LiveTV

Live

Kerala

ബിഷപിനെതിരായ പീഡനക്കേസ്: കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയും പ്രതിക്കൂട്ടില്‍

ലൈംഗീകമായി പീഡിപ്പിച്ചുവെന്ന പരാതി മറച്ചുവെച്ചു എന്നതാണ് പ്രധാന ആക്ഷേപം. പരാതിക്കാരിയെ ഭീഷണിപ്പെടുത്തുകയും പരാതി പിൻവലിക്കാൻ സമ്മർദ്ദം ചെലുത്തുകയും ചെയ്തെന്ന് ഇവർ ആരോപിക്കുന്നു.

ബിഷപിനെതിരായ പീഡനക്കേസ്: കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയും  പ്രതിക്കൂട്ടില്‍

ബിഷപിനെതിരായ പീഡനക്കേസില്‍ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയും പ്രതിക്കൂട്ടില്‍. ജലന്ധർ ബിഷപ് കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കന്യാസ്ത്രീയുടെ പരാതി ഒതുക്കിത്തീര്‍ക്കാന്‍ കര്‍ദിനാള്‍ ശ്രമിച്ചുവെന്ന് വിശ്വാസികളുടെ സംഘടനയായ ആര്‍ച്ച് ഡയസിയന്‍ മൂവ്മെന്റ് ഫോര്‍ ട്രാന്‍സ്പെരന്‍സി ആരോപിച്ചു. പൊലീസിനെ അറിയിക്കാതെ കേസ് ഒതുക്കാന്‍ ശ്രമിച്ച കര്‍ദിനാളിനെതിരെ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് സംഘടന എറണാകുളം റേഞ്ച് ഐജിക്ക് പരാതി നല്‍കി.

ജലന്ധർ ബിഷപ് തന്നെ പീഡനത്തിനിരയാക്കിയെന്ന് കാണിച്ച് കന്യാസ്ത്രീ കർദിനാൾ ജോർജ് ആലഞ്ചേരിക്ക് പരാതി നൽകിയിരുന്നു. എന്നാൽ സംഭവത്തിൽ അന്വേഷിക്കാനോ തുടർ നടപടി സ്വീകരിക്കാനോ കർദിനാൾ തയ്യാറായില്ലെന്നാണ് വിശ്വാസികളുടെ സംഘടന ആരോപിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി എണാകുളം റേഞ്ച് ഐജി വിജയ് സാക്കറേയ്ക്കാണ് എ.എം.ടി പരാതി നൽകിയത്. ലൈംഗീകമായി പീഡിപ്പിച്ചുവെന്ന പരാതി മറച്ചുവെച്ചു എന്നതാണ് പ്രധാന ആക്ഷേപം. പരാതിക്കാരിയെ ഭീഷണിപ്പെടുത്തുകയും പരാതി പിൻവലിക്കാൻ സമ്മർദ്ദം ചെലുത്തുകയും ചെയ്തെന്ന് ഇവർ ആരോപിക്കുന്നു.

എന്നാൽ കന്യാസ്ത്രീ കർദിനാളിന് പരാതി നൽകിയോ എന്ന കാര്യത്തിൽ സ്ഥിരീകരണം ആയിട്ടില്ല. ആലഞ്ചേരി വത്തിക്കാനിലായതിനാൽ അദ്ദേഹത്തിന്റെ പ്രതികരണവും പുറത്ത് വന്നിട്ടില്ല.