LiveTV

Live

Kerala

സര്‍ക്കാര്‍ ഭൂമി മണ്ണടിച്ച് നികത്തിയ സംഭവം: പരാതി ലഭിച്ചിട്ടും അന്വേഷിക്കാതെ പൊലീസ്

മുളവുകാട് പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ ഇതുസംബന്ധിച്ച പരാതിയെ കുറിച്ച് അറിയില്ലെന്ന മറുപടിയാണ് പൊലീസ് സ്റ്റേഷനില്‍ നിന്ന് മീഡിയവണ്‍ വാര്‍ത്ത സംഘത്തിന് ലഭിച്ചത്.

സര്‍ക്കാര്‍ ഭൂമി മണ്ണടിച്ച് നികത്തിയ സംഭവം: പരാതി ലഭിച്ചിട്ടും അന്വേഷിക്കാതെ പൊലീസ്

കൊച്ചി കണ്ടെയ്നര്‍ റോഡില്‍ സര്‍ക്കാര്‍ ഭൂമി മണ്ണടിച്ച് നികത്തിയ സംഭവത്തില്‍ പരാതി ലഭിച്ചിട്ടും അന്വേഷണം ആരംഭിക്കാതെ പൊലീസ്. മുളവുകാട് പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ ഇതുസംബന്ധിച്ച പരാതിയെ കുറിച്ച് അറിയില്ലെന്ന മറുപടിയാണ് പൊലീസ് സ്റ്റേഷനില്‍ നിന്ന് മീഡിയവണ്‍ വാര്‍ത്ത സംഘത്തിന് ലഭിച്ചത്. അതേസമയം നികത്തിയ ഭൂമി പൂര്‍വ്വ സ്ഥിതിയിലാക്കാനുള്ള നടപടിയും ഇത് വരെ ഉണ്ടായിട്ടില്ല.

കണ്ടെയ്നര്‍ റോഡിലെ മുളവുകാട് ദേശീയപാത അതോറിറ്റിയുടെ ഉടമസ്ഥതയിലുള്ള ചതുപ്പ് നിലം ചെളിയടിച്ച് നികത്തുന്നത് മുളവുകാട് പഞ്ചായത്ത് പ്രസിഡന്‍റ് തന്നെയാണ് പോലീസില്‍ വിളിച്ച് പറഞ്ഞത്. കഴിഞ്ഞ ദിവസം പരാതി അന്വേഷിക്കുന്നുണ്ടെന്നായിരുന്നു പൊലീസ് പറഞ്ഞിരുന്നത്. പക്ഷെ ഇന്ന് സ്റ്റേഷനിലെത്തിയപ്പോള്‍ ലഭിച്ച മറുപടി മറ്റൊന്നായിരുന്നു.

പഞ്ചായത്ത് പ്രസിഡന്‍റ് നേരില്‍ വിളിച്ചറിച്ച പരാതി അറിഞ്ഞ മട്ട് പോലും മുളവുകാട് പൊലീസിനില്ല. പൊലീസിന്‍റെ വാഹനപരിശോധന സ്ഥിരമായി നടക്കുന്ന പ്രദേശത്തിന് തൊട്ടടുത്താണ് സര്‍ക്കാര്‍ ഭൂമി നികത്തി എടുത്തതെന്നതും സംഭവത്തിന്‍റെ ഗൌരവം വര്‍ധിപ്പിക്കുന്നു. സര്‍ക്കാര്‍ ഭൂമി മണ്ണിട്ട് നികത്തിയത് തൊട്ടടുത്ത റിസോര്‍ട്ടിലേക്കുള്ള വഴിയൊരുക്കാനാണെന്നാണ് നാട്ടുകാരുടെ ആരോപണം. പക്ഷെ സംഭവത്തെ കുറിച്ച് പ്രതികരിക്കാന്‍ റിസോര്‍ട്ടുടമ തയ്യാറായില്ല. നികത്തിയെടുത്ത ഭൂമി പൂര്‍വ്വ സ്ഥിതിയിലാക്കാനുള്ള നടപടിയൊന്നും ഇതുവരെ ഉണ്ടായിട്ടില്ല.