LiveTV

Live

Kerala

അമ്മയെ ഭിന്നിപ്പിക്കാന്‍ ശ്രമമെന്ന് സിപിഎം

കേസില്‍ ഒരുമാറ്റവും വരാത്ത സാഹചര്യത്തില്‍ ദിലീപിനെ അമ്മയിലേക്ക് തിരികെ എടുത്ത നടപടി തെറ്റാണെന്നും സമൂഹ മനഃസാക്ഷിയുടെ വികാരം ഉള്‍ക്കൊണ്ടു അമ്മ ഉചിതമായ തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷയെന്നും...

അമ്മയെ ഭിന്നിപ്പിക്കാന്‍ ശ്രമമെന്ന് സിപിഎം

താരസംഘടനയായ അമ്മയെ ഭിന്നിപ്പിക്കാനും ദുര്‍ബലമാക്കാനും ചില തത്പരകക്ഷികള്‍ ശ്രമം നടത്തുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്. ഇത് സ്ത്രീസുരക്ഷയ്ക്ക് വേണ്ടിയാണെന്ന് കരുതുന്നത് മൗഢ്യമാണ്. ദീലീപിനെ തിരിച്ചെടുക്കാനുള്ള അമ്മയുടെ തീരുമാനം തെറ്റാണെന്ന് പറയുന്ന സിപിഎം, അമ്മയുടെ ഭാഗമായ ഇടത് ജനപ്രതിനിധികളെ പൂര്‍ണ്ണമായും പിന്തുണയ്ക്കുകയും ചെയ്യുന്നുണ്ട്.

കേസില്‍ പ്രതിയായ സാഹചര്യത്തില്‍ ഒരു മാറ്റവും വരാതെ, ദിലീപിനെ അമ്മയിലേക്ക് തിരിച്ചെടുത്ത നടപടി തെറ്റായിപ്പോയെന്നും, സമൂഹ മനഃസാക്ഷിയുടെ വിമര്‍ശനം ഉള്‍ക്കൊണ്ട് താരസംഘടന തീരുമാനം പുനപരിശോധിക്കുമെന്ന് പ്രതീക്ഷിയ്ക്കുന്നതായുമാണ് പ്രസ്താവനയുടെ ആദ്യഘട്ടത്തില്‍ സിപിഎം പറയുന്നത്. ഒരു സംഘം നടികള്‍ അമ്മയില്‍ നിന്ന് രാജിവെയ്ക്കാനും, പൊതുസമൂഹം അമ്മയെ രൂക്ഷമായി വിമര്‍ശിക്കാനും ഇടയാക്കിയത് ഈ നടപടിയാണെന്നും പറയുന്ന സിപിഎം സംസ്ഥാനസെക്രട്ടേറിയറ്റിന്റെ പ്രസ്താവനയില്‍ രാജിവെച്ച നടിമാരെ പിന്തുണക്കുന്ന കാര്യങ്ങള്‍ ഒന്നും തന്നെ പറയുന്നില്ല.

മാത്രമല്ല വിവാദങ്ങള്‍ ഉയര്‍ന്നുവന്ന സാഹചര്യത്തില്‍ അമ്മയെ ഭിന്നിപ്പിക്കാനും ദുര്‍ബലമാക്കാനും ചില തത്പ്പരകക്ഷികള്‍ പ്രചരണം നടത്തുന്നതായും സിപിഎം കുറ്റപ്പെടുത്തുന്നുണ്ട്. ഇത്തരത്തിലുള്ള പ്രചരണം സ്ത്രീസുരക്ഷയ്ക്ക് വേണ്ടിയാണെന്ന് കരുതുന്നത് മൗഢ്യമാണെന്നാണ് സിപിഎം നിലപാട്. കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹത്തിന്റെ വിവിധ കോണുകളില്‍ നിന്ന് കടുത്ത വിമര്‍ശനങ്ങള്‍ ഏല്‍ക്കേണ്ടി വന്ന അമ്മയിലെ ഇടത് ജനപ്രതിനിധികളായ മുകേഷ്, ഇന്നസെന്റ്, ഗണേഷ് കുമാര്‍ എന്നിവര്‍ക്ക് പൂര്‍ണ്ണ പിന്തുണയും സിപിഎം നല്‍കുന്നുണ്ട്.

അമ്മയിലെ ഇടതുപക്ഷ അനുഭാവികളായ ജനപ്രതിനിധികളെ ഒറ്റതിരിച്ച് ആക്ഷേപിയ്ക്കുന്നതും ദുരുദ്ദേശപരമാണെന്നും, അമ്മയുടെ നേതൃത്വത്തിലിരിക്കുന്നവരുടെ രാഷ്ട്രീയനിറം നോക്കിയല്ല, ആ സംഘടനയോട് പ്രതികരിക്കേണ്ടതെന്നും സിപിഎം വാര്‍ത്താകുറിപ്പില്‍ പറയുന്നത്. എന്നാല്‍ ദീലീപിനെം തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട വിവാദങ്ങളോട് പ്രതികരിക്കാന്‍ മുഖ്യമന്ത്രി തയ്യാറായില്ല.

ദിലീപിനെ തിരിച്ചെടുത്ത തീരുമാനം താരസംഘടന പുനഃപരിശോധിക്കണമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ വൃന്ദ കാരാട്ട് ആവശ്യപ്പെട്ടു. വിവാദങ്ങളുണ്ടായ സാഹചര്യത്തില്‍ മുഖ്യമന്ത്രി വിഷയത്തില്‍ ഇടപെടുമെന്നാണ് പ്രതീക്ഷയെന്ന് സിപിഐ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രനും പറഞ്ഞു.

സിപിഎം സെക്രട്ടേറിയേറ്റിന്‍റെ വാര്‍ത്താക്കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം

സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ്‌
പുറപ്പെടുവിക്കുന്ന പ്രസ്‌താവന
--------------------------------------------------------
കേരളത്തിലെ സിനിമാരംഗത്തെ കലാകാരന്മാരും, കലാകാരികളും അണിനിരന്ന അമ്മ എന്ന സംഘടനയെക്കുറിച്ച്‌ കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി ഉയര്‍ന്നുവന്ന വിവാദങ്ങളും, അതിലേക്ക്‌ നയിച്ച സംഭവങ്ങളും ദൗര്‍ഭാഗ്യകരമാണ്‌. സംസ്ഥാനത്ത്‌ മാത്രമല്ല, രാജ്യത്താകമാനം ആദരവും, സ്വീകാര്യതയും നേടിയ നടീ-നടന്മാര്‍ അണിനിരന്ന ഒരു സംഘടനയായ `അമ്മ' സ്‌ത്രീവിരുദ്ധ പക്ഷത്ത്‌ നില്‍ക്കുന്നൂവെന്ന ആക്ഷേപത്തിനിരയാവാന്‍ ഇടയായ സംഭവം ഒഴിവാക്കപ്പെടേണ്ടതായിരുന്നു.

ഒരു നടിക്ക്‌ നേരെ നടന്ന അക്രമസംഭവത്തില്‍ പോലീസ്‌ ചാര്‍ജ്ജ്‌ ചെയ്‌ത ക്രിമിനല്‍ കേസില്‍ പ്രതിസ്ഥാനത്ത്‌ നില്‍ക്കുന്ന ദിലീപിനെ, നേരത്തെ `അമ്മ'യില്‍ നിന്ന്‌ പുറത്താക്കിയിരുന്നു. ദിലീപ്‌ പ്രതിയായ കേസ്‌ നിലനില്‍ക്കെ അന്നത്തെ സാഹചര്യത്തില്‍ ഒരു മാറ്റവും വരാതെ, ദിലീപിനെ അമ്മയിലേക്ക്‌ തിരിച്ചെടുത്ത നടപടി തെറ്റായിപ്പോയി. ഒരു സംഘം നടികള്‍ അമ്മയില്‍ നിന്ന്‌ രാജിവെയ്‌ക്കാനും, പൊതുസമൂഹം അമ്മയെ രൂക്ഷമായി വിമര്‍ശിക്കാനും ഇടയാക്കിയത്‌ ഈ നടപടിയാണ്‌. സ്‌ത്രീസുരക്ഷയില്‍ അങ്ങേയറ്റം ജാഗ്രത പുലര്‍ത്തേണ്ട ഒരു സംഘടന അതിന്‌ കളങ്കം ചാര്‍ത്തിയെന്ന ആക്ഷേപത്തിന്‌ ഇടയാവുന്നതായിപ്പോയി അമ്മയുടെ തീരുമാനം.

ഈ യാഥാര്‍ത്ഥ്യം `അമ്മ' ഭാരവാഹികള്‍ തിരിച്ചറിയുകയും, സമൂഹ മനഃസാക്ഷിയുടെ വിമര്‍ശനം ഉള്‍ക്കൊണ്ട്‌ ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്ന്‌ പ്രതീക്ഷിയ്‌ക്കുന്നു. ഏറ്റവും ഹീനമായ ഒരു അക്രമസംഭവത്തിന്‌ ഇരയായ സ്‌ത്രീയുടെ വികാരം മാനിക്കാന്‍ എല്ലാവര്‍ക്കും ബാധ്യതയുണ്ട്‌. ഈ സാമൂഹ്യബോധം അമ്മ ഉള്‍ക്കൊള്ളാന്‍ തയ്യാറാകുമെന്ന്‌ കരുതുന്നു.
ഈ വിവാദങ്ങള്‍ ഉയര്‍ന്നുവന്ന സാഹചര്യത്തില്‍ അമ്മയെ ഭിന്നിപ്പിക്കാനും ദുര്‍ബലമാക്കാനും ചില തത്‌പ്പരകക്ഷികള്‍ നടത്തുന്ന പ്രചരണം സ്‌ത്രീസുരക്ഷയ്‌ക്ക്‌ വേണ്ടിയാണെന്ന്‌ കരുതുന്നത്‌ മൗഢ്യമാണ്‌. കൂടാതെ അമ്മയിലെ ഇടതുപക്ഷ അനുഭാവികളായ ജനപ്രതിനിധികളെ ഒറ്റതിരിച്ച്‌ ആക്ഷേപിയ്‌ക്കുന്നതും ദുരുദ്ദേശപരമാണ്‌. അമ്മയുടെ നേതൃത്വത്തിലിരിക്കുന്നവരുടെ രാഷ്‌ട്രീയനിറം നോക്കിയല്ല, ആ സംഘടനയോട്‌ പ്രതികരിക്കേണ്ടത്‌.

ഏത്‌ മേഖലയിലായാലും സ്‌ത്രീകള്‍ക്ക്‌ മാന്യമായ സ്ഥാനവും, അര്‍ഹമായ പങ്കും ലഭിക്കണമെന്നതാണ്‌ ഇടതുപക്ഷ നിലപാട്‌. നടിക്കെതിരായി നടന്ന അക്രമസംഭവത്തില്‍, ഈ നിലപാട്‌ ഉയര്‍ത്തിപ്പിടിച്ച്‌, നിഷ്‌പക്ഷവും ധീരവുമായ നിലപാടാണ്‌ ഇടതുപക്ഷവും, എല്‍.ഡി.എഫ്‌ സര്‍ക്കാരും കൈക്കൊണ്ടത്‌. ഈ കാര്യങ്ങള്‍ കേരള ജനതയ്‌ക്ക്‌ നന്നായി അറിയാമെന്നിരിക്കെ, ഇടതുപക്ഷത്തെ പരോക്ഷമായി ആക്ഷേപിയ്‌ക്കുന്നവരുടെ നിഗൂഢ താത്‌പര്യങ്ങള്‍ ഫലവത്താകാന്‍ പോകുന്നില്ല. കേരളത്തിലെ ജനങ്ങള്‍ താത്‌പര്യപൂര്‍വ്വം അംഗീകരിക്കുന്ന `സിനിമ' എന്ന കലയെ വിവാദങ്ങള്‍ക്കതീതമായി വളര്‍ത്താനും, സംരക്ഷിക്കാനും `അമ്മ' എന്ന സംഘടന പരിശ്രമിക്കുമെന്ന്‌ ഞങ്ങള്‍ കരുതുന്നു.

സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ്‌ പുറപ്പെടുവിക്കുന്ന...

Posted by CPIM Kerala on Friday, June 29, 2018