LiveTV

Live

Kerala

ജലന്ധര്‍ ബിഷപ്പിനെതിരെ ‍ലുക്കൌട്ട് നോട്ടീസ്

2017 ജനുവരിയിൽ ബിഷപ്പ് കുറുവിലങ്ങാട്ടെ മഠത്തിൽ‍ രാത്രി തങ്ങുന്നത് താന്‍ എതിർത്തിരുന്നു. ഇക്കാരണത്താലാണ് തന്നെ കുറ്റാരോപിതയാക്കുന്നത്.

ജലന്ധര്‍ ബിഷപ്പിനെതിരെ ‍ലുക്കൌട്ട് നോട്ടീസ്

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ജലന്ധര്‍ ബിഷപ്പിനെതിരെ ‍ലുക്കൌട്ട് നോട്ടീസ് പുറപ്പെടുവിച്ചു. സഭ വിട്ട പതിനെട്ട് പേരുടെ മൊഴിയെടുക്കാനും കണ്ണൂരിലെ രണ്ട് മഠത്തിലും പരിശോധന നടത്താനും അന്വേഷണ സംഘം തീരുമാനിച്ചു. പരാതി ഉന്നയിച്ച കന്യാസ്ത്രീ, മദര്‍ സുപ്പീരിയറിനയച്ച പരാതിയുടെ വിശദാംശങ്ങള്‍ പുറത്തുവന്നു.

ബിഷപ്പ് രാജ്യം വിട്ട് പോകുന്നത് തടയാനാണ് അന്വേഷണ സംഘം വിമാനത്താവളങ്ങളില്‍ ലുക്കൌട്ട് നോട്ടീസ് നല്‍കിയിരിക്കുന്നത്. തെളിവുകള്‍ ശേഖരിക്കുന്നതിന്‍റെ ഭാഗമായി കണ്ണൂരിലെ 2 മഠങ്ങളിൽ അന്വേഷണസംഘം തെളിവെടുപ്പ് നടത്തുന്നുണ്ട്. ബിഷപ്പിൻറെ കേരള സന്ദർശനത്തിനിടെ പീഡനം നടന്നുവെന്നാണ് കന്യാസ്ത്രീയുടെ മൊഴി. ഈ സാഹചര്യത്തിലാണ് കുറവിലങ്ങാട്ട് മഠത്തിനു പുറമേ കണ്ണൂരിലെ മഠത്തിലും ബിഷപ്പ് എത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കുന്നത്.

അതിനിടെ കന്യാസ്ത്രീ മദര്‍ സുപ്പീരിയറിനയച്ച പരാതിയുടെ വിശദാംശങ്ങള്‍ പുറത്തായി. 2017 ജനുവരിയിൽ ബിഷപ്പ് കുറുവിലങ്ങാട്ടെ മഠത്തിൽ‍ രാത്രി തങ്ങുന്നത് താന്‍ എതിർത്തിരുന്നു. ഇക്കാരണത്താലാണ് തന്നെ കുറ്റാരോപിതയാക്കുന്നതെന്ന് കന്യാസ്ത്രീ പരാതിയില്‍ പറയുന്നു.

തെളിവെടുപ്പ് പൂർത്തിയായാൽ ഉടൻ അന്വേഷണസംഘം ജലന്ധറിലേക്ക് തിരിക്കും. ബിഷപ്പും കന്യാസ്ത്രീയും തമ്മിൽ നടന്ന ആശയവിനിമയത്തിന്റ തെളിവുകള്‍ കണ്ടെത്താനും ശ്രമം നടക്കുന്നുണ്ട്. പീഡന കാലയളവിൽ കന്യാസ്ത്രീ ഉപയോഗിച്ചിരുന്ന മൊബൈൽ ഫോണും കണ്ടെത്തണം.