LiveTV

Live

Kerala

ജിഎസ്ടി തുക കൂടി നല്‍കാമെന്ന ഉറപ്പ് സര്‍ക്കാര്‍ പാലിക്കുന്നില്ല: സര്‍ക്കാര്‍ കരാറുകാര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വെയ്ക്കുന്നു

ഈ മാസം 15 മുതല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെയ്ക്കുകയും ടെണ്ടര്‍ നടപടികള്‍ ബഹിഷ്കരിക്കാനുമാണ് നീക്കം. കരാര്‍ തുകയ്ക്ക് ആനുപാതികമായ തുകയുടെ മുദ്രകടലാസ് വേണമെന്ന ഉത്തരവും പിന്‍വലിക്കണമെന്നും

ജിഎസ്ടി തുക കൂടി നല്‍കാമെന്ന ഉറപ്പ് സര്‍ക്കാര്‍ പാലിക്കുന്നില്ല: സര്‍ക്കാര്‍ കരാറുകാര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വെയ്ക്കുന്നു

ജിഎസ്ടി തുക കൂടി നല്‍കാമെന്ന ഉറപ്പ് സര്‍ക്കാര്‍ പാലിക്കാത്തതിനെ തുടര്‍ന്ന് സംസ്ഥാനത്തെ സര്‍ക്കാര്‍ കരാറുകാര്‍ സമരത്തിലേക്ക്. ഈ മാസം 15 മുതല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെയ്ക്കുകയും ടെണ്ടര്‍ നടപടികള്‍ ബഹിഷ്കരിക്കാനുമാണ് നീക്കം. കരാര്‍ തുകയ്ക്ക് ആനുപാതികമായ തുകയുടെ മുദ്രകടലാസ് വേണമെന്ന ഉത്തരവും പിന്‍വലിക്കണമെന്നും സര്‍ക്കാര്‍ കരാറുകാര്‍ ആവശ്യപ്പെടുന്നു. സമരം ഒഴിവാക്കാനായി സര്‍ക്കാര്‍ തിരക്കിട്ട നീക്കം ആരംഭിച്ചു.

ടെണ്ടര്‍ ചെയ്തതും നിര്‍മാണത്തിലിരിക്കുന്നതുമായ പ്രവര്‍ത്തികള്‍ക്ക് ചരക്കു സേവന നികുതി നല്‍കാന്‍ കൂടുതലായി വരുന്ന തുക സര്‍ക്കാര്‍ നല്‍കുമെന്നായിരുന്ന ഗവ.കരാറുകാര്‍ക്ക് നല്‍കിയിരുന്ന ഉറപ്പ്. ജിഎസ്ടി തുക കൂടി എസ്റ്റിമേറ്റിന്റെ ഭാഗമാക്കാമെന്നും സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതൊന്നും പാലിക്കപ്പെടാത്ത സാഹചര്യത്തിലാണ് സര്‍ക്കാര്‍ കരാറുകാര്‍ സമരത്തിലേക്ക് നീങ്ങുന്നത്

10 ശതമാനം മാത്രം ലാഭം ലഭിക്കുന്ന മേഖലയില്‍ 12 ഉം 18 ഉം ശതമാനം ജിഎസ്ടി നല്‍കേണ്ടി വരുന്നത് അംഗീകരിക്കാനാവില്ലെന്നാണ് കരാറുകാരുടെ നിലപാട്. ഇതിന് പുറമേ, സമ്മത പത്രത്തിന് 200 രൂപയുടെ മുദ്രകടലാസ് മാത്രം മതിയായിരുന്നിടത്ത് ടെണ്ടര്‍ തുകയുടെ .1 ശതമാനം വേണമെന്ന ഉത്തരവ് പിന്‍വലിക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. ഇത് മൂലം വലിയ ബാധ്യത ഉണ്ടാകുന്നുവെന്നാണ് കരാറുകാരുടെ വാദം. ഗവണ്‍മെന്റ് കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന്‍, ഫെഡറേഷന്‍ എന്നീ സംഘടനകള്‍ സംയുക്തമായണ് സമരത്തിലേക്ക് നീങ്ങുന്നത്. കരാറുകാര്‍ സമര പ്രഖ്യാപിച്ച സാഹര്യത്തില്‍ 11 ന് തിരുവനന്തപുരത്ത് വെച്ച് പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ധനമന്ത്രി യോഗം വിളിച്ചു.