപ്പെട്ട് ജീവിക്കുമ്പോഴും ബന്ധപ്പെട്ട ആധികാരികളാരും തന്നെ പ്രദേശത്തേക്ക് തിരിഞ്ഞ് നോക്കിയിട്ടില്ലെന്നും ഇവര്‍ ആരോപിക്കുന്നു. കഴിഞ്ഞ 10 വര്‍ഷമായി ഡാമിലെ ജലനിരപ്പ് ഉയര്‍ന്നാല്‍ ഇവരുടെ ജീവിതം ദുരിതത്തിലാവും. കഴിഞ്ഞ ദിവസം ഇവരെ സന്ദര്‍ശിക്കാനെത്തിയ ബന്ധുക്കള്‍ വെള്ളത്തില്‍ മുങ്ങിപ്പോയ സാഹചര്യവുമുണ്ടായി. ഭാഗ്യംകൊണ്ട് മാത്രമാണ് വലിയ അപകടമുണ്ടാവാതെ ഇവര്‍ രക്ഷപ്പെട്ടത്. തങ്ങളുടെ ദുരിതം തിരിച്ചറിഞ്ഞ് അധികാരികള്‍ എത്രയും പെട്ടെന്ന് അനുകൂല നടപടി സ്വീകരിക്കണമെന്നതാണ് ഇവരുടെ ആവശ്യം.