LiveTV

Live

Kerala

പി വി അന്‍വറിന്റെ പാർക്കില്‍ മണ്ണിടിച്ചിലുണ്ടായ പ്രദേശത്ത് പരിശോധന‌

പി വി അന്‍വറിന്റെ പാർക്കില്‍ മണ്ണിടിച്ചിലുണ്ടായ പ്രദേശത്ത് പരിശോധന‌
Summary
വില്ലേജ് ഓഫീസര്‍ പാര്‍ക്കിലെത്തി സ്റ്റോപ്പ് മെമ്മോ കൈമാറിയതിനെ തുടര്‍ന്ന് പാര്‍ക്കിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചു.

പി വി അന്‍വർ എംഎല്‍എയുടെ വാട്ടർതീം പാർക്കില്‍ മണ്ണിടിച്ചിലുണ്ടായ പ്രദേശത്ത് ജിയോളജി വകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധന‌. വില്ലേജ് ഓഫീസര്‍ പാര്‍ക്കിലെത്തി സ്റ്റോപ്പ് മെമ്മോ കൈമാറിയതിനെ തുടര്‍ന്ന് പാര്‍ക്കിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചു. നിയമ ലംഘനമുണ്ടെങ്കില്‍ നടപടിയെടുക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രനും വ്യക്തമാക്കി.

പിവിആര്‍ നാച്ചുറല്‍ പാര്‍ക്ക് നിലനില്‍ക്കുന്ന 12 ഏക്കറില്‍ മണ്ണിടിച്ചിലുണ്ടായ സാഹചര്യത്തില്‍ പാര്‍ക്കിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെയ്ക്കാന്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കൂടരഞ്ഞി വില്ലേജ് ഓഫീസര്‍ പാർക്കിലെത്തി സ്റ്റോപ് മെമ്മോ കൈമാറി. പാർക്കിന് സമീപത്തെ മണ്ണിടിച്ചിലിന് പുറമേ ജില്ലയില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യവും സ്റ്റോപ് മെമ്മോയില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഇതോടെ പാര്‍ക്കിന്റെ പ്രവര്‍ത്തനം നടത്തിപ്പുകാർ നിര്‍ത്തിവെച്ചു.

തൊട്ടുപിന്നാലെ കലക്ടറുടെ നിർദേശ പ്രകാരം ജിയോളജി വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി. സര്‍ക്കാർ ശക്തമായ നടപടി എടുത്തില്ലെങ്കില്‍ പാര്‍ക്കിലെ സ്ഥലം പൂര്‍വ്വസ്ഥിതിയിലാക്കണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭം ആരംഭിക്കുമെന്ന് കോണ്‍ഗ്രസ് ജില്ലാ നേതൃത്വം മുന്നറിയിപ്പ് നല്‍കി.