LiveTV

Live

Kerala

മുളങ്കാടുകള്‍ വെച്ചുപിടിക്കുന്നത് ജീവിതലക്ഷ്യമാക്കിയ എംഎം അഗസ്റ്റിന്‍

മുളങ്കാടുകള്‍ വെച്ചുപിടിക്കുന്നത് ജീവിതലക്ഷ്യമാക്കിയ എംഎം അഗസ്റ്റിന്‍
Summary
മുളകളുടെ നശീകരണത്തോടെ അപ്രത്യക്ഷമായിരുന്ന കുരുവികളും, മിന്നാമിന്നുങ്ങുകളും, പൂമ്പാറ്റയും മുളകളില്‍ കൂടുകെട്ടി പാര്‍ത്തിരുന്ന തൂക്കണാം കുരുവികളും ഇന്ന് ഇവിടെ തിരിച്ചെത്തിയിരിക്കുന്നു

വയനാട്ടില്‍ നിന്ന് അന്യമായികൊണ്ടിരിക്കുന്ന മുളക്കാടുകള്‍ വെച്ചുപിടിക്കുന്നത് ജീവിതലക്ഷ്യമാക്കിയിരിക്കുകയാണ് അമ്പലവയല്‍ പുറ്റാട് സ്വദേശി എം എം അഗസ്റ്റിന്‍. ആര്‍ഷഭാരതം എന്ന സന്നദ്ധ സംഘടന സ്ഥാപിച്ചാണ് അഗസ്റ്റില്‍ വയനാടിന്റെ ശീതളച്ഛായ തിരിച്ച് പിടിക്കാന്‍ ശ്രമിക്കുന്നത്.

ഒരു കാലത്ത് വയനാട്ടിലെ വഴിവക്കിലും ആറ്റുവക്കിലും വനത്തിലും സുലഭമായിരുന്നു മുള. എന്നാല്‍ ഇന്ന് നിരവധി കാരണങ്ങള്‍ കൊണ്ട് മുള വയനാട്ടില്‍ നിന്ന് അപ്രത്യക്ഷമായികൊണ്ടിരിക്കുകയാണ്. വയനാടിന്റെ കാലാവസ്ഥ നിര്‍ണയിക്കുന്നതില്‍ മുളയുടെ പ്രാധാന്യം തിരിച്ചറിഞ്ഞാണ് മുളവത്കരണം എന്ന ഉദ്യമവുമായി അഗസ്റ്റിന്‍ മുന്നിട്ടിറങ്ങിയിരിക്കുന്നത്. ഇന്ന് നന്തംകുനിയില്‍ നിന്നും മഞ്ഞപ്പാറ വരെയുള്ള വഴികളില്‍ മുളക്കാടുകള്‍ വെച്ച് പിടിപ്പിച്ച് പ്രകൃതിക്ക് കാവലാളാവുകയാണ് ഇദ്ദേഹം.

പ്രധാനമായും നാലിനം മുളകളാണ് അഗസ്റ്റില്‍ വഴിയോരങ്ങളില്‍ വെച്ച് പിടിപ്പിച്ചിരിക്കുന്നത്. മുളകളുടെ നശീകരണത്തോടെ അപ്രത്യക്ഷമായിരുന്ന കുരുവികളും, മിന്നാമിന്നുങ്ങുകളും, പൂമ്പാറ്റയും മുളകളില്‍ കൂടുകെട്ടി പാര്‍ത്തിരുന്ന തൂക്കണാം കുരുവികളും ഇന്ന് ഇവിടെ തിരിച്ചെത്തിയിരിക്കുന്നു. മുളവത്കരണത്തോടൊപ്പം ലഹരി വിരുദ്ധ പോരാട്ടങ്ങള്‍ക്കും ഇദ്ദേഹം നേതൃത്വം നല്‍കുന്നു. വയനാടിന്റെ കാലാവസ്ഥ തിരിച്ച് പിടിക്കാന്‍ മുളകള്‍ വെച്ച് പിടിപ്പിക്കുന്നതിനായി സര്‍ക്കാര്‍ വിപുലമായ പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്നതാണ് ഇദ്ദേഹത്തിന്റെ പക്ഷം. സര്‍ക്കാര്‍ നിലപാട് എന്തായാലും വയനാടിനെ പച്ചപുതപ്പിക്കുക എന്ന ലക്ഷ്യത്തോടെ മുന്നോട്ട് പോകുമെന്ന് ഇദ്ദേഹം പറയുന്നു