LiveTV

Live

Kerala

തനിക്കെതിരെ ശബ്ദമുയര്‍ത്തുന്നവരെ മാനസികമായി പീഡിപ്പിക്കുന്നു; ജലന്ധര്‍ ബിഷപ്പിനെതിരെ കൂടുതല്‍ കന്യാസ്ത്രീകള്‍

പുരോഹിതന്‍ എന്നതിനെക്കാള്‍ ഒരു രാഷ്ട്രീയക്കാരനും ബിസനസുകാരനുമാണ് ബിഷപ്പ് ഫ്രാങ്കോയെന്നാണ് ഒരു കന്യാസ്ത്രീ നല്‍കിയ പരാതിയില്‍ പറയുന്നത്

തനിക്കെതിരെ ശബ്ദമുയര്‍ത്തുന്നവരെ മാനസികമായി പീഡിപ്പിക്കുന്നു; ജലന്ധര്‍ ബിഷപ്പിനെതിരെ കൂടുതല്‍ കന്യാസ്ത്രീകള്‍

ജലന്ധര്‍ ബിഷപ്പിനെതിരെ പരാതിയുമായി കൂടുതല്‍ കന്യാസ്ത്രീമാര്‍ രംഗത്ത്. എം.ജെ സന്യാസി സമൂഹത്തിലെ നിരവധി കന്യാസ്ത്രീമാരെയും ഫോര്‍മേറ്റര്‍മാരെയും മാനസികമായി ബിഷപ്പ് പീഡിപ്പിച്ചു. സ്ഥലംമാറ്റവും അവധിയും നല്കുന്നതില്‍ ബിഷപ്പ് നേരിട്ട് ഇടപെടുന്നു. താല്പര്യക്കാരെ മാത്രം സംരക്ഷിക്കുകയും മറ്റുവള്ളവര്‍ക്കെതിരെ പ്രതികാരബുദ്ധിയോടെ പെരുമാറുന്നുവെന്നുമാണ് പരാതി. കന്യാസ്ത്രീമാര്‍ നല്കിയ പരാതിയുടെ പകര്‍പ്പ് മീഡിയവണിന് ലഭിച്ചു.

മിഷനറീസ് ഓഫ് ജീസസ് സന്യാസ സമൂഹത്തിന്റെ മദര്‍ ജനറലിനാണ് ഒരു വിഭാഗം കന്യാസ്ത്രീമാര്‍ പരാതി നല്‍കിയിരുന്നത്. പുരോഹിതന്‍ എന്നതിനെക്കാള്‍ ഒരു രാഷ്ട്രീയക്കാരനും ബിസനസുകാരനുമാണ് ബിഷപ്പ് ഫ്രാങ്കോയെന്നാണ് ഒരു കന്യാസ്ത്രീ നല്‍കിയ പരാതിയില്‍ പറയുന്നത്. സന്യാസ സമൂഹത്തെ നശിപ്പിക്കുന്നതിനാണ് ബിഷപ്പിന്റെ ശ്രമം. സഭാ നേതൃത്വവും അതിന് കൂട്ടുനില്‍ക്കുന്നു. തനിക്ക് എതിരായി ശബ്ദമുയര്‍ത്തുന്നവരെ ബിഷപ്പ് മാനസികമായി പീഡിപ്പിക്കുകയാണ്.

സന്യാസ സഭയുടെ രക്ഷാധികാരി എന്ന അധികാരം മാത്രമുള്ള ബിഷപ്പ് കന്യാസ്ത്രീമാരുടെ കാര്യങ്ങളില്‍ അനാവശ്യമായി ഇടപെടുകയാണ്. ബിഷപ്പിന്റെയും സഭാ നേതൃത്വത്തിന്റെയും തെറ്റായ നടപടികള്‍ മൂലം സഭയിലെ ഫോര്‍മേറ്റര്‍ അടക്കമുള്ള 18 കന്യാസ്ത്രീകള്‍ സഭ വിട്ടുപോയി. സന്യാസസഭ മുങ്ങുന്ന കപ്പലാണെന്നാണെന്നും അത് മുക്കുന്നതിന് പിന്നില്‍ ബിഷപ്പ് ഫ്രാങ്കോയാണെന്നുമാണ് ഫോര്‍മേറ്ററായിരുന്ന കന്യാസ്ത്രീ മദര്‍ ജനറലിന് നല്‍കിയ കത്തിലുണ്ട്.

മറ്റൊരു കന്യാസ്ത്രീ എഴുതിയ കത്തിലാകട്ടെ ബിഷപ്പിനെതിരെയൊ, സഭാ നേതൃത്വത്തിനെതിരെ ശബ്ദിക്കാന്‍ പോലും ആരുമില്ലെന്നാണ് പറയുന്നത്. കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ മുതിര്‍ന്ന കന്യാസ്ത്രീകളടക്കം 18 പേരാണ് സഭ വിട്ടുപോയത്. സഭ വിട്ടുപോയ ഓരോ കന്യാസ്ത്രീകളുടെയും പേരും അവര്‍ വിട്ടുപോകാനിടയായ സഹചര്യങ്ങളും കത്തില്‍ വിവരിക്കുന്നുണ്ട്. ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരെ ലൈംഗിക പീഡനത്തിന് പരാതി നല്‍കിയ കന്യാസ്ത്രീയുടെ കാര്യങ്ങളടക്കം വിശദമായി കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. കത്തുകള്‍ അന്വേഷണ സംഘത്തിനും കൈമാറിയിട്ടുണ്ട്.