LiveTV

Live

Kerala

കേരളത്തിന് എയിംസ്: കേന്ദ്രം ഉറപ്പ് നല്‍കിയെന്ന് മന്ത്രി 

സംസ്ഥാന സര്‍ക്കാരിന്റെ കാലാവധി തീരും മുമ്പ് കേരളത്തിന് എയിംസ് നല്‍കാമെന്ന് കേന്ദ്ര സര്‍ക്കാരിന്‍റെ ഉറപ്പ്.

കേരളത്തിന് എയിംസ്: കേന്ദ്രം ഉറപ്പ് നല്‍കിയെന്ന് മന്ത്രി 

സംസ്ഥാന സര്‍ക്കാരിന്റെ കാലാവധി തീരും മുമ്പ് കേരളത്തിന് എയിംസ് നല്‍കാമെന്ന് കേന്ദ്ര സര്‍ക്കാരിന്‍റെ ഉറപ്പ്. ആരോഗ്യമന്ത്രി ജെപി നദ്ദയാണ് സംസ്ഥാന ആരോഗ്യ മന്ത്രി കെ കെ ശൈലജക്ക് ഇക്കാര്യത്തില്‍ ഉറപ്പ് നല്‍കിയത്. അതിനിടെ നിപ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കിയ സഹായത്തിന് സംസ്ഥാനം കേന്ദ്രത്തെ നന്ദി അറിയിച്ചു.

ഘട്ടംഘട്ടമായാണ് സംസ്ഥാനങ്ങള്‍ക്ക് എയിംസ് അനുവദിക്കുന്നതെന്നാണ് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചതെന്ന് മന്ത്രി കെ കെ ശൈലജ പറഞ്ഞു. അടുത്ത ഘട്ടത്തില്‍ കേരളത്തെ പരിഗണിക്കുമെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദ അറിയിച്ചതെന്നും മന്ത്രി പറഞ്ഞു. കേരളത്തില്‍ ഇപ്പോള്‍ സ്ഥലം ലഭിക്കാത്ത പ്രശ്നം ഇല്ല. കോഴിക്കോട് കിനാലൂരില്‍ ഇതിനായി 200 ഏക്കര്‍ ഭൂമി തയ്യാറാണെന്നും ശൈലജ വ്യക്തമാക്കി.

അതിനിടെ നിപ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ പിന്തുണക്ക് മന്ത്രി കേന്ദ്രത്തിന് നന്ദി അറിയിച്ചു. ലോകാരോഗ്യ സംഘടനയുടെയും ഇന്ത്യന്‍ കൌണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്‍റെയും നേതൃത്വത്തില്‍ നിപ പ്രതിരോധ മരുന്നിനായി ഗവേഷണം നടത്തണമെന്നും സംസ്ഥാനം ആവശ്യപ്പെട്ടു. ഗവേഷണത്തില്‍ കേരളത്തെയും ഭാഗമാക്കണം. പ്രൊജക്ട് റിപ്പോര്‍ട്ട് നല്‍കിയാല്‍ ബിഎസ്എല്‍ 3 നിലവാരത്തിലുള്ള വൈറോളജി ലാബ് കോഴിക്കോട് സ്ഥാപിക്കാമെന്ന് കേന്ദ്രം ഉറപ്പ് നല്‍കി.

ആലപ്പുഴയിലെ വൈറോളജി ലാബും ഈ നിലവാരത്തിലേക്ക് ഉയര്‍ത്തുന്ന കാര്യം പരിഗണിക്കും. കേരളത്തില്‍ സ്ഥാപിക്കാനുദ്ദേശിക്കുന്ന വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന് കേന്ദ്ര സഹായം വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.