LiveTV

Live

Kerala

വീടില്ല; പൊതുവാട്ടര്‍ ടാങ്കിന് താഴെ മറ കെട്ടി അന്തിയുറങ്ങുന്നു ഈ ദമ്പതികള്‍

വീടിനായി നിരവധി തവണ അപേക്ഷ നല്‍കിയെങ്കിലും അധികൃതര്‍ കനിയാത്തതിനെ തുടര്‍ന്നാണ് വാട്ടര്‍ ടാങ്കിന് താഴെ പ്ലാസ്റ്റിക്ക് ഷീറ്റും ഓലയും മറച്ച് കെട്ടി താമസം ആരംഭിച്ചത്

വീടില്ല; പൊതുവാട്ടര്‍ ടാങ്കിന് താഴെ മറ കെട്ടി അന്തിയുറങ്ങുന്നു ഈ ദമ്പതികള്‍

അന്തിയുറങ്ങാന്‍ വീടില്ലാത്തതിനാല്‍ പൊതു വാട്ടര്‍ ടാങ്കിന് താഴെ മറ കെട്ടി ജീവിതം തള്ളി നീക്കുകയാണ് വയനാട് പനമരം നാല് സെന്റ് കോളനിയിലെ ശാന്തയും ഭര്‍ത്താവ് മണിയും. ഭൂരഹിതയായ ശാന്ത വീടിനായ പലതവണ ഓഫീസുകള്‍ കയറിയിറങ്ങിയിട്ടും നാളിതുവരെയായിട്ടും അധികൃതരുടെ ഭാഗത്ത് നിന്ന് യാതൊരു നടപടിയുമുണ്ടായിട്ടില്ല.

വയനാട് പനമരം നാല് സെന്റ് കോളനിയിലെ ശാന്തയും ഭര്‍ത്താവ് മണിയും കഴിഞ്ഞ ആറ് വര്‍ഷമായി അന്തിയുറങ്ങുന്നത് കോളനിയിലെ പൊതു വാട്ടര്‍ ടാങ്കിന് താഴെയാണ്. വീടിനായി നിരവധി തവണ അപേക്ഷ നല്‍കിയെങ്കിലും അധികൃതര്‍ കനിയാത്തതിനെ തുടര്‍ന്നാണ് വാട്ടര്‍ ടാങ്കിന് താഴെ പ്ലാസ്റ്റിക്ക് ഷീറ്റും ഓലയും മറച്ച് കെട്ടി താമസം ആരംഭിച്ചത്.

സ്വന്തമായി വീടില്ലാത്തതിനാല്‍ റേഷന്‍ കാര്‍ഡ് ഉള്‍പ്പെടെയുള്ള രേഖകളും ഇവര്‍ക്ക് ലഭിച്ചിട്ടില്ല. റേഷന്‍ കാര്‍ഡ് ഇല്ലാത്തതിനാല്‍ സര്‍ക്കാറില്‍ നിന്ന് ആദിവാസി കുടുംബങ്ങള്‍ക്ക് ലഭിക്കേണ്ട യാതൊരു ആനൂകൂല്യവും ഇവര്‍ക്ക് ലഭിക്കുന്നില്ല. നിലവില്‍ അവശ്യവസ്തുക്കള്‍ക്ക് പോലും പൊതുവിപണിയെ ആശ്രയിക്കേണ്ട ഗതികേടിലാണ് കൂലിപ്പണിക്കാരായ ഈ ദമ്പതികള്‍.

അടിസ്ഥാന സൌകര്യങ്ങളുടെ അഭാവം മൂലം ദുരിതമനുഭവിക്കുന്ന ഇവരുടെ കോളനിയിലേക്ക് ട്രൈബല്‍ പ്രമോട്ടര്‍ പോലും എത്തി നോക്കാറില്ലെന്ന് ഇവര്‍ പറയുന്നു. പനമരം നാല് സെന്റ് കോളനിയില്‍ ഏഴ് വീടുകളാണ് ഉള്ളത്. പലവീടുകളിലും ഓന്നിലധികം കുടുംബങ്ങളാണ് താമസിക്കുന്നത്. സ്ഥലപരിമിതി മൂലും വീടിനോട് ചേര്‍ന്ന് ഷെഡ് കെട്ടിയാണ് പലരും താമസിക്കുന്നത്. പലവീടുകളും കാലപ്പഴക്കം മൂലം ഏത് നിമിഷവും പൊളിഞ്ഞ് വീഴാറായ അവസ്ഥയിലാണ്. ഇതോടൊപ്പം കുടിവെള്ള ദൌര്‍ലഭ്യവും ടോയ്‍ലറ്റുകലുടെ അഭാവവും ഇവരുടെ ജീവിതം ദുരിതപൂര്‍ണമാക്കുന്നു.

ആദിവാസികളുടെ ക്ഷേമത്തിനായി നിരവധി പദ്ധതികള്‍ ഉണ്ടെങ്കിലും ഇതൊന്നും തങ്ങളെ തേടിയെത്താറില്ലെന്ന് ഇവര്‍ പറയുന്നു,