LiveTV

Live

Kerala

ഇതരസംസ്ഥാന തൊഴിലാളികളെ ബന്ദികളാക്കിയത് മാവോയിസ്റ്റ് നേതാവ് വിക്രം ഗൌഡയുടെ നേതൃത്വത്തിലുള്ള സംഘമെന്ന് പൊലീസ്

സംഘത്തില്‍ സോമന്‍ ഉള്‍പ്പെടെ നാലുപേരുണ്ടെന്നും പൊലീസ് അറിയിച്ചു

ഇതരസംസ്ഥാന തൊഴിലാളികളെ ബന്ദികളാക്കിയത് മാവോയിസ്റ്റ് നേതാവ് വിക്രം ഗൌഡയുടെ നേതൃത്വത്തിലുള്ള സംഘമെന്ന് പൊലീസ്

വയനാട് മേപ്പാടി കള്ളാടിയില്‍ ഇതരസംസ്ഥാന തൊഴിലാളികളെ ബന്ദികളാക്കിയത് മാവോയിസ്റ്റ് നേതാവ് വിക്രം ഗൗഡയുടെ നേതൃത്വത്തിലുള്ള സംഘമെന്ന് പൊലീസ്. സംഘത്തില്‍ നാല് പേരുണ്ടെന്നും പൊലീസ് അറിയിച്ചു. ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ മാവോയിസ്റ്റുകള്‍ വെടിയുതിര്‍ത്തെന്ന് ബന്ദിയായിരുന്ന എസ്‌റ്റേറ്റ് തൊഴിലാളി അലാവുദ്ധീന്‍ പൊലീസിന് മൊഴി നല്‍കി. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് സായുധ സംഘത്തിനായുള്ള തെരച്ചില്‍ തണ്ടര്‍ബോള്‍ട്ട് താത്ക്കാലികമായി നിര്‍ത്തി വെച്ചു.

ഇന്നലെ രാത്രി എട്ടുമണിയോടെയാണ് കള്ളാടിയിലെ എമറാള്‍ഡ് റിസോര്‍ട്ടില്‍ മാര്‍ബിള്‍ ജോലിക്കെത്തിയ മൂന്ന് ഇതര സംസ്ഥാന തൊഴിലാളികളെ ആയുധധാരികളായ മാവോയിസ്റ്റ് സംഘം തടഞ്ഞുവെച്ചിരിക്കുന്നതായി പൊലീസിന് വിവരം ലഭിക്കുന്നത്. ഇതില്‍ ഒരാള്‍ രക്ഷപ്പെട്ട് മറ്റൊരു റിസോട്ടിലെ തൊഴിലാളികളെ വിവരം അറിയിക്കുകയായിരുന്നു. രാത്രിയോടെ മറ്റ് രണ്ട് പേരും സംഘത്തിന്റെ പിടിയില്‍ നിന്ന് മോചിതരായി. ഇവരില്‍ നിന്ന് പൊലീസ് വിവരങ്ങള്‍ ശേഖരിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് മാവോയിസ്റ്റുകളായ വിക്രം ഗൗഡയുടെ നേതൃത്വത്തിലുള്ള സംഘമാണ് എത്തിയതെന്ന് പൊലീസിന് സൂചന ലഭിച്ചത്

ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ തനിക്കുനേരെ മാവോയിസ്റ്റുകള്‍ വെടിയുതിര്‍ത്തുവെന്ന് ബന്ദിയായിരുന്ന എസ്‌റ്റേറ്റ് തൊഴിലാളി അലാവുദ്ധീന്‍ പൊലീസിന് മൊഴി നല്‍കി. അലാവുദ്ധീന് മര്‍ദനമേറ്റതായും പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് കള്ളാടി തൊള്ളായിരം കണ്ടിയിലും പ്രദേശത്തെ വനമേഖകളിലും തണ്ടര്‍ബോള്‍ട്ട് നടത്തുന്ന തെരച്ചില്‍ താത്ക്കാലികമായി അവസാനിപ്പിച്ചു.