LiveTV

Live

Kerala

കേരളത്തിലെ കടല്‍ത്തീരങ്ങളില്‍ മൈക്രോപ്ലാസ്റ്റികിന്റെ അളവ് കൂടുന്നു

കോഴിക്കോട് ബീച്ചില്‍ നടത്തിയ പഠനത്തില്‍ ഒരു കിലോ മണലില്‍ 381 ഗ്രാം വരെ മൈക്രോപ്ലാസ്റ്റിക് ഉണ്ടെന്ന് കണ്ടെത്തി

കേരളത്തിലെ കടല്‍ത്തീരങ്ങളില്‍ മൈക്രോപ്ലാസ്റ്റികിന്റെ അളവ് കൂടുന്നു

കേരളത്തിലെ കടല്‍ത്തീരങ്ങളിലും മൈക്രോപ്ലാസ്റ്റിക് അളവ് ക്രമാതീതമായി കൂടുന്നു. കോഴിക്കോട് ബീച്ചില്‍ നടത്തിയ പഠനത്തില്‍ ഒരു കിലോ മണലില്‍ 381 ഗ്രാം വരെ മൈക്രോപ്ലാസ്റ്റിക് ഉണ്ടെന്ന് കണ്ടെത്തി. മല്‍സ്യങ്ങള്‍ക്കും മറ്റ് കടല്‍ജീവികള്‍ക്കും പക്ഷികള്‍ക്കും വലിയ രീതിയില്‍ ഹാനികരമാണ് മൈക്രോപ്ലാസ്റ്റിക്. ലോകത്താകെയുള്ള കടല്‍തീരങ്ങളില്‍ മൈക്രോപ്ലാസ്റ്റികിന്റെ അളവ് കൂടുന്നതായ റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് സി.ഡബ്യു.ആര്‍.ഡി.എം ആണ് പഠനം നടത്തിയത്.

മനുഷ്യനേത്രങ്ങള്‍കൊണ്ട് സാധാരണരീതിയില്‍ കാണാന്‍ കഴിയാത്ത അഞ്ച് മില്ലിമീറ്ററില്‍ താഴെ മാത്രം വലിപ്പമുള്ളതാണ് മൈക്രോപ്ലാസ്റ്റിക്. പല രാജ്യങ്ങളിലെയും കടല്‍ത്തീരങ്ങളില്‍ മൈക്രോപ്ലാസ്റ്റികിന്റെ അളവ് അപകടകരമായ രീതിയില്‍ വ്യാപിച്ചു എന്ന് കണ്ടെത്തിയിരുന്നു. ഹവായ് ദ്വീപില്‍ കടല്‍ക്കാക്കകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങാന്‍ കാരണം മൈക്രോപ്ലാസ്റ്റിക് ഉള്ളില്‍ ചെന്നതായിരുന്നു. ഇതിനെ തുടര്‍ന്നാണ് സി. ഡബ്യു.ആര്‍.ഡി.എം കേരളത്തിലെ കടല്‍തീരങ്ങളിലും പഠനം ആരംഭിച്ചത്. കോഴിക്കോട് ആറിടങ്ങളിലായി പഠനം നടത്തി. മണലില്‍ പോളി എഥലിന്‍, പോളി പ്രൊപ്പലിന്‍, പോളി സൈറ്ററിന്‍ എന്നിവ കണ്ടെത്തി. ഒരു കിലോഗ്രാം മണലില്‍ 153 മുതല്‍ 381 ഗ്രാം വരെ യാണ് മൈക്രോപ്ലാസ്റ്റിക് കണ്ടെത്തിയത്. തീരത്തെത്തുന്ന പ്ലാസ്റ്റിക് വിഘടിച്ച് ചെറുകണികകളായി സമുദ്രത്തിലെത്തും. ഇത് പ്ലാസ്റ്റിക് കടല്‍ജീവികളെ സാരമായി ബാധിക്കും. സംസ്ഥാനത്തെ മറ്റ് കടല്‍തീരങ്ങളിലും സി.ഡബ്യു.ആര്‍.ഡി.എം പഠനം നടത്തും. ലോകവ്യാപകമായി തന്നെ മൈക്രോപ്ലാസ്റ്റിക് ഉയര്‍ത്തുന്ന വെല്ലുവിളി വലിയ ചര്‍ച്ചയായിട്ടുണ്ട്.