LiveTV

Live

Kerala

ആലപ്പുഴ കടപ്പുറത്ത് 'തല്‍സമയം റഷ്യ'

ആലപ്പുഴ കടപ്പുറത്ത് 'തല്‍സമയം റഷ്യ'
Summary
ആലപ്പുഴയില്‍ ഇനി ഫുട്‌ബോള്‍ പ്രേമികള്‍ക്കും കാറ്റു കൊള്ളാനും സായാഹ്നം ചെലവഴിക്കാനും ഒരു ആശങ്കയുമില്ലാതെ കടല്‍ത്തീരത്തേക്ക് വരാം. ലോകകപ്പ് മാച്ചുകളൊന്നും നഷ്ടമാവില്ല

കടല്‍ത്തീരത്തിന്റെ സൗന്ദര്യം ആസ്വദിക്കാനെത്തുന്ന സഞ്ചാരികള്‍ക്ക് കാല്‍പ്പന്തുകളിയുടെ ആവേശത്തില്‍ പങ്കു ചേരാന്‍ അവസരമൊരുക്കിയാണ് ആലപ്പുഴയിലെ ഫുട്‌ബോള്‍ പ്രേമികള്‍ ലോകകപ്പ് ആവേശത്തില്‍ പങ്കു ചേരുന്നത്. തല്‍സമയം റഷ്യ എന്ന പേരിലാണ് ആലപ്പുഴ കടപ്പുറത്ത് വലിയ സ്‌ക്രീനില്‍ ലോകകപ്പ് മത്സരങ്ങളുടെ പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും നഗരസഭയും ആലപ്പി ബീച്ച് ക്ലബ്ബുമാണ് സംഘാടകര്‍.

ലോകകപ്പ് കാലത്ത് കടുത്ത ഫുട്‌ബോള്‍ പ്രേമികളെല്ലാം യാത്രകളെല്ലാം ഒഴിവാക്കി വീടുകളിലെയോ ക്ലബ്ബുകളിലെയോ ടെലിവിഷന്‍ സെറ്റുകള്‍ക്ക് മുന്‍പല്‍ത്തന്നെയിരിക്കാനാണ് ശ്രമിക്കാറുള്ളത്. എന്നാല്‍ ആലപ്പുഴയില്‍ ഇനി ഫുട്‌ബോള്‍ പ്രേമികള്‍ക്കും കാറ്റു കൊള്ളാനും സായാഹ്നം ചെലവഴിക്കാനും ഒരു ആശങ്കയുമില്ലാതെ കടല്‍ത്തീരത്തേക്ക് വരാം. ലോകകപ്പ് മാച്ചുകളൊന്നും നഷ്ടമാവില്ല. കടലോരത്തേക്ക് കാറ്റിനൊപ്പം ഫുട്‌ബോള്‍ ആവേശത്തെയും പറത്തി വിട്ടിട്ടുണ്ട് ഇവിടത്തെ ഫുട്‌ബോള്‍ പ്രേമികള്‍.

ഏറെ ആവേശത്തോടെത്തന്നെയാണ് ആലപ്പുഴയിലെ ഫുട്‌ബോള്‍ പ്രേമികള്‍ കളി കാണാനും ഇഷ്ട ടീമുകള്‍ക്കായി ആര്‍ത്തുവിളിക്കാനുമൊക്കെയായി കടപ്പുറത്തെത്തുന്നത്. വരും ദിവസങ്ങളില്‍ പ്രശ്‌നോത്തരികളും വിവിധ മത്സരങ്ങളുമൊക്കെയായി ലോകകപ്പ് കാലം കൊഴുപ്പിക്കാനാണ് സംഘാടകരുടെ തീരുമാനം.