LiveTV

Live

Kerala

ജസ്നയുടേത് എന്ന് സംശയിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്

ജസ്നയെ കാണാതായ മാര്‍ച്ച് 22ന് മുണ്ടക്കയത്തെ വ്യാപാര സ്ഥാപനത്തിലെ സി.സി.ടി.വിയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് പുറത്തുവിട്ടത്.

ജസ്നയുടേത് എന്ന് സംശയിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്

പത്തനംതിട്ട വെച്ചൂച്ചിറയില്‍ നിന്ന് കാണാതായ ജസ്നയുടേത് എന്ന് സംശയിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസ് പുറത്തുവിട്ടു. ജസ്നയെ കാണാതായ മാര്‍ച്ച് 22ന് മുണ്ടക്കയത്തെ വ്യാപാര സ്ഥാപനത്തിലെ സി.സി.ടി.വിയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് പുറത്തുവിട്ടത്. ദൃശ്യത്തിലുള്ള യുവതി ജസ്ന തന്നെയാണോ എന്ന് സ്ഥിരീകരിക്കാന്‍ വിദഗ്ധ സംഘത്തിന്റെ പരിശോധന പുരോഗമിക്കുകയാണെന്ന് പത്തനംതിട്ട എസ്.പി പറഞ്ഞു.

മാര്‍ച്ച് 22ന് രാവിലെ മുണ്ടക്കയത്തെ ബസ് സ്റ്റാന്‍ഡിന് സമീപമുള്ള വ്യാപാര സ്ഥാപനത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങളാണ് പൊലീസ് പുറത്തുവിട്ടത്. ഇടിമിന്നലിനെ തുടര്‍ന്ന് ഈ ദൃശ്യങ്ങള്‍ നഷ്ടമായിരുന്നെങ്കിലും ഐ.ടി വിദഗ്ധരുടെ സഹായത്തോടെയാണ് പൊലീസ് ഇത് വീണ്ടെടുത്തത്. രാവിലെ 10.44 ഓടെ ജസ്നയോട് രൂപസാദൃശ്യമുള്ള പെണ്‍കുട്ടി റോഡിലൂടെ നടന്ന് നീങ്ങുന്നത് കാണാം. ചുരിദാര്‍ ധരിച്ചാണ് ജസ്ന വീടുവിട്ടിറങ്ങിയത്. എന്നാല്‍ ദൃശ്യത്തിലുള്ള പെണ്‍കുട്ടി ജീന്‍സും ടോപ്പുമാണ് ധരിച്ചിരിക്കുന്നത്. തോളിലും കൈയിലും ഓരോ ബാഗും. ഹാന്‍ഡ് ബാഗും ദൃശ്യത്തിലുണ്ട്.

ദൃശ്യത്തിലുള്ളത് ജസ്ന തന്നെയെങ്കില്‍ മുണ്ടക്കയത്തോ പരിസരത്തോ ഉള്ള വ്യാപാര സ്ഥാപനങ്ങളില്‍ ഷോപ്പിങ് നടത്തിയിട്ടുണ്ടാകുമെന്നാണ് നിഗമനം. ഇവിടെ നിന്നുള്ള ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്. എന്നാല്‍ ദൃശ്യത്തിലുള്ളത് ജസ്നയാണെന്ന് ബന്ധുക്കള്‍ ഉറപ്പിച്ചിട്ടില്ല. ഫൊറന്‍സിക്, ഐ.ടി വിദഗ്ധരുടെ സഹായത്തോടെ ദൃശ്യത്തിന്റെ ആധികാരികത ഉറപ്പിക്കാനാണ് പൊലീസ് ശ്രമം. സി.സി.ടി.വി ദൃശ്യത്തിലുള്ളത് ജസ്ന തന്നെയാണെങ്കില്‍ അത് കേസ് അന്വേഷണത്തില്‍ വലിയ വഴിത്തിരിവാകും.