LiveTV

Live

Kerala

ഇടുക്കിയിലെ യുഡിഎഫ് ഹര്‍ത്താല്‍ പൂര്‍ണ്ണം

കര്‍ഷക ആവശ്യങ്ങളോട് സര്‍ക്കാരിന്‍റെ നിസംഗത അവസാനിപ്പിക്കുക, വന്യജീവി ആക്രമണങ്ങളില്‍നിന്ന് സംരക്ഷണം, കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടില്‍ അന്തിമ വിജ്ഞാപനം ഓഗസ്റ്റ് മാസത്തിനകം പുറപ്പെടുവിക്കണം...

ഇടുക്കിയിലെ യുഡിഎഫ് ഹര്‍ത്താല്‍ പൂര്‍ണ്ണം

വിവിധ കാര്‍ഷിക വിഷയങ്ങള്‍ ഉന്നയിച്ച് ഇടുക്കി ജില്ലയില്‍ യുഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണം. കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. കെഎസ്ആര്‍ടിസി ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ സര്‍വീസ് നടത്തുന്നില്ല. ഹൈറേഞ്ചിലെ ജനങ്ങളോട് പ്രതിബദ്ധതയുണ്ടെങ്കില്‍ എസ് രാജേന്ദ്രന്‍ എംഎംല്‍എ രാജിവയ്ക്കണമെന്ന് ഇടുക്കി ജില്ലയിലെ കോണ്‍ഗ്രസ് നേതൃത്വം ആവശ്യപ്പെട്ടു. തൊടുപുഴ താലൂക്കിനെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിരുന്നു.

ഹൈറേഞ്ചിലെ കര്‍ഷകരുടെ ആവശ്യങ്ങളോട് എല്‍ഡിഎഫ് സര്‍ക്കാര്‍ തികഞ്ഞ നിസംഗതയാണ് കാട്ടുന്നതെന്ന് ആരോപിച്ചും വന്യജീവി ആക്രമണങ്ങളില്‍നിന്ന് ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെട്ടും, കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടില്‍ അന്തിമ വിജ്ഞാപനം ഓഗസ്റ്റ് മാസം പുറപ്പെടുവിക്കണമെന്നും ആവശ്യപ്പെട്ടുമാണ് യുഡിഎഫ് ഇടുക്കി ജില്ലയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.

മൂന്നാറിലെ എട്ട് വില്ലേജുകളിലെ ഭൂവിഷയങ്ങളില്‍ സര്‍ക്കാരും ഉദ്യോഗസ്ഥരും ഒളിച്ചുകളിക്കുകയാണെന്നും യുഡിഎഫ് ആരോപിച്ചു. നിയമസഭയില്‍ എസ് രാജേന്ദ്രന്‍ എംഎല്‍എയുടെ നിലപാടുകളെ ഖണ്ഡിച്ച സര്‍ക്കാര്‍ നടപടിക്ക് മറുപടിയായി രാജേന്ദ്രന്‍ രാജിവയ്ക്കുകയാണ് ചെയ്യേണ്ടതെന്ന് ഡിസിസി പ്രസിഡന്റ് ഇബ്രാഹീംകുട്ടി കല്ലാര്‍ പറഞ്ഞു.

ഹര്‍ത്താലില്‍ കട കമ്പോളങ്ങള്‍ അടഞ്ഞു കിടന്നപ്പോള്‍ കെഎസ്ആര്‍ടിസി അടക്കമുള്ളവ സര്‍വീസ് നടത്തിയില്ല. കട്ടപ്പന ലാന്‍ഡ് ആസൈന്‍മെന്റ് ഓഫീസും, കെഎസ്എഫ്ഇ ഓഫീസും ഹര്‍ത്താല്‍ അനുകൂലികള്‍ അടപ്പിച്ചു. ജില്ലയുടെ നാല് താലൂക്കുകളിലും യുഡിഎഫ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തി.