LiveTV

Live

Kerala

കണ്‍സ്യൂമര്‍ ഫെഡ് എം.ഡി നിയമനം: ഭേദഗതി വരുത്തി സര്‍ക്കാര്‍ ഉത്തരവ്

കോടതി പുറത്താക്കിയ കണ്‍സ്യൂമര്‍ഫെഡ് എം.ഡിയെ തിരികെ കൊണ്ടുവരാനാണ് ചട്ടഭേദഗതി വരുത്തിയതെന്നാണ് ആരോപണം.

കണ്‍സ്യൂമര്‍ ഫെഡ് എം.ഡി നിയമനം: ഭേദഗതി വരുത്തി സര്‍ക്കാര്‍ ഉത്തരവ്

കണ്‍സ്യൂമര്‍ ഫെഡ് എം.ഡി സ്ഥാനത്തേക്ക് ഉള്ള യോഗ്യതയില്‍ സര്‍ക്കാര്‍ ചട്ടങ്ങളില്‍ ഭേദഗതി വരുത്തി ഉത്തരവിറക്കി. കോടതി പുറത്താക്കിയ കണ്‍സ്യൂമര്‍ഫെഡ് എം.ഡിയെ തിരികെ കൊണ്ടുവരാനാണ് ചട്ടഭേദഗതി വരുത്തിയതെന്നാണ് ആരോപണം. ഉത്തരവിന്റെ പകര്‍പ്പ് മീഡിയവണ്ണിന് ലഭിച്ചു.

ഐ.എ.എസ്, ഐ.പി.എസ്, സര്‍ക്കാര്‍ മേഖലയിലെ ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരെ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ കണ്‍സ്യൂമര്‍ഫെഡ് എം.ഡിയാക്കുകയാണ് ചെയ്യാറുള്ളത്. എന്നാല്‍ തൃശൂര്‍ ജില്ലാ സഹകരണ ബാങ്ക് ജനറല്‍ മാനേജറായിരുന്ന ഡോക്ടര്‍ രാമനുണ്ണിയെ സര്‍ക്കാര്‍ എം.ഡിയായി നിയമിച്ചു. നിയമ വിരുദ്ധമായാണ് രാമനുണ്ണിയെ നിയമിച്ചതെന്ന് ചൂണ്ടികാട്ടിയ ഹൈകോടതി നിയമനം റദ്ദു ചെയ്തു. ഇതു മറികടക്കാനാണ് കണ്‍സ്യൂമര്‍ഫെഡ് എം.ഡി സ്ഥാനത്തേക്കുള്ള യോഗ്യതയില്‍ സര്‍ക്കാര്‍ ഭേദഗതി വരുത്തിയത്.

കേരള സ്റ്റേറ്റ് കോപറേറ്റീവ് ബാങ്ക് ചീഫ് ജനറല്‍ മാനേജര്‍, ജില്ലാ സഹകരണ ബാങ്കുകളിലെ ജനറല്‍ മാനേജര്മാര്‍, ദേശസാല്‍കൃത ബാങ്കുകളിലെ ജനറല്‍ മാനേജമാര്‍‍, പൊതുമേഖല കമ്പനികളിലെ ജനറല്‍ മാനേജര്‍, എംഡി എന്നിവര്‍ക്കും കണ്‍സ്യൂമര്‍ഫെഡ് എം.ഡിയാകാമെന്ന് പുതിയ ഉത്തരവിലുണ്ട്.

കോടതി പുറത്താക്കിയതിനുശേഷം കണ്‍സ്യൂമര്‍ഫെഡ് എം.ഡി സ്ഥാനത്തേക്ക് താല്‍കാലിക നിയമനം മാത്രമാണ് നടന്നത്. പുതിയ ഉത്തരവിലൂടെ കോടതി പുറത്താക്കിയ രാമനുണ്ണിയെതന്നെ എം.ഡിയാക്കാനാണ് നീക്കം നടക്കുന്നത്.