LiveTV

Live

Kerala

ഉദയകുമാര്‍ ഉരുട്ടിക്കൊല കേസില്‍ അഞ്ച് പൊലീസുകാര്‍ കുറ്റക്കാര്‍

ജിതകുമാറിനും ശ്രീകുമാറിനുമെതിരെ കൊലക്കുറ്റം. നാലും അഞ്ചും ആറും പ്രതികള്‍ക്കെതിരെ ഗൂഢാലോചനാ കുറ്റം കോടതി ശരിവെച്ചു. നാലാം പ്രതി സോമന്‍ വിചാരണക്കിടെ മരിച്ചു. തിരുവനന്തപുരം സിബിഐ കോടതിയുടെതാണ് വിധി

ഉദയകുമാര്‍ ഉരുട്ടിക്കൊല കേസില്‍ അഞ്ച് പൊലീസുകാര്‍ കുറ്റക്കാര്‍

ഉദയകുമാര്‍ ഉരുട്ടിക്കൊല കേസിൽ പൊലീസുകാർ കുറ്റക്കാരാണെന്ന് സി.ബി.ഐ കോടതി. പൊലീസുകാരായ ജിതകുമാറിനും ശ്രീകുമാറിനുമെതിരെ കൊലക്കുറ്റമാണ് തെളിഞ്ഞത്. 4, 5, 6 പ്രതികൾക്കെതിരെ ഗൂഢാലോചന കുറ്റം ശരിവെച്ചു. ഇവർക്കുളള ശിക്ഷ പിന്നീട് പ്രഖ്യാപിക്കും.

തിരുവനന്തപുരം ഫോർട്ട് പൊലീസ് സ്റ്റേഷനിൽ ഉദയകുമാറിനെ ഉരുട്ടിക്കൊന്ന കേസിലാണ് സി.ബി.ഐ പ്രത്യേക കോടതിയുടെ സുപ്രധാന വിധി. കേസിൽ ഉൾപ്പെട്ട ആറ് പോലീസുകാരും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. ഒന്നും രണ്ടും പ്രതികളായ കെ. ജിതകുമാർ, എസ്.വി ശ്രീകുമാർ എന്നിവർക്കെതിരെ കൊലപാതകം, ക്രിമിനൽ ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ കുറ്റങ്ങളാണ് തെളിഞ്ഞത്. 4, 5, 6 പ്രതികളായ മുൻ എസ്.പി ഇ.കെ സാബു, ടി.കെ ഹരിദാസ്, ഡി.വൈ.എസ്.പി ടി.അജിത്ത് കുമാർ എന്നിവർക്കെതിരെ ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ കുറ്റങ്ങൾ ചുമത്തി. മൂന്നാം പ്രതി സോമൻ വിചാരണ വേളയിൽ മരണമടഞ്ഞിരുന്നു.

2005 സെപ്തംബർ 27നാണ് മോഷണക്കുറ്റം ആരോപിച്ച് കസ്റ്റഡിയിലെടുത്ത ഉദയകുമാർ പൊലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ടത്. ആദ്യം ലോക്കൽ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് പിന്നീട് സി.ബി.ഐക്ക് കൈമാറുകയായിരുന്നു. മൂന്ന് പൊലീസുകാർ പ്രതികളായിരുന്ന കേസ് ഉന്നത പൊലീസ് ഉദ്യാഗസ്ഥർ ഇടപെട്ട് അട്ടിമറിച്ചതായി സി.ബി.ഐ കണ്ടെത്തി.

2016 ഒക്ടോബറിൽ ആരംഭിച്ച വിചാരണക്കൊടുവിലാണ് കോടതി വിധി പ്രസ്താവിച്ചത്. പ്രതികൾക്കുളള ശിക്ഷ പിന്നീട് പ്രഖ്യാപിക്കും. വിധിക്കെതിരെ അപ്പീൽ പോകാനാണ് പ്രതിഭാഗത്തിൻറെ തീരുമാനം.