LiveTV

Live

Kerala

കേരളത്തിന് എയിംസ് അനുവദിക്കണമെന്ന ആവശ്യം ശക്തമാക്കി മുഖ്യമന്ത്രി

കേരളത്തിന് എയിംസ് അനുവദിക്കണമെന്ന ആവശ്യം ശക്തമാക്കി മുഖ്യമന്ത്രി
Summary
പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ പരിഗണനാ വിഷയങ്ങള്‍ പരിഷ്കരിക്കണം എന്നും ഡല്‍ഹിയില്‍ ചേര്‍ന്ന നീതി ആയോഗ് യോഗത്തില്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

നിപ്പാ വൈറസ് ബാധക്ക് പിന്നാലെ കേരളത്തിന് എയിംസ് അനുവദിക്കണമെന്ന ആവശ്യം ശക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍. പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ പരിഗണനാ വിഷയങ്ങള്‍ പരിഷ്കരിക്കണം എന്നും ഡല്‍ഹിയില്‍ ചേര്‍ന്ന നീതി ആയോഗ് യോഗത്തില്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

രാഷ്ട്രപതി ഭവനില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന നാലാമത് നീതി ആയോഗ് ഗവേര്‍ണിംഗ് കൌണ്‍സില്‍ യോഗത്തിലാണ് കേരളം നിര്‍ണായക ആവശ്യങ്ങള്‍‌ ആവര്‍‌ത്തിച്ചത്. എയിംസ് പോലുള്ള ആശുപത്രികളുടെ ആവശ്യകത ബോധ്യപ്പെടുത്തുന്നതായിരുന്നു നിപ്പ വൈറസ് ബാധ. എന്നാല്‍ എയിംസ് പ്രഖ്യാപിച്ചിട്ടും ഇതുവരെ അനുവദിക്കപ്പെടാത്ത അപൂര്‍വ്വം സംസ്ഥാനങ്ങളില്‍‌ ഒന്നാണ് കേരളമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. റബ്ബറിന് സ്വാമിനാഥന്‍ കമ്മീഷന്‍ ശിപാര്‍ശ പ്രകാരം താങ്ങുവില നിശ്ചയിക്കണം. അങ്കമാലി ശബരി പാത പദ്ധതിയുടെ മുഴുവന്‍ ചെലവും കേന്ദ്രം വഹിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കേന്ദ്രാവിഷ്കൃത പദ്ധതികള്‍ക്ക് സംസ്ഥാനങ്ങള്‍ കൂടുതല്‍ തുക വഹിക്കേണ്ടി വരുന്നത് ആശങ്കാജനകമാണെന്നും പിണറായി ചൂണ്ടിക്കാട്ടി. കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കല്‍ വിവിധ കേന്ദ്ര പദ്ധതികളുടെ നടത്തിപ്പ് തുടങ്ങിവയായിരുന്നു യോഗത്തിന്‍റെ പ്രധാന അജണ്ട. കര്‍ഷക പ്രക്ഷോഭങ്ങള്‍ ശക്തമായ സംസ്ഥാനങ്ങളോട് മേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ ക്രിയാത്മക നിര്‍ദ്ദേശങ്ങള്‍ പ്രധാനമന്ത്രി തേടി. ആന്ധ്രാപ്രദേശിന് പുറമെ ബീഹാറും യോഗത്തില്‍ പ്രത്യേക സംസ്ഥാന പദവി ആവശ്യം മുന്നോട്ട് വച്ചു.