LiveTV

Live

Kerala

നട്ടുപിടിപ്പിക്കുന്നതല്ല താനേ ഉണ്ടാവുന്നതാണ് കാട്, ജീവിതവും...

വിറകെടുക്കാന്‍ പോകുന്ന ഉമ്മയോടൊപ്പമാണ് ആദ്യമായി കാടിനുള്ളില്‍ പോയത്. ഓര്‍മ്മവെയ്ക്കും മുമ്പ്. അന്നത്തെ അബോധ കാഴ്ച്ച പിന്നീട് കവിതയായൊക്കെ വന്നുകാണും! പലതും ഇന്നുമെഴുതാനാവാതെ ചിതറി കിടക്കുന്നുണ്ട്.

നട്ടുപിടിപ്പിക്കുന്നതല്ല താനേ ഉണ്ടാവുന്നതാണ് കാട്, ജീവിതവും...

അക്ബര്‍

കാടിനെക്കുറിച്ച് ഓര്‍ത്തു നോക്കാം. അപാരമായ പച്ചപ്പുള്ള ഒരു വലിയ ഓര്‍മ്മ, അതിങ്ങനെ കണ്ണുകള്‍ക്ക് മുമ്പില്‍.. ചെറുപ്പത്തിലേ പുഴക്ക് അക്കരെയുള്ള കാട്ടിലേക്ക് കാലുകള്‍ നീളുന്നത് അറിയാമായിരുന്നു. പുഴയില്‍ പോകുമ്പോള്‍ പുഴയ്ക്കക്കരെയുള്ള കാടിന്റെ പച്ചക്കൈകള്‍ മാടി വിളിച്ചുകൊണ്ടിരുന്നു. അതീവ സ്‌നേഹവും പേടിയും നിറഞ്ഞ ഏതോ ലോകം. മലയ്ക്കപ്പുറം എന്താവും? അല്ലെങ്കില്‍ അതുകഴിഞ്ഞ് വേറെ നാടുകളില്‍ എന്തൊക്കെയുണ്ടാവും? കോട്ട പോലെ നേര്യമംഗലത്തെ ചുറ്റി വളഞ്ഞിരുന്ന വന്‍ മലകള്‍ അത്ഭുതത്തിന്റെ ഉറക്കമറ്റ രാവുകളാക്കി.

വിറകെടുക്കാന്‍ പോകുന്ന ഉമ്മയോടൊപ്പമാണ് ആദ്യമായി കാടിനുള്ളില്‍ പോയത്. ഓര്‍മ്മവെയ്ക്കും മുമ്പ്. അന്നത്തെ അബോധ കാഴ്ച്ച പിന്നീട് കവിതയായൊക്കെ വന്നുകാണും! പക്ഷേ പലതും ഇന്നുമെഴുതാനാവാതെ മനസ്സില്‍ ഇങ്ങനെ ചിതറി കിടക്കുന്നുണ്ട്. പിന്നീട് കാടിലൂടെ ഒഴുകി പുഴയിലെത്തുന്ന തോട്ടില്‍ കുളിക്കാന്‍ പോയപ്പോള്‍ കണ്ട തെളിഞ്ഞ കാട്. അതൊക്കെ വലിയ പാഠങ്ങളാണ്. ഇന്നും (ഒരിക്കലും) പൂര്‍ത്തിയാവാത്ത വായന പോലെ കാട് അതിന്റെ താളുകള്‍ ദുരൂഹമായി അടച്ചുവെച്ചിരിക്കുന്നു.

നട്ടുപിടിപ്പിക്കുന്നതല്ല താനേ ഉണ്ടാവുന്നതാണ് കാട്, ജീവിതവും...

കാട്ടിലേക്കുള്ള വഴിയിലൂടെ ഒത്തിരി നടന്നിട്ടുണ്ട്. പാലത്തിനടിയിലെ പുഴ നോക്കി അക്കരെ കടന്ന് ഇടതുവശത്തെ കാട്ടുവഴിയിലൂടെ തനിയെ. ഒരിക്കലും പേടി തോന്നിയിട്ടില്ല. മഴയുള്ളപ്പോള്‍ തോട്ടപ്പുഴുക്കളുടെ ചുംബനങ്ങള്‍ പതിവ്. പലതരം ചെറുജീവികള്‍ കാലുകളെ തൊട്ടു കടന്നുപോകും. മരങ്ങളും ചെടികളും നനഞ്ഞ കൈകള്‍ കൊണ്ട് പിടിച്ചു നിര്‍ത്തും. വാ നമുക്ക് വര്‍ത്താനം പറഞ്ഞിട്ടു പോകാമെന്ന് കൊഞ്ചും. ചില മരങ്ങള്‍ തൂങ്ങിയാടുന്ന ശരീരങ്ങള്‍ കാണിച്ചു തരും. കുഞ്ഞു മുയലുകളും അണ്ണാനും ഓടിയോടിപ്പോകും. ശരിക്കും വീട്ടിലേക്കുള്ള തിരിച്ചുപോക്കാണ് കാട്ടിലേക്ക് പോകല്‍. അത്രയ്ക്ക് സുരക്ഷിതമായ ഇടം. ഉമ്മയുടെ മടിത്തട്ട് പോലെ സ്‌നേഹം.

മരങ്ങളില്‍ കാട്ട് ഓര്‍ക്കിഡുകള്‍ പൂക്കുന്ന സമയമാണ് മഴക്കാലം. നീല കലര്‍ന്ന പര്‍പ്പിള്‍ നിറത്തില്‍ പൂത്തുനില്‍ക്കുന്ന ഓര്‍ക്കിഡുകള്‍ മരങ്ങളില്‍ വര്‍ണ്ണക്കാഴ്ച്ചയാണ്. ഉള്‍ക്കാടുകളില്‍ പല നിറത്തിലുള്ള കാട്ട് ഓര്‍ക്കിഡുകള്‍ ഉണ്ട്. മരങ്ങളിലും പാറപ്പുറങ്ങളിലും വളരുന്നവ. പിന്നെ പലതരം പേരറിയാത്ത മരങ്ങള്‍. അപൂര്‍വ്വ ജാതി ചെടികള്‍ നിലത്തൂടെ ഇഴഞ്ഞു പോകുന്നത് പാമ്പുകളുടെ ആകൃതിയില്‍ ഞാന്‍ പിന്നീട് വരച്ചത് ഓര്‍ക്കുന്നു. കാടിനെ അടയാളപ്പെടുത്താന്‍ വാക്കുകളോ നിറങ്ങളോ തികയില്ല. അത്രയ്ക്ക് ഗഹനവും നിഗൂഢവും ദുരൂഹവും അതിനേക്കാള്‍ സുതാര്യവും ആര്‍ദ്രവുമാണ് അത്.

നട്ടുപിടിപ്പിക്കുന്നതല്ല താനേ ഉണ്ടാവുന്നതാണ് കാട്, ജീവിതവും...

എങ്ങനെയാവാം ഒരാള്‍ക്ക് ഒരു മഴു കൊണ്ടോ വായ്ത്തല കൊണ്ടോ ഇവയെ മുറിക്കാനാവുക. ഒരാളെ കൊല്ലുന്നതുപോലെയാണോ നിഷ്‌കളങ്കമായ ഈ ചിരികളെ അരിഞ്ഞുകളയുക? അന്നൊക്കെ കാട്ടുതോടുകളിലും പുഴയിലും പലതരം മീനുകളുണ്ടായിരുന്നു. കാട്ടില്‍ പലതരം പക്ഷികളും. ഒന്നിനേയും സൂക്ഷിച്ചു നോക്കുമ്പോള്‍ നാമെത്ര ചെറുതാണെന്ന ബോധം ഇങ്ങനെ തുളുമ്പുന്നതറിയാം.

അന്നൊക്കെ അങ്ങനെ കാടിനുള്ളിലേക്കും പുഴയുടെ ആഴങ്ങളിലേക്കും ഒരു പേടിയുമില്ലാതെ പോകാമായിരുന്നു. ഇന്നതിനു കഴിയാറില്ല. മൃഗങ്ങളോ ആഴങ്ങളോ അല്ല പ്രശ്‌നം. പകരം മാനുഷികമായ മാറ്റങ്ങള്‍ ആണ് പലപ്പോഴും തടസ്സങ്ങളാവുന്നത്. അത്രയ്ക്ക് കാലം മാറിപ്പോയി. ഈപ്പറഞ്ഞ ഇടങ്ങളിലെ നിഷ്‌കളങ്കതകള്‍ എങ്ങുമില്ലാത്തവിധം ഇല്ലാതായി. അല്ലെങ്കില്‍ കളഞ്ഞു എന്നു പറയാം. അതിലൊക്കെ വലുതായി ഞാന്‍ തന്നെ ഒത്തിരി മാറിക്കാണും. അതെ മാറ്റമുള്ള ലോകത്ത് ഒന്നും അത്ര ശരിയല്ല. മനുഷ്യന്‍ നട്ടുപിടിപ്പിക്കുന്നതല്ല ജീവിതം. താനേ ഉണ്ടാവുന്നതാണ്. അത് എഴുത്തായാലും ഏത് സൃഷ്ടിയായാലും.