LiveTV

Live

Kerala

കിടപ്പാടത്തിനായി പ്രീത ഷാജിയുടെ സമരം; പൊലീസ് ലാത്തിചാര്‍ജില്‍ സംഘര്‍ഷം; ജപ്തി നടപടി തല്‍ക്കാലത്തേക്ക് നിര്‍ത്തിവച്ചു

ഒരു വര്‍ഷമായി വീടിന്റെ മുറ്റത്ത് ചിതയൊരുക്കി സമരവും 19 ദിവസം നിരാഹാര സമരവും നടത്തിയ പ്രീതക്ക് ഈ നടപടിയെ കൊടും ചതി എന്നല്ലാതെ വിശേഷിപ്പിക്കാനാകില്ല.

കിടപ്പാടത്തിനായി പ്രീത ഷാജിയുടെ സമരം; പൊലീസ് ലാത്തിചാര്‍ജില്‍ സംഘര്‍ഷം; ജപ്തി നടപടി തല്‍ക്കാലത്തേക്ക് നിര്‍ത്തിവച്ചു

എറണാകുളം ഇടപ്പള്ളിയിലെ പ്രീത ഷാജിയുടെ കിടപ്പാടം ജപ്തി ചെയ്യുന്ന നടപടിയില്‍നിന്ന് എച്ച്ഡിഎഫ്സി ബാങ്കും പൊലീസും തല്‍ക്കാലത്തേക്ക് പിന്‍മാറി. നാട്ടുകാരുടെ ശക്തമായ പ്രതിഷേധത്തെത്തുടര്‍ന്നാണ് പിന്മാറ്റം. പ്രതിഷേധക്കര്‍ക്ക് നേരെ പൊലീസ് നടത്തിയ ലാത്തിചാര്‍ജില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. ജപ്തി നടപടിയില്‍ നിന്ന് ബാങ്കധികൃതര്‍ പിന്മാറണമെന്ന് മന്ത്രി തോമസ് ഐസക് ആവശ്യപ്പെട്ടു.

പ്രീതയുടെ ഈ കണ്ണീരിനെ മറികടന്നാണ് ബാങ്കധികൃതരും പോലീസും ജപ്തിക്കെത്തിയത്. എന്നാല്‍ സര്‍ഫാസി വിരുദ്ധ സമരസമിതി ഉയര്‍ത്തിയ സംരക്ഷണമതില്‍ ഭേദിക്കാന്‍ പോലീസിനായില്ല. കനത്ത മഴയിലും പ്രതിഷേധക്കാര്‍ ചെറുത്തു നിന്നതോടെ പോലീസിന് പിന്‍വാങ്ങേണ്ടി വന്നു.

വിഷയത്തില്‍ കോടതി മനുഷ്യത്വപരമായി ഇടപെടണമെന്ന് സ്ഥലത്തെത്തിയ പിടി തോമസ് എംഎല്‍എ ആവശ്യപ്പെട്ടു. ജപ്തി ഭീഷണി താല്‍ക്കാലികമായി ഒഴിഞ്ഞെങ്കിലും സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് സമരക്കാരര്‍ അറിയിച്ചു.

ഒരു വര്‍ഷമായി വീടിന്റെ മുറ്റത്ത് ചിതയൊരുക്കി സമരവും 19 ദിവസം നിരാഹാര സമരവും നടത്തിയ പ്രീതക്ക് ഈ നടപടിയെ കൊടും ചതി എന്നല്ലാതെ വിശേഷിപ്പിക്കാനാകില്ല. എന്ത് വിലകൊടുത്തും കുടിയൊഴിപ്പിക്കലിനെ നേരിടുമെന്ന് സര്‍ഫാസി വിരുദ്ധ സമരസമിതി അറിയിച്ചു. 24 വര്‍ഷം മുമ്പ് അകന്ന ബന്ധുവിന് രണ്ട് ലക്ഷം രൂപ വായ്പക്ക് ഭര്‍ത്താവ് ഷാജി വീടും പുരയിടവും ഈട് നല്‍കിയത് മുതലാണ് ഈ കുടുംബത്തിന്റെ ദുരിതം ആരംഭിക്കുന്നത്.

ഒന്നര ലക്ഷം രൂപ പലപ്പോഴായി തിരിച്ചടച്ചിട്ടും 2 കോടിയിലധികം വരുന്ന ഊതി വീര്‍പ്പിച്ച കണക്കുകാട്ടി ഒരറിയിപ്പുമില്ലാതെയാണ് ഇവരുടെ വസ്തു ബാങ്ക് ലേലത്തില്‍ വിറ്റത്. 2 കോടിയിലധികം രൂപ വിലവരുന്ന വസ്തു കേവലം 38 ലക്ഷം രൂപക്കാണ് റിയല്‍ എസ്റ്റേറ്റ് സംഘത്തിന് വിറ്റത്. സര്‍ഫാസി നിയമത്തിന്റെ മറവില്‍ കുടിയിറക്കാനുളള നീക്കത്തിനെതിരെ നിരവധി തവണ ജനകീയ സമരം നടന്നു. കുടിയൊഴിപ്പിക്കില്ലെന്ന സര്‍ക്കാര്‍ ഉറപ്പിനെത്തുടര്‍ന്നാണ് കഴിഞ്ഞ മാര്‍ച്ചില്‍ പ്രീത ഷാജി നിരാഹാര സമരം അവസാനിപ്പിച്ചത്.

എല്ലാ നിയമസഹായവും സര്‍ക്കാര്‍ വാഗ്ദാനവും ചെയ്തു. എന്നാല്‍ ലേലത്തില്‍ വസ്തു വാങ്ങിയ ആള്‍ നല്‍കിയ കോടതിയലക്ഷ്യ ഹരജിയില്‍ കുടിയൊഴിപ്പിക്കണമെന്ന് ഉത്തരവിട്ടിരിക്കുകയാണ് ഹൈക്കോടതി.