LiveTV

Live

Kerala

എടപ്പാള്‍ തിയേറ്റര്‍ പീഡനം: തിയേറ്റര്‍ ഉടമയെ പ്രതിയാക്കിയ പൊലീസ് നടപടി തെറ്റെന്ന് ക്രൈംബ്രാഞ്ച്

ദൃശ്യങ്ങള്‍ കൈമാറിയില്ലെന്നും പ്രചരിപ്പിക്കാന്‍ ശ്രമിച്ചെന്നുമുള്ള പൊലീസിന്റെ വാദം നിലനില്‍ക്കില്ലെന്നും ക്രൈബ്രാഞ്ച്. ഇനി കുറ്റപത്രത്തില്‍ തിയേറ്റര്‍ ഉടമയെ സാക്ഷിയായി മാറും

എടപ്പാള്‍ തിയേറ്റര്‍ പീഡനം: തിയേറ്റര്‍ ഉടമയെ പ്രതിയാക്കിയ പൊലീസ് നടപടി തെറ്റെന്ന് ക്രൈംബ്രാഞ്ച്

എടപ്പാള്‍ തിയേറ്റര്‍ പീഡനക്കേസില്‍ തീയേറ്റര്‍ ഉടമ സതീശനെ പ്രതിയാക്കിയ പൊലീസ് നടപടി തെറ്റെന്ന് ക്രൈംബ്രാഞ്ച്. ദൃശ്യങ്ങള്‍ കൈമാറിയില്ലെന്നും പ്രചരിപ്പിക്കാന്‍ ശ്രമിച്ചെന്നുമുള്ള പൊലീസിന്റെ വാദം നിലനില്‍ക്കില്ലെന്നും ക്രൈബ്രാഞ്ച് അന്വേഷണത്തില്‍ കണ്ടെത്തി. ഇതോടെ തിയേറ്റര്‍ ഉടമയെ സാക്ഷിയാക്കി കുറ്റപത്രം തയാറാക്കാന്‍ അന്വേഷണസംഘം തീരുമാനിച്ചു.

എടപ്പാള്‍ തിയേറ്റര്‍ പീഡനക്കേസിലെ പൊലീസ് വീഴ്ച സ്ഥിരീകരിക്കുന്നതാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തലുകള്‍. കേസിലെ മുഖ്യതെളിവായ ദൃശ്യങ്ങള്‍ കൈമാറിയ തിയേറ്റര്‍ ഉടമ സതീശനെ അറസ്റ്റ് ചെയ്ത നടപടിയാണ് ക്രൈംബ്രാഞ്ച് തിരുത്താന്‍ തീരുമാനിച്ചത്. ദൃശ്യങ്ങള്‍ പൊലീസിന് കൈമാറിയില്ലെന്നും പ്രചരിപ്പിക്കാന്‍ ശ്രമിച്ചെന്നുമുള്ള കുറ്റം ചുമത്തിയായിരുന്നു പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്. ഇത് വിവാദമായതോടെ അറസ്റ്റ് പുനഃപരിശോധിക്കാന്‍ ആവശ്യപ്പെട്ട് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു.

പൊലീസ് നടപടി തെറ്റെന്ന് വിലയിരുത്തിയ ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തലുകള്‍ ഇവയാണ്:

  • പീഡനം നടന്ന ദിവസം സ്ഥലത്തില്ലാതിരുന്ന തിയേറ്റര്‍ ഉടമയ്ക്ക് സംഭവത്തെക്കുറിച്ച് നേരിട്ട് അറിവില്ല.
  • ജീവനക്കാരന്‍ പറഞ്ഞ് കാര്യം അറിഞ്ഞ ഉടമ പീഡനം മറച്ചുവയ്ക്കാന്‍ ശ്രമിച്ചില്ല.
  • ഒരാഴ്ചയിലേറെ കാലതാമസമുണ്ടായെങ്കിലും ചൈല്‍ഡ് ലൈന്‍‌ പ്രവര്‍ത്തകരടക്കം നാലുപേരെ അറിയിച്ചതുവഴി ദൃശ്യങ്ങള്‍ പൊലീസിലുമെത്തി.
  • ദൃശ്യങ്ങള്‍ സ്വകാര്യ നേട്ടത്തിന് ഉപയോഗിച്ചതായി തെളിവില്ല

സതീശനെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും പ്രതിയാക്കി കോടതിയില്‍ റിപ്പോര്‍ട്ട് നല്കിയിട്ടില്ല. അതിനാല്‍ കുറ്റപത്രം നല്കുമ്പോള്‍ പ്രതിസ്ഥാനത്ത് നിന്ന് മാറ്റി സാക്ഷിയാക്കുന്നതില്‍ നിയമതടസങ്ങളില്ലെന്നും തിരുവനന്തപുരത്ത് ചേര്‍ന്ന ക്രൈംബ്രാഞ്ച് യോഗം തീരുമാനിച്ചു. ക്രൈംബ്രാഞ്ച് എസ്.പി എ. സന്തോഷ്കുമാറിന്റെ നേതൃത്വത്തിലെ സംഘം ഒരുമാസത്തിനകം കുറ്റപത്രം നല്കും.

പൊലീസ് നടപടി തെറ്റെന്ന് നേരത്തെ നിയമോപദേശത്തില്‍ വ്യക്തമായതോടെ അറസ്റ്റ് ചെയ്ത ഡിവൈ.എസ്.പിയെ സ്ഥലംമാറ്റിയിരുന്നു.