LiveTV

Live

Kerala

അഭിമന്യു വധം: കാമ്പസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി മുഹമ്മദ് റിഫ പിടിയില്‍ 

എസ്.എഫ്.ഐ നേതാവ് അഭിമന്യുവിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് മുഖ്യ പ്രതികളില്‍ ഒരാള്‍ കൂടി പിടിയില്‍. കൊലപാതക ഗൂഢാലോചനയില്‍ റിഫക്ക് നിര്‍ണായക പങ്കുണ്ടെന്ന് നേരത്തെ പൊലീസ് വ്യക്തമാക്കിയിരുന്നു

അഭിമന്യു വധം: കാമ്പസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി മുഹമ്മദ് റിഫ പിടിയില്‍ 

മഹാരാജാസ് കോളജിലെ എസ്.എഫ്.ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകത്തില്‍ മറ്റൊരു മുഖ്യപ്രതിയെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തു. കാമ്പസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി മുഹമ്മദ് റിഫയെയാണ് കസ്റ്റഡിയിലെടുത്തത്. ഇയാള്‍ക്ക് അഭിമന്യുവിന്റെ കൊലപാതകത്തില്‍ നിർണായക പങ്കുണ്ടെന്ന് പൊലീസ് പറഞ്ഞു. കോടതിയില്‍ കീഴടങ്ങിയ ഇരുപത്തിമൂന്നാം പ്രതി ഫസലുദ്ദീനെ റിമാന്‍ഡ് ചെയ്തു.

കണ്ണൂർ തലശ്ശേരി സ്വദേശിയായ മുഹമ്മദ് റിഫയെ ബാംഗ്ലൂരില്‍ വെച്ച് കസ്റ്റഡിയിലെടുത്തെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ഇയാളെ എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്യും.

എറണാകുളം പൂത്തേോട്ടയില്‍ നിയമ വിദ്യർഥിയായ മുഹമ്മദ് റിഫ അഭിമന്യുവിന്റെ കൊലപാതകത്തില്‍ നേരിട്ട് ബന്ധമുള്ളയാളും ആസൂത്രകനുമാണെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. വിശദമായ ചോദ്യം ചെയ്യലുകള്‍ക്ക് ശേഷം മാത്രമേ ഇയാള്‍ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തിട്ടുണ്ടോയെന്ന് വ്യക്തമാകൂവെന്ന് പൊലീസ് പറഞ്ഞു.

മുഹമ്മദ് റിഫയെ ഒളിവില്‍ പോകാന്‍ സഹായിച്ച ഷാനവാസിനെ കഴിഞ്ഞ പതിനേഴാം തിയതിയാണ് കസ്റ്റഡിയില്‍ എടുത്തത്. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നാണ് മുഹമ്മദ് റിഫക്ക് കൊലപാതകത്തിലുള്ള പങ്ക് വ്യക്തമായത്. കേസിലെ മുഖ്യ പ്രതി ജെ ഐ മുഹമ്മദിനെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തതില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായെന്നും പൊലീസ് വ്യക്തമാക്കുന്നു.

അതേസമയം ഇന്നലെ കസ്റ്റഡിയിലെടുത്ത സനീഷിന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും. പള്ളുരുത്തി സ്വദേശിയായ ഇയാള്‍ക്ക് കൊലപാതകത്തില്‍ നേരിട്ട് പങ്കുണ്ടെന്നാണ് പൊലീസ് പറയുന്നത്.