LiveTV

Live

Kerala

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എം എം ജേക്കബ് അന്തരിച്ചു

രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനത്തെത്തിയ ആദ്യ മലയാളിയാണ് എം.എം ജേക്കബ്. കേന്ദ്രത്തില്‍ പാര്‍ലമെന്ററികാര്യം, ജലവിഭവം, ആഭ്യന്തരം എന്നീ വകുപ്പുകളില്‍ സഹമന്ത്രിയായിരുന്നു.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എം എം ജേക്കബ് അന്തരിച്ചു

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എം എം ജേക്കബ് അന്തരിച്ചു. പാലായിലെ സ്വകാര്യ ആശുപത്രിയില്‍വെച്ചായിരുന്നു അന്ത്യം. 93 വയസ്സായിരുന്നു.

കോട്ടയം ജില്ലയിലെ കോണ്‍ഗ്രസിന്റെ തലമുതിര്‍ന്ന നേതാക്കളില്‍ ഒരാളായ എം.എം ജേക്കബ് ദേശീയ തലത്തില്‍ വ്യക്തിമുദ്ര പതിച്ച നേതാവായിരുന്നു.

സാമൂഹികസേവകന്‍, അധ്യാപകന്‍, അഭിഭാഷകന്‍, സംഘാടകന്‍, പരിശീലകന്‍, രാഷ്ട്രീയനേതാവ്, ഭരണാധികാരി, പ്രസംഗകന്‍, സഹകാരി, കായികതാരം തുടങ്ങി വ്യത്യസ്ത മേഖലകളില്‍ തന്റെ വ്യക്തിമുദ്ര പതിപ്പിച്ചു അദ്ദേഹം. രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനത്തെത്തിയ ആദ്യ മലയാളിയാണ് എം.എം ജേക്കബ്. കേന്ദ്രത്തില്‍ പാര്‍ലമെന്ററികാര്യം, ജലവിഭവം, ആഭ്യന്തരം എന്നീ വകുപ്പുകളില്‍ സഹമന്ത്രിയായിരുന്നു. 1982ലും 88ലും രാജ്യസഭാംഗമായി. 1986ല്‍ രാജ്യസഭാ ഉപാധ്യക്ഷനായി.1995ലും 2000ലുമായി രണ്ടുതവണ മേഘാലയ ഗവര്‍ണറായിരുന്നു. വിവിധ രാജ്യങ്ങളില്‍ നടന്ന സമ്മേളനങ്ങളില്‍ രാജ്യത്തിന്റെ പ്രതിനിധിയായും അദ്ദേഹം പങ്കെടുത്തിട്ടുണ്ട്. 1985ലും 1993ലും യു.എന്‍.ജനറല്‍ അസംബ്ലിയില്‍ സംസാരിച്ചു.യ

കുറച്ചു നാളുകളായി രാമപുരത്തെ കുടുംബവീട്ടില്‍ വിശ്രമജീവിതം നയിക്കുകയായിരുന്നു അദ്ദേഹം. ഞായറാഴ്ച രാവിലെ ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് പാലായിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയും അവിടെ വച്ച് മരണം സംഭവിക്കുകയുമായിരുന്നു. ഭാര്യ പരേതയായ തിരുവല്ല കുന്നുതറ അച്ചാമ്മ. ജയ, ജെസ്സി, എലിസബത്ത്, ടിറ്റു എന്നിവര്‍ മക്കളാണ്.