LiveTV

Live

Kerala

ഋഷിരാജ് സിങ്ങിന് വേണ്ടി വീടന്വേഷിക്കുമ്പോഴാണ് ചാരക്കേസ് പുറത്തുവന്നതെന്ന് ടിപി സെന്‍കുമാര്‍

ഋഷിരാജ് സിങ്ങിന് വേണ്ടി വീടന്വേഷിക്കുമ്പോഴാണ് ചാരക്കേസ് പുറത്തുവന്നതെന്ന് ടിപി സെന്‍കുമാര്‍
Summary
വാടകവീട് നോക്കുമ്പോള്‍ കൊള്ളാവുന്നിടത്തെല്ലാം മാലിക്കാരാണ് താമസം. കാരണം തിരക്കാന്‍ സ്‌പെഷല്‍ ബ്രാഞ്ചില്‍ ഇന്‍സ്‌പെക്ടറായിരുന്ന എസ്.വിജയനെ നിയോഗിച്ചു

ഐഎസ്ആര്‍ഒ ചാരക്കേസില്‍ നമ്പി നാരായണന്റെ ആരോപണങ്ങള്‍ തെറ്റാണെന്ന് മുന്‍ ഡിജിപി ടി.പി സെന്‍കുമാര്‍. അന്ന് തിരുവനന്തപുരത്ത് ഡെപ്യൂട്ടി കമ്മീഷണറായിരുന്ന ഋഷിരാജ് സിങ്ങിന് വേണ്ടി വീടന്വേഷിക്കുമ്പോഴാണ് ചാരക്കേസ് പുറത്തുവന്നത്. ചാരക്കേസില്‍ സിഐഎ അടക്കം രാജ്യാന്തര ഏജന്‍സികള്‍ക്ക് പങ്കുണ്ടെന്ന് ആരോപിക്കുന്നത് വിവരക്കേടാണെന്നും സെന്‍കുമാര്‍ കൊല്ലത്ത് പറഞ്ഞു.

ചാരക്കേസുമായി ബന്ധപ്പെട്ട് നമ്പി നാരായണന്റെ ആരോപണങ്ങള്‍ തളളിയ സെന്‍കുമാര്‍ കേസിന്റെ ഉല്‍ഭവത്തെ സംബന്ധിച്ച എല്ലാ അഭ്യൂഹങ്ങളെയും തള്ളിക്കളഞ്ഞു. നേരിട്ടറിയുന്ന സംഭവമാണ് പറയുന്നത്. ചാരക്കേസ് വരുന്ന കാലത്ത് ഋഷിരാജ് സിങായിരുന്നു തിരുവനന്തപുരത്ത് ഡെപ്യൂട്ടി കമ്മീഷണര്‍. വാടകവീട് നോക്കുമ്പോള്‍ കൊള്ളാവുന്നിടത്തെല്ലാം മാലിക്കാരാണ് താമസം. കാരണം തിരക്കാന്‍ സ്‌പെഷല്‍ ബ്രാഞ്ചില്‍ ഇന്‍സ്‌പെക്ടറായിരുന്ന എസ്.വിജയനെ നിയോഗിച്ചു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് പാസ്‌പോര്‍ട്ട് ചട്ടം ലംഘിച്ച് തിരുവനന്തപുരത്ത് തങ്ങുന്ന മറിയം റഷീദയെ കണ്ടെത്തിയത്. ഇതിന്റെ പേരില്‍ വഞ്ചിയൂര്‍ സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ നിന്നാണ് ചാരക്കേസിന്റെ തുടക്കം.

ജീവചരിത്രത്തില്‍ ചാരക്കേസിനെ പരാമര്‍ശിച്ചവരും മാധ്യമങ്ങളും ആദ്യം മുതല്‍ ഇക്കാര്യങ്ങള്‍ മറച്ചുവെച്ചു. തന്റെ പുസ്തകത്തില്‍ എല്ലാം വിശദമാക്കുമെന്ന് കൊല്ലം പ്രസ് ക്ലബ് സംഘടിപ്പിച്ച സെമിനാറില്‍ പങ്കെടുത്ത് ടി.പി.സെന്‍കുമാര്‍ പറഞ്ഞു.