LiveTV

Live

Kerala

ആരാണ് ഉദയകുമാര്‍ ? എന്താണ് ഉരുട്ടിക്കൊല കേസ് ? നാള്‍വഴികള്‍...

ശ്രീകണ്ഠേശ്വരം പാർക്കിൽ നിന്ന് അന്നത്തെ ഫോർട്ട് സി.ഐയായിരുന്ന ഇ.കെ സാബുവിന്‍റെ പ്രത്യേക സ്ക്വാഡിലുള്ള പൊലീസുകാരാണ് ഉദയകുമാറിനെ കസ്റ്റഡിയിലെടുത്തത്.

ആരാണ് ഉദയകുമാര്‍ ? എന്താണ് ഉരുട്ടിക്കൊല കേസ് ? നാള്‍വഴികള്‍...

മോഷണക്കുറ്റം ആരോപിച്ചാണ് 2005 സെപ്തംബർ 27ന് പകൽ രണ്ടി‌നാണ് ഉദയകുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ശ്രീകണ്ഠേശ്വരം പാർക്കിൽ നിന്ന് അന്നത്തെ ഫോർട്ട് സി.ഐയായിരുന്ന ഇ.കെ സാബുവിന്‍റെ പ്രത്യേക സ്ക്വാഡിലുള്ള പൊലീസുകാരാണ് ഉദയകുമാറിനെ കസ്റ്റഡിയിലെടുത്തത്.

ആക്രിക്കടയിൽ ജോലിക്കാരനായിരുന്ന ഉദയകുമാറിന് പൊലീസ് കസ്റ്റഡിയിൽ നേരിടേണ്ടിവന്നത് അതിഭീകരമായ മൂന്നാംമുറ. ഇരുമ്പുപൈപ്പുകൊണ്ട്. അടിച്ചും ഉരുട്ടിയുമാണ് കൊലപ്പെടുത്തിയതെന്ന് കുറ്റപത്രത്തിൽ പറയുന്നു. കേസുപോലും ചാർജ് ചെയ്യാതെയാണ് ഉദയകുമാറിനെ കസ്റ്റഡിയിലെടുത്ത് കൊലപ്പെടുത്തിയത്. ജിതകുമാർ, ശ്രീകുമാർ, സോമൻ എന്നീ പൊലീസുകാർ ചേർന്നാണ് ഉദയകുമാറിനുമേൽ മൂന്നാംമുറ പ്രയോഗിച്ചത്. ജിതകുമാറും ശ്രീകുമാറും ചേർന്ന് ജിഐ പൈപ്പുകൊണ്ട് തുടയിൽ മാരകമായി അടിച്ചു. രാത്രി എട്ടുമണിയോടെ ഉദയകുമാർ മരിച്ചു.

തുടർന്ന് എസ്.ഐ അജിത് കുമാറും സി.ഐ ഇ.കെ സാബുവുമായി ഗൂഢാലോചന നടത്തി കള്ളക്കേസ് ചാർജ് ചെയ്യുകയായിരുന്നു. കൈകൾ കെട്ടാൻ ഉപയോഗിച്ച തോർത്തും അടിച്ച ചൂരലും മാറ്റി. എ.സി.പി ടി.കെ ഹരിദാസും ഗൂഢാലോചനയിൽ പങ്കാളിയായി. ഇതിനുശേഷം എ.എസ്.ഐ രവീന്ദ്രൻനായരും ഹെഡ്കോൺസ്റ്റബിൾ ഹീരാലാലും മോഷണക്കുറ്റത്തിന് വ്യാജ എഫ്.ഐ.ആർ ഉണ്ടാക്കി. പ്രതികൾ തയ്യാറാക്കിയ കരട് എഫ്.ഐ.ആർ രവീന്ദ്രനായർക്കും ഹീരാലാലിനും കൈമാറുകയായിരുന്നു. കള്ളക്കേസ് ചാർജ് ചെയ്ത് ശേഷം ഡ്രാഫ്റ്റ് നശിപ്പിച്ചു. അസി. റൈറ്റർ മധുസൂദനനെ ഭീഷണിപ്പെടുത്തി അറസ്റ്റ് കാർഡും തയ്യാറാക്കി.

തുടർന്ന് രണ്ട് കള്ളസാക്ഷികളെ സൃഷ്ടിച്ച് സംഭവദിവസം വൈകിട്ട് നാലിന് അറസ്റ്റ് ചെയ്തതായി വ്യാജ മഹസറുണ്ടാക്കി. മാപ്പുസാക്ഷികളായ ഹെഡ്കോൺസ്റ്റബിൾമാരായ തങ്കമണി, എൻ രാമചന്ദ്രൻ, ഷീജാകുമാരി, സജിത എന്നിവരെ പ്രതികൾ ഭീഷണിപ്പെടുത്തി. ഉദയകുമാറിനെ രാത്രി എട്ടിന് സ്റ്റേഷനിൽ എത്തിച്ചു എന്ന് വ്യാജ രേഖയുണ്ടാക്കി. ആശുപത്രിയിലെത്തിക്കുമ്പോൾ പറഞ്ഞത് വഴിയരികിൽ പരിക്കേറ്റ് കിടക്കുന്നതുകണ്ടു‌ എന്നാണ്. പിന്നീട് പോസ്റ്റ് മോർട്ടത്തിലാണ് മർദനത്തിന്‍റെ ഭീകരത പുറത്തുവന്നത്. കാലിലെയും നെഞ്ചിലെയും അസ്ഥികൾ നിരവധി കഷണങ്ങളായി നുറുങ്ങിയിരുന്നു. ജനകീയ പ്രതിഷേധത്തെ തുടർന്നാണ് ആർ.ഡി.ഒയുടെ സാന്നിധ്യത്തിൽ പോസ്റ്റ്മോർട്ടം നടത്താൻ തയ്യാറായത്‌.

നാള്‍വഴികള്‍

 • 2005 സെപ്തംബർ 27‌

ഫോർട്ട് പൊലീസ് കസ്റ്റഡിയിലെടുത്ത ഉദയകുമാർ ലോക്കപ്പിൽ കൊല്ലപ്പെടുന്നു

 • 2005 സെപ്തംബർ 30

ഉരുട്ടിക്കൊലയെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

 • 2005 ഒക്ടോബർ 3

പ്രതികളായ രണ്ട് പൊലീസുകാർ നെയ്യാറ്റിൻകര സ്വദേശി ശ്രീകുമാറും വഴുതക്കാട് സ്വദേശി ജിതകുമാറും കീഴടങ്ങി

 • 2005 ഒക്ടോബർ 5

ഉരുട്ടിക്കൊലക്കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന്

 • 2005 ഒക്ടോബർ 10

പേട്ട സർക്കിൾ ഇൻസ്‌പെക്ടർ ഉൾപ്പെടെ മൂന്നുപേർക്ക് സസ്‌പെൻഷൻ

 • 2006 ഫെബ്രുവരി 13

ക്രൈംബ്രാഞ്ച് ഡി.വൈ.എസ‌്.പി 300 പേജുള്ള കുറ്റപത്രം നൽകി

 • 2007 ജൂലൈ 2

പ്രധാന സാക്ഷി സുരേഷ് കുമാർ അറസ്റ്റിൽ

 • 2007 ഒക്ടോബർ 17

സി.ബി.ഐ പ്രാഥമിക അന്വേഷണം തുടങ്ങി

 • 2009 ഒക്ടോബർ 20

തിരുവല്ലം പൊലീസ് സ്‌റ്റേഷനിലെ ഹെഡ് കോൺസ്റ്റബിൾ ഡി വിജയകുമാർ, കോൺസ്റ്റബിൾ അനിൽകുമാർ എന്നിവരെ സി.ബി.ഐ അറസ്റ്റ് ചെയ്തു

 • 2014 മെയ് 12

എസ്.പി ടി.കെ ഹരിദാസിനെ ഏഴാംപ്രതിയാക്കി സി.ബി.ഐയുടെ കുറ്റപത്രം

 • 2014 ജൂൺ 27

ഉരുട്ടിക്കൊലക്കേസിന്‍റെ വിചാരണ ഹൈക്കോടതി സ്‌റ്റേ ചെയ്തു

 • 2016 മാർച്ച് 31

വിചാരണ വേഗത്തിലാക്കാൻ കോടതി ഉത്തരവ്‌, ഉദയകുമാറിന്‍റെ അമ്മ പ്രഭാവതിക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഹൈക്കോടതി.

Also read: ഉദയകുമാര്‍ ഉരുട്ടിക്കൊല കേസ്; 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്

 • 2017 ജൂൺ 22

പ്രധാന സാക്ഷിയുടെ നിസ്സഹകരണത്തെതുടർന്ന് വിചാരണ മുടങ്ങി

 • 2017 ജൂൺ 23

മുൻ പൊലീസ് ഉദ്യോഗസ്ഥൻ കൂറുമാറി

 • 2017 ജൂൺ 29

മാപ്പുസാക്ഷി കൂറുമാറി

 • 2017 ആഗസ്ത് 16

തുടർ വിചാരണ

 • 2017 നവംബർ 17

മാപ്പുസാക്ഷി ഹീരാലാലിന്‍റെ രഹസ്യമൊഴി കാണാനില്ലെന്ന് സി.ബി.ഐ കോടതി കണ്ടെത്തി

Also read: ഉദയകുമാര്‍ ഉരുട്ടിക്കൊല കേസില്‍ അഞ്ച് പൊലീസുകാര്‍ കുറ്റക്കാര്‍

 • 2018 ജനുവരി 10

വിചാരണയ്ക്കിടെ സാക്ഷികളുടെ കൂറുമാറ്റം, അഞ്ച് സാക്ഷികളെ വിസ്തരിക്കുന്നതിൽനിന്ന് സി.ബി.ഐ പിന്മാറി

 • 2018 ഫെബ്രുവരി 20

മൂന്ന് മജിസ്‌ട്രേട്ടുമാരെ വിസ്തരിച്ചു

 • 2018 മാർച്ച് 22

വിചാരണയ്ക്ക് എത്താതിരുന്ന ഉദ്യോഗസ്ഥർക്ക് കോടതിയുടെ വിമർശം

 • 2018 ഏപ്രിൽ 25

സാക്ഷിവിസ്താരം പൂർത്തിയായി

 • 2018 മാർച്ച് 10

മൂന്നാം പ്രതിയായ പൊലീസുകാരൻ കിളിമാനൂർ സ്വദേശി സോമൻ (56) മരിച്ചു

 • 2018 ജൂലൈ 20

തിരുവനന്തപുരം സി.ബി.ഐ കോടതിയിൽ വാദം പൂർത്തിയായി

Also read: ഉരുട്ടിക്കൊല കേസില്‍ രണ്ട് പേര്‍ക്ക് വധശിക്ഷ

 • 2018 ജൂലൈ 24

അഞ്ച് പൊലീസുകാരും കുറ്റക്കാരെന്ന് കോടതി വിധി

രണ്ട് പൊലീസുകാർക്ക് വധശിക്ഷ. ഒന്നും രണ്ടും പ്രതികളായ മലയിൻകീഴ് കമലാലയത്തിൽ ഡി.സി.ആർ.ബി എ.എസ്.ഐ കെ. ജിതകുമാർ, നെയ്യാറ്റിൻകര സ്വദേശിയും നാർക്കോട്ടിക് സെല്ലിലെ സീനിയർ സിവിൽ പൊലീസ് ഓഫീസറുമായ എസ്.വി. ശ്രീകുമാർ എന്നിവർക്കാണ് വധശിക്ഷ വിധിച്ചത്. ഇവർ രണ്ട് ലക്ഷം രൂപ പിഴയും അടക്കണം.