LiveTV

Live

Kerala

ജസ്നയല്ലേ..?; അല്ല, ഞാന്‍ അലീഷയാണ്..! മറുപടി പറഞ്ഞു മടുത്ത് ഒരു പെണ്‍കുട്ടി

ജസ്നയെ അവസാനമായി കണ്ടെന്നു പറയുന്ന മുണ്ടക്കയത്ത് തന്നെയാണ് അലീഷയുടെ വീട് എന്നതും മറ്റൊരു യാദൃശ്ചികത.

ജസ്നയല്ലേ..?; അല്ല, ഞാന്‍ അലീഷയാണ്..! മറുപടി പറഞ്ഞു മടുത്ത് ഒരു പെണ്‍കുട്ടി

ജസ്നയെപ്പോലെയുണ്ടല്ലോ നിന്നെ കാണാനെന്ന് ക്ലാസില്‍ കൂട്ടുകാരികള്‍ പറഞ്ഞപ്പോള്‍ അലീഷ അത് ചിരിച്ചുതള്ളി. പക്ഷേ അപ്പോള്‍ പോലും ചിന്തിക്കാത്ത കാര്യങ്ങളായിരുന്നു പിന്നീട് അവള്‍ക്ക് ചുറ്റും നടന്നത്. ആളുകളുടെ ചോദ്യങ്ങളും സംശയത്തോടെയുള്ള നോട്ടവും കാരണം തനിക്കിപ്പോള്‍ പുറത്തിറങ്ങി നടക്കാന്‍ പറ്റാത്ത അവസ്ഥയാണെന്ന് അലീഷ പറയുന്നു.

പക്ഷേ സംശയിക്കുന്നവരെ കുറ്റം പറയാന്‍ പറ്റില്ല. അത്രക്കുമുണ്ട് വെള്ളനാടി സ്വദേശികളായ സൈനുലാബ്ദീൻ –റംലത്ത് ദമ്പതികളുടെ മകളായ അലീഷക്ക് ജസ്നയുമായി സാമ്യം. രണ്ട് പേരുടെയും രൂപവും ഭാവവും മുഖച്ഛായയും ഒരുപോലെ. പോരാത്തതിന്, അലീഷ വെച്ചിരിക്കുന്ന കണ്ണടയും പല്ലിലെ കമ്പിയും പോലും ജസ്നയുടേതിന് സമാനം. പിന്നെ പറയാനുണ്ടോ, കാണുന്നവര്‍ക്കെല്ലാം ചോദിക്കാനുള്ളതും ഇതു തന്നെ, ജസ്നയാണോ എന്ന്. പലര്‍ക്കും അല്ലെന്നുള്ള മറുപടി ഉള്‍ക്കൊള്ളാനാവാത്തതു പോലെ.

കഴിഞ്ഞ മാർച്ച് 22നാണ് മുണ്ടക്കയത്തെ പിതൃ സഹോദരിയുടെ വീട്ടിലേക്കെന്നു പറഞ്ഞിറങ്ങിയ ജസ്നയെ കാണാതായത്. ജസ്നയെ അവസാനമായി കണ്ടെന്നു പറയുന്ന മുണ്ടക്കയത്ത് തന്നെയാണ് അലീഷയുടെ വീട് എന്നതും മറ്റൊരു യാദൃശ്ചികത. കഴിഞ്ഞ ദിവസം ഉമ്മയോടൊപ്പം നടന്നു വരികയായിരുന്ന അലീഷയെ കണ്ട് ജീപ്പ് നിര്‍ത്തി ഒരു പൊലീസുകാരൻ ഇറങ്ങി വന്ന് പേരും വിവരങ്ങളും ചോദിക്കുകയും ചെയ്തു.

"അവൾക്കിപ്പോള്‍ വീട്ടിൽ നിന്ന് പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയാണ്. അവള്‍ റോഡരികില്‍ നിൽക്കുന്നത് കണ്ടാല്‍ ജസ്നയെക്കണ്ടെന്ന് പറഞ്ഞ് ആളുകള്‍ വരും. ഒരു ദിവസം ബസിൽ യാത്ര ചെയ്യുന്ന സമയത്ത് റോഡിൽ നിന്നിരുന്ന കുറച്ചുപേര്‍ അവളെ ചൂണ്ടിക്കാണിച്ച് ജസ്നയാണെന്ന് വിളിച്ചു പറഞ്ഞു." അലീഷയുടെ ഉമ്മ റംലത്ത് പറയുന്നു. പന്ത്രണ്ടാം ക്ലാസ് പൂർത്തിയാക്കിയ അലീഷ ബിരുദ കോഴ്സിൽ ചേരാനുള്ള തയ്യാറെടുപ്പിലാണ്.