LiveTV

Live

Kerala

കേരളത്തിന്റെ സ്വന്തം സ്റ്റുഡന്റ് പോലീസ് കേഡറ്റ് സ്‌കീം ദേശീയതലത്തിലേയ്ക്ക്

ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി നിലവില്‍ വരും.

കേരളത്തിന്റെ സ്വന്തം സ്റ്റുഡന്റ് പോലീസ് കേഡറ്റ് സ്‌കീം ദേശീയതലത്തിലേയ്ക്ക്

കേരളത്തിന്റെ അഭിമാനമായ സ്റ്റുഡന്റ് പോലീസ് കേഡറ്റ് സ്‌കീം ദേശീയതലത്തിലേയ്ക്ക്. ഇന്ന് ഹരിയാനയിലെ ഗുര്‍ഗാവില്‍ നടക്കുന്ന ചടങ്ങില്‍ കേന്ദ്ര ആഭ്യന്തര വകുപ്പു മന്ത്രി രാജ്‌നാഥ് സിങ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തും. ഇതോടെ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി നിലവില്‍ വരും.

2006 ലാണ് കേരളത്തില്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിക്ക് പൈലറ്റ് അടിസ്ഥാനത്തില്‍ തുടക്കം കുറിച്ചത്. കുട്ടികളില്‍ അച്ചടക്കബോധവും വ്യക്തിത്വവികാസവും ഉറപ്പുവരുത്തുന്നതിനും ക്രിയാത്മക മനോഭാവവും ആരോഗ്യകരമായശീലങ്ങളും വളര്‍ത്തിയെടുക്കുന്നതിനും ലക്ഷ്യമിട്ടാണ് സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി ആരംഭിച്ചത്. കേരളത്തിലെ വിജയകരമായ നടത്തിപ്പിനെ തുടര്‍ന്ന് ഗുജറാത്ത്, ഹരിയാന, കര്‍ണ്ണാടക, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളിലും പദ്ധതി ആരംഭിച്ചിരുന്നു.

2016 ല്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് കേരളം സന്ദര്‍ശിച്ച വേളയില്‍ പദ്ധതിയെപ്പറ്റി കൂടുതല്‍ മനസ്സിലാക്കുകയും, തുടര്‍ന്ന് ദേശീയതലത്തില്‍ നടപ്പിലാക്കാന്‍ തീരുമാനിക്കുകയുമായിരുന്നു. പൊലീസ് മേധാവി സ്ഥാനത്തേക്ക് ഡിജിപി ലോക്‍നാഥ് ബഹ്റ എത്തിയ ശേഷം പദ്ധതിക്ക് കൂടുതല്‍ കരുത്ത് പകര്‍ന്നു. ദേശീതലത്തിലേക്ക് എസ്‍പിസി വളരുന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന് ഡിജിപി പറഞ്ഞു

കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക് പദ്ധതി വ്യാപിപ്പിക്കുന്നതിന് കേരള എസ്‍പിസിയുടെ സഹായം ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ദേശീയ പ്രഖ്യാപനവേളയ്ക്ക് സാക്ഷ്യം വഹിക്കാന്‍ കേരളത്തില്‍ നിന്ന് അദ്ധ്യാപകരും കുട്ടികളും ഉള്‍പ്പെടെയുള്ള 26 അംഗസംഘം ഗുര്‍ഗാവിലെത്തിയിട്ടുണ്ട്. ഇന്റലിജന്‍സ് എഡിജിപി റ്റി.കെ. വിനോദ് കുമാര്‍, ഈ പദ്ധതിക്ക് രൂപം നല്‍കുന്നതില്‍ മുഖ്യ പങ്ക് വഹിക്കുകയും തുടര്‍ന്ന് ചുമതല വഹിക്കുകയും ചെയ്യുന്ന ഐ ജി പി. വിജയന്‍ എന്നിവര്‍ കേരള സംഘത്തിന് നേതൃത്വം നല്‍കും.