LiveTV

Live

Kerala

റെയിൽ മാർഗം കേരളത്തിലേക്കെത്തുന്ന മത്സ്യങ്ങൾ ഭക്ഷ്യ സുരക്ഷാവകുപ്പ് പരിശോധിക്കുന്നു

ഫോര്‍മാലിന്‍ ഉള്‍പ്പെടെയുള്ള രാസവസ്തുക്കള്‍ ഇല്ലെന്ന് ഉറപ്പാക്കുന്നതിനായാണ് പരിശോധന നടത്തുന്നത്. ട്രെയിനുകളില്‍ നിന്ന് ശേഖരിച്ച സാമ്പിളുകള്‍ പരിശോധനക്കായി അയക്കും.

റെയിൽ മാർഗം കേരളത്തിലേക്കെത്തുന്ന മത്സ്യങ്ങൾ ഭക്ഷ്യ സുരക്ഷാവകുപ്പ് പരിശോധിക്കുന്നു

ഫോര്‍മാലിന്‍ ഉള്‍പ്പെടെയുള്ള രാസവസ്തു കലര്‍ന്ന മത്സ്യം പിടികൂടുന്നതിന്റെ ഭാഗമായി സുരക്ഷ വീണ്ടും കര്‍ശനമാക്കി ഭക്ഷ്യ സുരക്ഷ വകുപ്പ്. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് ട്രെയിന്‍ മാര്‍ഗമെത്തുന്ന മത്സ്യം പരിശോധിച്ചു. ചെക് പോസ്റ്റുകള്‍, മൊത്ത വിതരണകേന്ദ്രങ്ങള്‍, വില്‍പന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലേക്കും പരിശോധന വ്യാപിപ്പിക്കും.

പരിശോധനക്ക് ഉപയോഗിക്കുന്ന കിറ്റിന് ക്ഷാമം നേരിട്ടതിനെ തുടര്‍ന്നായിരുന്നു മീന്‍ പരിശോധന താല്‍ക്കാലികമായി അവസാനിപ്പിച്ചത്. കൊച്ചിയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജിയില്‍ നിന്ന് എല്ലാ ജില്ലകളിലും ആവശ്യത്തിന് കിറ്റുകള്‍ എത്തിച്ചതോടെയാണ് പരിശോധന പുനരാരംഭിച്ചത്. സംസ്ഥാനത്തെ വിവിധ റെയില്‍വേ സ്റ്റേഷനുകളില്‍ നിന്ന് മത്സ്യത്തിന്റെയും ഐസിന്റെയും സാമ്പിളുകള്‍ ശേഖരിച്ചു. ഇത് വിദഗ്ധ പരിശോധനക്ക് അയച്ചിട്ടുണ്ട്.

അതേസമയം ട്രെയിനില്‍ എത്തുന്ന മത്സ്യത്തില്‍ പ്രാഥമിക പരിശോധനയില്‍ രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തിയാലും ഭക്ഷ്യസുരക്ഷ വകുപ്പിന് പിടിച്ചെടുക്കാന്‍ കഴിയില്ല. ഇതിന് റെയില്‍വേയുമായി ധാരണയിലെത്തുമെന്നും ഭക്ഷ്യസുരക്ഷാ വിഭാഗം അറിയിച്ചു. പ്രാദേശിക ചന്തകളിലും പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. മീനിലും ശീതളപാനീയങ്ങളിലും ഉപയോഗിക്കുന്ന ഐസുകളുടെ സാമ്പിളുകളും ഭക്ഷ്യസുരക്ഷാ വകുപ്പ് സംസ്ഥാന വ്യാപകമായി ശേഖരിച്ചിട്ടുണ്ട്.