LiveTV

Live

Kerala

കോണ്‍ഗ്രസിന് ശക്തമായ മുന്നറിയിപ്പുമായി സമസ്ത; പ്രശ്‌നങ്ങള്‍ എണ്ണിപ്പറഞ്ഞ് മുഖപ്പത്രത്തില്‍ ലേഖനം

കോണ്‍ഗ്രസിന് ശക്തമായ മുന്നറിയിപ്പുമായി സമസ്ത; പ്രശ്‌നങ്ങള്‍ എണ്ണിപ്പറഞ്ഞ് മുഖപ്പത്രത്തില്‍ ലേഖനം
Summary
കോണ്‍ഗ്രസിനോട് സ്‌നേഹപൂര്‍വ്വം എന്ന തലക്കെട്ടില്‍ പ്രാധാന്യപൂര്‍വ്വം പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് സമസ്ത ഗൌരവമേറിയ രാഷ്ട്രീയ നിലപാടുകള്‍ ഉന്നയിക്കുന്നത്.

മുസ്‍ലിംകളുടെ ജീവല്‍ പ്രശ്‌നങ്ങളില്‍ പോലും സമുദായവുമായി ആശയവിനിമയം നടത്താന്‍ കോണ്‍ഗ്രസ് തയ്യാറാകുന്നില്ലെന്നും അര്‍ഹമായ പരിഗണന പോലും ലഭിക്കുന്നില്ലെന്നും സമസ്തയുടെ മുഖപ്പത്രത്തില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ വിമര്‍ശം. കോണ്‍ഗ്രസിനോട് സ്‌നേഹപൂര്‍വ്വം എന്ന തലക്കെട്ടില്‍ പ്രാധാന്യപൂര്‍വ്വം പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് സമസ്ത ഗൌരവമേറിയ രാഷ്ട്രീയ നിലപാടുകള്‍ ഉന്നയിക്കുന്നത്.

കോണ്‍ഗ്രസിന് ശക്തമായ മുന്നറിയിപ്പുമായി സമസ്ത; പ്രശ്‌നങ്ങള്‍ എണ്ണിപ്പറഞ്ഞ് മുഖപ്പത്രത്തില്‍ ലേഖനം

മുസ്‍ലിം സമുദായ നേതൃത്വവുമായി ആശയവിനിമയം നടത്താന്‍ കോണ്‍ഗ്രസ് തയ്യാറാകാത്തത് മുസ്‍ലിം ലീഗ് ഇല്ലേ എന്ന് ചോദിച്ചാണ്. എന്നാല്‍ കേരള കോണ്‍ഗ്രസ് ഉണ്ടായിട്ടും ക്രൈസ്തവ സഭകളുമായി കോണ്‍ഗ്രസ് ഇടപെടാന്‍ തയ്യാറാകുന്നല്ലോ എന്ന് ലേഖനം ചോദിക്കുന്നു. ഏകസിവില്‍ കോഡ്, മുത്വലാഖ് ബില്‍, അനാഥാലയങ്ങളെ നിയന്ത്രിക്കുന്ന ജെജെ ആക്റ്റ് തുടങ്ങിയ വിഷയങ്ങളില്‍ സമുദായത്തിന്‍റെ അഭിപ്രായമറിയാന്‍ കോണ്‍ഗ്രസ് ശ്രമിച്ചില്ല. ജെജെ ആക്ട് പാര്‍ലമെന്‍റില്‍ വന്നപ്പോള്‍ കോണ്‍ഗ്രസില്‍ കേരളത്തില്‍ നിന്നുള്ള ഏക മുസ്‍ലിം എംപിയായ എംഐ ഷാനവാസ് പോലും ഇടപെടാന്‍ തയ്യാറായില്ലെന്ന് ലേഖനം പറയുന്നു. ഹമീദ് ചേന്നമംഗല്ലൂരിനെയും എംഎന്‍ കാരശ്ശേരിയെയും പിന്തുടര്‍ന്ന് ആര്യാടന്‍ മുഹമ്മദിന്‍റെ ശൈലിയില്‍ സമുദായത്തെ കാണാന്‍ കോണ്‍ഗ്രസ് ശ്രമിക്കരുതെന്ന് ലേഖനം മുന്നറിയിപ്പ് നല്‍കുന്നു.

സമുദായ വിരുദ്ധനാണ് ആര്യാടന്‍. സമുദായവുമായി ഒരു ബന്ധവുമില്ലാത്തയാളും സമുദായ വിരുദ്ധനുമായ ആര്യാടന്‍ ഷൗക്കത്തിനെ നിലമ്പൂരില്‍ സ്ഥാനാര്‍ഥിയാക്കിയപ്പോള്‍ കൂടിയാലോചനക്ക് കോണ്‍ഗ്രസ് തയ്യാറായില്ല. നിലമ്പൂരില്‍ തോറ്റപ്പോള്‍ ഇക്കാര്യം കോണ്‍ഗ്രസിന് മനസിലായിക്കാണണം. അതത് സമുദായങ്ങളുടെ താല്‍പര്യം പരിഗണിച്ചാണ് കോണ്‍ഗ്രസ് മറ്റിടങ്ങളിലെല്ലാം സ്ഥാനാര്‍ഥികളെ നിശ്ചയിച്ചത്. കത്തോലിക്കാ സഭയുടെ എതിര്‍പ്പ് പരിഗണിച്ച് ഇടുക്കി ലോക്‌സഭാ സീറ്റില്‍ നിന്നും പിടി തോമസിനെ മാറ്റിയത് ലേഖനം ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ മുസ്‍ലിം സമുദായത്തിന്‍റെ കാര്യത്തില്‍ ഈ മാനദണ്ഡം ഒരിക്കല്‍ പോലും കോണ്‍ഗ്രസ് പരിഗണിച്ചിട്ടില്ലെന്നും വിമര്‍ശമുന്നയിക്കുന്നു. 25 ല്‍ കുറഞ്ഞ സീറ്റിലാണ് ലീഗ് മത്സരിക്കുന്നത്. ബാക്കി മണ്ഡലങ്ങളില്‍ സമുദായത്തിന്‍റെ വോട്ട് യുഡിഎഫിനും കോണ്‍ഗ്രസിനും ആവശ്യമില്ലേയെന്നും ലേഖനം ചോദിക്കുന്നു. ആര്യാടന്‍ ബ്രാന്‍ഡ് പൊളിറ്റിക്‌സ് അംഗീകരിക്കില്ലെന്നും ലേഖനം ആവര്‍ത്തിക്കുന്നു.

മുസ്‍ലിം ലീഗിനെ മാത്രം ആശ്രയിക്കാതെ മുസ്‍ലിം സമുദായവുമായി നേരിട്ട് ആശയ വിനിമയം നടത്താന്‍ കോണ്‍ഗ്രസ് തയ്യാറാകണമെന്ന സന്ദേശമാണ് ലേഖനം നല്‍കുന്നത്. സമസ്ത പ്രസിഡന്‍റായി ജിഫ്രി മുത്തുക്കോയ തങ്ങള്‍ ചുതലയേറ്റതിന് ശേഷം രാഷ്ട്രീയ നിലപാടുകള്‍ പ്രഖ്യാപിക്കാന്‍ സംഘടന പലപ്പോഴും ശ്രമിച്ചിട്ടുണ്ട്. വയനാട് സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കാനുള്ള ചര്‍ച്ചകള്‍ നടക്കുന്നുവെന്ന വാര്‍ത്തകള്‍ വന്നതിന് പിറകെ വിമര്‍ശവുമായി സത്താര്‍ പന്തല്ലൂരിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് വന്നിരുന്നു. വയനാട് സീറ്റ് കേരള കോണ്‍ഗ്രസിന് വിട്ടുകൊടുത്താല്‍ കോണ്‍ഗ്രസിലെ ഏക മുസ്‍ലിം എംപി കൂടി ഇല്ലാതാകുമെന്ന ആശങ്കയാണ് സത്താര്‍ പ്രകടിപ്പിച്ചത്. ഒപ്പം രാജ്യസഭാ സീറ്റില്‍ എന്തുകൊണ്ട് മുസ്‍ലിംകളെ കോണ്‍ഗ്രസ് പരിഗണിക്കുന്നില്ലെന്ന വിമര്‍ശവും ഉന്നയിച്ചിരുന്നു. ഇതിനെല്ലാം പിറകെയാണ് കോണ്‍ഗ്രസിന്‍റെ സമീപനത്തില്‍ ശക്തമായ വിമര്‍ശവുമായി സമസ്തയുടെ മുഖപ്പത്രം ലേഖനം പ്രസിദ്ധീകരിച്ചത്.