LiveTV

Live

Kerala

കെ.എ.എസില്‍ പൂര്‍ണ സംവരണമില്ല; നിലപാടില്‍ മാറ്റമില്ലാതെ സര്‍ക്കാര്‍

പട്ടികജാതി കമ്മീഷന്‍, ന്യൂനപക്ഷ കമ്മീഷന്‍ എന്നിവരുടെ ഉത്തരവുകള്‍ക്ക് ശേഷവും മുന്‍ തീരുമാനം മാറ്റേണ്ട സാഹചര്യമില്ലെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്

 കെ.എ.എസില്‍ പൂര്‍ണ സംവരണമില്ല; നിലപാടില്‍ മാറ്റമില്ലാതെ സര്‍ക്കാര്‍

കേരള ഭരണ സര്‍വീസില്‍ പൂര്‍ണ സംവരണമില്ലെന്ന നിലപാടില്‍ മാറ്റമില്ലാതെ സര്‍ക്കാര്‍. പട്ടികജാതി കമ്മീഷന്‍, ന്യൂനപക്ഷ കമ്മീഷന്‍ എന്നിവരുടെ ഉത്തരവുകള്‍ക്ക് ശേഷവും മുന്‍ തീരുമാനം മാറ്റേണ്ട സാഹചര്യമില്ലെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. സര്‍വീസ് തുടങ്ങിയതിന് ശേഷം മതിയായ പ്രാതിനിധ്യം ഇല്ലെന്ന് കണ്ടാല്‍ മാത്രം സംവരണ വിഭാഗങ്ങള്‍ക്ക് പ്രത്യേകം അവസരം നല്‍കിയാല്‍ മതിയെന്ന എജിയുടെ നിയമോപദേശമാണ് സര്‍ക്കാര്‍ നിലപാടിന് അടിസ്ഥാനം.

കേരള ഭരണ സര്‍വീസില്‍ നേരിട്ട് നിയമനം നടത്തുന്ന മൂന്നിലൊന്ന് നിയമനങ്ങള്‍ക്ക് മാത്രമാണ് സംവരണം ഏര്‍പ്പെടുത്തിയിരുന്നുള്ളൂ. വിവിധ സംഘടനകളില്‍ നിന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ പട്ടികജാതി വര്‍ഗ കമ്മീഷനും ന്യൂനപക്ഷ കമ്മീഷനും പൂര്‍ണ സംവരണം നല്‍കണമെന്ന് ഉത്തരവിട്ടിരുന്നു. പട്ടിക വിഭാഗങ്ങള്‍ക്ക് സ്ഥാനക്കയറ്റത്തിലും സംവരണം നല്‍കണമെന്ന ജൂണ്‍ 5 ലെ സുപ്രിം കോടതി വിധിയും അതിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇറക്കിയ സര്‍ക്കുലറും പരാമര്‍ശിച്ചായിരുന്നു പട്ടിജാതി കമ്മീഷന്റെ ഉത്തരവ്. എന്നാല്‍ ഇതിന് ശേഷം പഴയ നിലപാടില്‍ തുടര്‍ന്നാല്‍ മതിയെന്ന തീരുമാനത്തിലാണ് സര്‍ക്കാര്‍.

അഡ്വക്കേറ്റ് ജനറല്‍ നല്‍കിയ നിയമപോദേശമാണ് സര്‍ക്കാര്‍ ഇപ്പോഴും മുഖവിലക്കെടുക്കുന്നത്. സര്‍വീസ് നിലവില്‍ വന്ന ശേഷം സംവരണ വിഭാഗങ്ങള്‍ക്ക് മതിയായ പ്രാതിനിധ്യം ലഭിച്ചില്ലെങ്കില്‍ പിന്നീട് അവസരം നല്‍കാമെന്നാണ് സര്‍ക്കാര്‍ നിലപാട്. ആദിവാസികള്‍ക്കായി പൊലീസ് പ്രത്യേക റിക്രൂട്ട്മെന്റ് നടത്തിയതുള്‍പ്പെടെയുള്ള നടപടികളെ സര്‍ക്കാര്‍ നയത്തിന് തെളിവായി ഉദ്ധരിക്കുകയും ചെയ്യുന്നുണ്ട്. അതേ സമയം കെ. എ.എസ് നടപടികള്‍ മന്ദഗതിയിലായെന്നാണ് സൂചന. മുസ്ലിം ലീഗ് അനൂകൂല യൂണിയന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ സംവരണം ഒഴിവാക്കിയതിനെതിരെ ഹൈക്കോടതി സമീപിപ്പിച്ചിട്ടുണ്ട്. സി.പി.എം അനുകൂല പട്ടിക ജാതി ക്ഷേമ സമിതിയും സംവരണം ആവശ്യപ്പെട്ട് രംഗത്തുണ്ട്. മുഴുവന്‍ നിയമനങ്ങളിലും സംവരണം നല്‍കണമെന്ന നിയമോപദേശമാണ് നിയമസെക്രട്ടറി നേരത്തെ നല്‍കിയിട്ടുള്ളത്