LiveTV

Live

Kerala

കെവിന്റേത് മുങ്ങിമരണമെന്ന് ഫോറന്‍സിക റിപ്പോര്‍ട്ടും; ആന്തരികാവയവങ്ങളില്‍ ഉള്ളത് ചാലിയക്കര ആറ്റിലെ വെള്ളം തന്നെ

അക്രമിസംഘത്തിൽ നിന്നും രക്ഷപ്പെട്ട കെവിനെ പ്രദേശത്ത് പുഴയുണ്ടെന്ന് അറിവുണ്ടായിരുന്ന പ്രതികൾ ഓടിച്ച് പുഴയിലേക്ക് വീഴ്ത്തുകയായിരുന്നുവെന്നാണ് പൊലീസിന്‍റെ നിഗമനം.

കെവിന്റേത് മുങ്ങിമരണമെന്ന് ഫോറന്‍സിക റിപ്പോര്‍ട്ടും; ആന്തരികാവയവങ്ങളില്‍ ഉള്ളത് ചാലിയക്കര ആറ്റിലെ വെള്ളം തന്നെ

കെവിന്റെ മരണം വെള്ളത്തില്‍ വീണശേഷമെന്ന് സ്ഥിരീകരണം. ആന്തരിക അവയവങ്ങളിൽ ഉണ്ടായിരുന്നത് ചാലിയക്കര ആറ്റിലെ വെള്ളമാണെന്നും സ്ഥിരീകരിച്ചു. ശരീരത്തില്‍ ‍മദ്യത്തിന്റെ അംശം ഉണ്ടായിരുന്നതായും ഫോറൻസിക് പരിശോധനയില്‍ വ്യക്തമായി. ആരോഗ്യ വകുപ്പ് നിയോഗിച്ച വിദഗ്ധസംഘം ഇന്ന് തെന്മലയിലെത്തി പരിശോധന നടത്തും.

പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ കണ്ടെത്തലുകളെ അപ്പാടെ ശരിവെയ്ക്കുന്നതാണ് തിരുവനന്തപുരത്തെ ഫോറൻസിക് സയൻസ് ലബോറട്ടറിയിൽ നടത്തിയ രാസപരിശോധനാ ഫലം. കെവിന്‍റെ ശരീരത്തിലുണ്ടായിരുന്ന വെള്ളവും ചാലിയക്കരയാറ്റിലെ വെള്ളവും ഒന്നാണെന്ന് പരിശോധനയിൽ വ്യക്തമായി. കെവിന്റെ ശരീരത്തിൽ മർദ്ദനമേറ്റതിന്‍റെ പാടുകൾ ഉണ്ടെങ്കിലും ആന്തരികാവയവങ്ങൾക്ക് ക്ഷതം സംഭവിച്ചിട്ടില്ല. മർദ്ദനത്തിനിടെ പുരികത്തിനു മുകളിലേറ്റ അടി ബോധം മറയാന്‍ കാരണമായിട്ടുണ്ടാകാമെന്നും റിപ്പോർട്ടിൽ പറയുന്നു.

പരിശോധനയിൽ മദ്യത്തിന്റെ അംശം കണ്ടെത്തിയിട്ടുണ്ട്. കെവിൻ വെള്ളം ചോദിച്ചപ്പോൾ പ്രതികൾ മദ്യം നൽകിയെന്ന് നേരത്തെ മൊഴികളുണ്ടായിരുന്നു.

അക്രമിസംഘത്തിൽ നിന്നും രക്ഷപ്പെട്ട കെവിനെ പ്രദേശത്ത് പുഴയുണ്ടെന്ന് അറിവുണ്ടായിരുന്ന പ്രതികൾ ഓടിച്ച് പുഴയിലേക്ക് വീഴ്ത്തുകയായിരുന്നുവെന്നാണ് പൊലീസിന്‍റെ നിഗമനം. ഇത് സ്ഥിരീകരിക്കണമെങ്കിൽ മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ട് കൂടി വരണം. കൂടുതൽ പരിശോധനകൾക്കായി ആരോഗ്യ വകുപ്പ് ഡയറക്ടര്‍ നിയോഗിച്ച വിദഗ്ധ സംഘം തെന്മലയിൽ എത്തി സ്ഥല പരിശോധന നടത്തും.