LiveTV

Live

Kerala

ശശി തരൂരിന്റെ ‘ഹിന്ദു പാകിസ്താന്‍’ വിവാദ പ്രസംഗത്തിന്റെ പൂര്‍ണ്ണരൂപം 

തന്റെ പ്രസ്താവനയില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു ശശി തരൂര്‍. താനിക്കാര്യം മുമ്പും പറഞ്ഞിട്ടുണ്ടെന്നും ഇനിയും പറയുമെന്നുമാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ നടത്തിയ പ്രതികരണത്തില്‍ തരൂര്‍ പറഞ്ഞത്.

ശശി തരൂരിന്റെ ‘ഹിന്ദു പാകിസ്താന്‍’ വിവാദ പ്രസംഗത്തിന്റെ പൂര്‍ണ്ണരൂപം 

2019ല്‍ ബിജെപി വീണ്ടും അധികാരത്തില്‍ വന്നാല്‍ ഇന്ത്യ ഒരു 'ഹിന്ദു പാക്കിസ്താന്‍' ആയി മാറുമെന്ന ശശി തരൂരിന്റെ പ്രസ്താവന പുതിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. തിരുവനന്തപുരത്തു വെച്ച് നടന്ന ഒരു പൊതു പരിപാടിയില്‍ നടത്തിയ പ്രസംഗത്തിനിടയിലാണ് കോണ്‍ഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായ ശശി തരൂര്‍ വിവാദ പരാമര്‍ശം നടത്തിയത്. തരൂരിന്റെ പ്രസ്താവനക്കെതിരെ ശക്തമായ പ്രതികരണവുമായി രംഗത്തു വന്നിരിക്കുകയാണ് ബിജെപി. ഇന്ത്യയെയും ഹിന്ദുക്കളെയും അപമാനിക്കുന്നതാണ് തരൂരിന്റെ പ്രസ്താവനയെന്നും വിഷയത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും തരൂരും മാപ്പ് പറയണമെന്നാണ് ബി.ജെ.പിയുടെ ആവശ്യം.

പ്രസ്താവന വിവാദമായതോടെ കോണ്‍ഗ്രസ് പാര്‍ട്ടി തരൂരിനെ കയ്യൊഴിയുകയും വാക്കുകള്‍ സൂക്ഷിച്ചു പ്രയോഗിക്കണമെന്ന താക്കീത് നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍, തന്റെ പ്രസ്താവനയില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു ശശി തരൂര്‍. താനിക്കാര്യം മുമ്പും പറഞ്ഞിട്ടുണ്ടെന്നും ഇനിയും പറയുമെന്നുമാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ നടത്തിയ പ്രതികരണത്തില്‍ തരൂര്‍ പറഞ്ഞത്.

ശശി തരൂരിന്റെ പ്രസംഗത്തിലെ പ്രസക്ത ഭാഗങ്ങള്‍:

കഴിഞ്ഞ വര്‍ഷത്തെ സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി ചെങ്കോട്ടയില്‍ വെച്ച് നടത്തിയ പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി 'പുതിയ ഇന്ത്യ'യെ കുറിച്ചാണ് സംസാരിച്ചത്. ഒരു മണിക്കൂറിനിടയില്‍ പതിനഞ്ചു തവണയാണ് അദ്ദേഹം ആ പദം ഉപയോഗിച്ചത്. പക്ഷെ, പഴയ ഇന്ത്യ അഭിമാനപുരസ്സരം ഉയര്‍ത്തിപ്പിടിച്ചിരുന്ന മൂല്യങ്ങളുടെ ശേഷിപ്പുകള്‍ക്കും ചാരങ്ങള്‍ക്കും മുകളിലാണ് അദ്ദേഹം വിഭാവനം ചെയ്യുന്ന പുതിയ ഇന്ത്യയുടെ നിര്‍മ്മിതി എന്നതാണ് വസ്തുത.

ജര്‍മ്മനിയില്‍ ഹിറ്റ്‌ലര്‍ ജൂതന്മാരോട് ചെയ്തത് പോലെ ഇന്ത്യയിലെ മുസ്‍ലിംകളെ മുഴുവന്‍ കൊന്നുകളയണമെന്ന് അഭിപ്രായപ്പെട്ടയാളാണ് സവര്‍ക്കര്‍

സ്വാതന്ത്ര്യാനന്തര ഇന്ത്യ എല്ലാവരുടേതുമായിരുന്നു. മതാടിസ്ഥാനത്തില്‍ ഇന്ത്യയെ വിഭജിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് പാകിസ്താന്‍ സ്വതന്ത്ര രാജ്യമായി മാറിയപ്പോഴും ഇന്ത്യ മതേതരത്വത്തിലുറച്ചു നിന്നു. രാജ്യത്തിന്റെ നയം തീരുമാനിക്കേണ്ടത് മതമാണെന്ന വികല ആശയത്തിന്റെ കെണിയില്‍ ഇന്ത്യ അന്നും വീണില്ല. ഇന്ത്യ പോരാടിയത് ഓരോ പൗരന്റേയും സ്വാതന്ത്ര്യത്തിനു വേണ്ടിയായിരുന്നു. മതത്തിനും ആചാരത്തിനും ഭാഷക്കും അതീതമായി എല്ലാ വിഭാഗങ്ങള്‍ക്കും തുല്ല്യ അവകാശങ്ങള്‍ വകവെച്ചുകൊടുക്കുന്ന ഒരു ഭരണഘടനക്കാണ് നമ്മുടെ ദേശീയ നേതാക്കള്‍ രൂപം നല്‍കിയത്. ജവഹര്‍ലാല്‍ നെഹ്രുവും ബിആര്‍ അംബേദ്കറും ഡോക്ടര്‍ രാജേന്ദ്രപ്രസാദും മൗലാനാ ആസാദും ഉള്‍പ്പെടെയുള്ള നമ്മുടെ പൂര്‍വ്വികര്‍ നിര്‍മിച്ചത് ജനാധിപത്യ മതേതരത്വ മുല്യങ്ങളിലധിഷ്ഠിതമായ ഒരു രാജ്യമാണ്.

എന്നാല്‍, 2014ന് ശേഷം അപകടകരമായ സാഹചര്യമാണ് ഇന്ത്യ അഭിമുഖീകരിക്കുന്നത്. മതേതര മൂല്യങ്ങള്‍ക്ക് പകരം ഭൂരിപക്ഷ ഹിന്ദുത്വ വാദം മേല്‍കൈ നേടിക്കൊണ്ടിരിക്കുകയാണ് വര്‍ത്തമാന ഇന്ത്യയില്‍. 1920 കളില്‍ ആര്‍എസ്എസിന്റെ ആചാര്യന്മാര്‍ രൂപം നല്‍കിയ ഹിന്ദു രാഷ്ട്രവാദം ഇന്ത്യയുടെ മതേതര മൂല്യങ്ങള്‍ക്ക് നിരക്കാത്തതാണ്. ഭരണഘടനയെ ശക്തമായി വിമര്‍ശിക്കുകയും തള്ളിപ്പറയുകയും ചെയ്തവരായിരുന്നു ആര്‍.എസ്.എസിന്റെയും ജനസംഘത്തിന്റെയുമൊക്കെ നേതാക്കളായ സവര്‍ക്കറും ഗോള്‍വാര്‍ക്കറും ദീന്‍ ദയാല്‍ ഉപാദ്ധ്യായയുമൊക്കെ. വിദേശത്തു പഠിച്ച ചിലര്‍ വിദേശ ഭാഷയില്‍ എഴുതിയ ഭരണഘടന ഇന്ത്യക്ക് അനുയോജ്യമല്ലെന്നതായിരുന്നു അതിനെ തള്ളിക്കളയാനുള്ള അവരുടെ ഒന്നാമത്തെ ന്യായം. ഇന്ത്യ എന്നത് വിശാലമായ ഭൂപ്രദേശവും അതിനുള്ളില്‍ ജീവിക്കുന്ന ആളുകളുമാണ് എന്ന ഭരണഘടനാ നിര്‍വ്വചനവും അവര്‍ക്ക് അംഗീകരിക്കാനായില്ല.

Also read: ഹിന്ദു പാകിസ്താന്‍: ശശി തരൂരിനെ പിന്തുണച്ച് ചെന്നിത്തലയും വിഡി സതീശനും

Also read: ഹിന്ദു പാകിസ്താന്‍ വിവാദത്തില്‍ ശശി തരൂര്‍ എംപിക്ക് കോണ്‍ഗ്രസിന്റെ താക്കീത് 

ഹിന്ദുത്വ വാദികളുടെ അഭിപ്രായമനുസരിച്ച് ഇന്ത്യ എന്നാല്‍ ഇവിടുത്തെ ജനങ്ങളാണെന്നും അവര്‍ ഹിന്ദുക്കള്‍ മാത്രമാണെന്നുമായിരുന്നു. ഹിന്ദുക്കളല്ലാത്തവര്‍ക്കൊന്നും ഇന്ത്യയില്‍ തങ്ങാന്‍ അവകാശമില്ലെന്നവര്‍ വാദിച്ചു. ജര്‍മ്മനിയില്‍ ഹിറ്റ്‌ലര്‍ ജൂതന്മാരോട് ചെയ്തത് പോലെ ഇന്ത്യയിലെ മുസ്ലിംകളെ മുഴുവന്‍ കൊന്നുകളയണമെന്ന് അഭിപ്രായപ്പെട്ട ആളാണ് സവര്‍ക്കര്‍. എന്നാല്‍, അവരെ കൊന്നുകളയുന്നത് പ്രായോഗികമല്ലെന്നും ഇന്ത്യയില്‍ ജീവിക്കണമെങ്കില്‍ അവര്‍ ഹൈന്ദവതയുടെ ഭാഗമാകേണ്ടി വരുമെന്നുമുള്ള നിലപാടായിരുന്നു ദീന്‍ ദയാല്‍ ഉപാദ്ധ്യായയെ പോലുള്ളവര്‍ക്കുണ്ടായിരുന്നത്. പാഴ്‌സികളും ക്രിസ്ത്യാനികളും മുസ്‌ലിംകളുമൊക്കെ ഇന്ത്യയില്‍ അതിക്രമിച്ചു കയറിയവരാണെന്ന സമീപനമാണ് അവര്‍ സ്വീകരിച്ചിരുന്നത്.

അവരുടെ പിന്തുടര്‍ച്ചക്കാരായി ഇന്ന് ഇന്ത്യയില്‍ അധികാരത്തിലിരിക്കുന്നവരെ സംബന്ധിച്ചിടത്തോളം ഇന്ത്യ ഉയര്‍ത്തിപ്പിടിക്കുന്ന നാനാത്വത്തില്‍ ഏകത്വം എന്ന മഹത്തായ ആശയം അവരുടെ സിദ്ധാന്തങ്ങള്‍ക്കെതിരാണ്. ഇന്ത്യയുടെ സത്തയെയാണ് അവര്‍ ഇല്ലാതാക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. മതേതരത്വം എന്ന വാക്കിന് പാശ്ചാത്യ രാജ്യങ്ങള്‍ നല്‍കുന്ന നിര്‍വ്വചനത്തിന് വിപരീതമായി എല്ലാ മതങ്ങള്‍ക്കും സ്വാതന്ത്ര്യത്തോടെ നിലനില്‍ക്കാനും വളരാനും അവകാശം നല്‍കുന്നതാണ് ഇന്ത്യ വിഭാവനം ചെയ്യുന്ന മതേതരത്വം. അത് തന്നെയാണ് ഇന്ത്യയുടെ ശക്തിയും.

എന്നാല്‍ ധര്‍മ്മനിരപേക്ഷതയില്‍ അധിഷ്ഠിതമായ മതേതരത്വം പ്രയോഗികമല്ലെന്നതാണ് ഹിന്ദുത്വവാദികളുടെ അവകാശ വാദം. ഏക ശിലാത്മകമായ ഒരു ധര്‍മ്മത്തിന് വേണ്ടിയാണ് അവര്‍ നിലകൊള്ളുന്നത്. അതുപക്ഷെ, മതേതര ഇന്ത്യക്ക് അനുയോജ്യമല്ലെന്നതാണ് വസ്തുത. എല്ലാവര്‍ക്കും അവരുടെ വിശ്വാസാചാരങ്ങള്‍ക്കനുസരിച്ചു ജീവിക്കാനുള്ള അവകാശമുള്ള ഒരു രാജ്യമായിരിക്കണം ഇന്ത്യ.

ഭരണഘടനയാണെന്റെ വിശുദ്ധ പുസ്തകമെന്ന് നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്നുണ്ട് നരേന്ദ്ര മോദി. തന്റെ വാക്കുകളോട് കുറച്ചെങ്കിലും സത്യസന്ധത പുലര്‍ത്തുന്നുണ്ടെങ്കില്‍ ആദ്യം ദീന്‍ ദയാല്‍ ഉപാദ്ധ്യായയെ തള്ളിപ്പറയാന്‍ അദ്ദേഹം തയ്യാറാവണം. പക്ഷെ, അത് ചെയ്യാന്‍ തയ്യാറല്ല എന്ന് മാത്രമല്ല, മന്ത്രിസഭയിലെ എല്ലാ അംഗങ്ങളോടും ദീന്‍ ദയാല്‍ ഉപാദ്ധ്യായയുടെ ചിന്തകളെ കുറിച്ചു സെമിനാറുകള്‍ സംഘടിപ്പിക്കാന്‍ ആവശ്യപ്പെടുകയാണ് അദ്ദേഹം ചെയ്തത്. ദീന്‍ ദയാലിനെ പിന്തുണക്കുന്നുവെങ്കിലും ഭരണഘടനയെ കുറിച്ചുള്ള അദ്ദേഹത്തിന്റെ നിലപാടുകളെ തള്ളിക്കളയുന്നു എന്ന് പറയാന്‍ നരേന്ദ്ര മോദി തയ്യാറാവാത്ത കാലത്തോളം ഇന്ത്യയിലെ ജനാധിപത്യം അപകടാവസ്ഥയില്‍ തന്നെയാണ്.

പാര്‍ലമെന്റില്‍ ഗാന്ധിജിയുടെ ചിത്രത്തിനഭിമുഖമായി സവര്‍ക്കറെ പ്രതിഷ്ഠിച്ച അവര്‍ തീര്‍ച്ചയായും അവസരം ലഭിച്ചാല്‍ ഭരണഘടനയെ മാറ്റി എഴുതുക തന്നെ ചെയ്യും. രാജ്യസഭയില്‍ ഭൂരിപക്ഷമില്ല എന്ന ഒറ്റക്കാര്യമാണ് ഇപ്പോള്‍ അത് ചെയ്യുന്നതില്‍ നിന്ന് അവരെ തടഞ്ഞു നിര്‍ത്തുന്നത്. എന്നാല്‍, നിലവില്‍ രാജ്യത്തെ പകുതിയിലധികം സംസ്ഥാനങ്ങളില്‍ ഭരണത്തിന് നേതൃത്വം കൊടുക്കുകയൂം ലോക്‌സഭയില്‍ ഭൂരിപക്ഷം കയ്യാളുകയും ചെയ്യുന്ന അവര്‍ തീര്‍ച്ചയായും രാജ്യസഭയിലും ഭൂരിപക്ഷം നേടിയെടുക്കും. അതോടെ ഹിന്ദു രാജ്യത്തിന്റെ നിര്‍മ്മിതിക്ക് തുടക്കം കുറിക്കപ്പെടും. അങ്ങനെ ഇന്ത്യ ഒരു 'ഹിന്ദു പാകിസ്താനായി' മാറും. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ ലംഘിക്കപ്പെടും.

അത്തരമൊരു രാജ്യത്തിനു വേണ്ടിയല്ല മഹാത്മാ ഗാന്ധിയെയും ജവഹര്‍ലാല്‍ നെഹ്രുവിനെയും മൗലാന ആസാദിനെയും പോലുള്ള നമ്മുടെ സ്വാതന്ത്ര്യ സമര സേനാനികള്‍ ത്യാഗം ചെയ്തത്. ബീഫ് തിന്നെന്നാരോപിച്ചു ന്യുനപക്ഷങ്ങളെ തല്ലിക്കൊല്ലുന്നു. ഇന്ത്യയില്‍ മുസ്‌ലിമായിരിക്കുന്നതിനേക്കാള്‍ സുരക്ഷിതം പശുവായിരിക്കുക എന്നതാണെന്ന അവസ്ഥ വന്നിരിക്കുന്നു. ഇന്ത്യയില്‍ ജനാധിപത്യവും മതേതരത്വവും അപകടത്തിലാണെന്നതിനുള്ള വ്യക്തമായ തെളിവുകളാണിതൊക്കെ. അതുകൊണ്ട് തന്നെ ജനാധിപത്യ മതേതരത്വ ഇന്ത്യയെ സംരക്ഷിക്കാനുള്ള ബാധ്യത നമുക്കൊക്കെയുണ്ട്. ആ ബാധ്യത നിറവേറ്റേണ്ടത് ബാലറ്റ് ബോക്സിലൂടെയാണ്. 2019ലെ തിരഞ്ഞെടുപ്പില്‍ അതായിരിക്കണം ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന ഓരോ ഇന്ത്യക്കാരനും ചെയ്യേണ്ടത്.

സ്വതന്ത്ര പരിഭാഷ: ഇര്‍ഫാന്‍ ആമയൂര്‍