LiveTV

Live

Kerala

കാസര്‍കോട് മൂന്നാം ക്ലാസ് വിദ്യാര്‍ഥിയെ കഴുത്തറുത്ത് കൊന്ന കേസില്‍ വിധി ഇന്ന്

Summary
സംഘ്പരിവാര്‍ പ്രവര്‍ത്തകനായ ഇരിയ കണ്ണോത്തെ വിജയന്‍ കുറ്റക്കാരനാണെന്ന് കഴിഞ്ഞ ദിവസം കോടതി വിധിച്ചിരുന്നു

കാസര്‍കോട് മൂന്നാം ക്ലാസ് വിദ്യാര്‍ഥിയെ കഴുത്തറുത്ത് കൊന്ന കേസില്‍ ഇന്ന് വിധി പറയും. കാസര്‍കോട് അഡി. സെഷന്‍സ് കോടതിയാണ് വിധി പറയുന്നത്. സംഘ്പരിവാര്‍ പ്രവര്‍ത്തകനായ ഇരിയ കണ്ണോത്തെ വിജയന്‍ കുറ്റക്കാരനാണെന്ന് കഴിഞ്ഞ ദിവസം കോടതി വിധിച്ചിരുന്നു. മൂന്നാം ക്ലാസ് വിദ്യാർഥിയായ ഫഹദിനെ സ്കൂളിലേക്ക് പോകുന്നതിനിടെയാണ് വിജയന്‍ കഴുത്തറുത്ത് കൊന്നത്.

2015 ജൂലൈ 9ന് രാവിലെയാണ് കല്യോട്ടിന് സമീപത്തെ ചാന്തന്‍മുള്ളില്‍ കല്യോട്ട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ മൂന്നാംതരം വിദ്യാര്‍ഥിയായിരുന്ന ഫഹദിനെ വിജയന്‍ കഴുത്തറുത്ത് കൊന്നത്. കൊലപാതകത്തിന് ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച വിജയനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പിക്കുകയായിരുന്നു. പിതാവിനോടുണ്ടായിരുന്ന വ്യക്തിവൈരാഗ്യമാണ് ഫഹദിനെ കൊലപ്പെടുത്താന്‍ വിജയന് പ്രേരണയായതെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. വിജയന്‍ മാനസിക രോഗിയാണെന്നായിരുന്നു പൊലീസിന്റെ ആദ്യ പ്രതികരണം.

എന്നാല്‍ വര്‍ഗീയത പടര്‍ത്തുന്ന പ്രസംഗങ്ങള്‍ നിരന്തരം കേട്ടിരുന്ന വിജയന്‍ മതവിരോധം കാരണമാണ് ഫഹദിനെ കഴുത്തറുത്ത് കൊന്നതെന്നാണ് നാട്ടുകാര്‍ പറയുന്നത്. 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിച്ചതിനാല്‍ വിജയന് കോടതി ഇതുവരെ ജാമ്യം അനുവദിച്ചിരുന്നില്ല. 60ഓളം സാക്ഷികളുണ്ടായിരുന്ന കേസില്‍ ഫഹദിന്റെ സഹോദരിയടക്കം 36 സാക്ഷികളെ വിസ്തരിച്ചതില്‍ നിന്നാണ് പ്രതി കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയത്.