LiveTV

Live

Kerala

വടക്കന്‍ പറവൂരില്‍ ക്ഷേത്രത്തില്‍ നിന്ന് മോഷ്ടിക്കപ്പെട്ട തിരുവാഭരണം കണ്ടെത്തി

വടക്കന്‍ പറവൂരില്‍ ക്ഷേത്രത്തില്‍ നിന്ന് മോഷ്ടിക്കപ്പെട്ട തിരുവാഭരണം കണ്ടെത്തി
Summary
അന്തര്‍ സംസ്ഥാന കവര്‍ച്ചാ സംഘവുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്നും വിഗ്രഹം തമിഴ്‌നാട്ടിലേക്ക് കടത്താന്‍ ശ്രമിക്കുകയായിരുന്നുവെന്നും കണ്ടെത്തിയതിന് പിന്നാലെയാണ് കവര്‍ച്ചാ കേസിലെ പ്രധാനികള്‍ പെള്ളാച്ചിയില്‍ പൊലീസിന്റെ പിടിയിലായത്.

എറണാകുളം വടക്കന്‍ പറവൂരില്‍ ക്ഷേത്രത്തില്‍ നിന്ന് മോഷ്ടിക്കപ്പെട്ട തിരുവാഭരണം കണ്ടെത്തി. പൊള്ളാച്ചിയില്‍ നിന്നാണ് തിരുവാഭരണം കണ്ടെത്തിയത്. ഇവിടെ നിന്ന് കവര്‍ച്ചാസംഘത്തിലെ രണ്ട് പേരെകൂടി പൊലീസ് പിടികൂടി.

നാല് ദിവസം മുമ്പാണ് കോട്ടുവള്ളി തൃക്കപുരം ക്ഷേത്രം, കോട്ടുവളളി ശ്രീനാരായണ ക്ഷേത്രം എന്നിവിടങ്ങളില്‍ വന്‍ കവര്‍ച്ച നടന്നത്. സംഭവത്തില്‍ അമ്പത് പവന്‍ സ്വര്‍ണവും മുപ്പതിനായിരം രൂപയും മോഷ്ടിക്കപ്പെടുകയും ക്ഷേത്രത്തിന് കേട്പാട് പറ്റുകയും ചെയ്തിരുന്നു. തുടര്‍ന്ന് മോഷ്ടാക്കള്‍ക്കായി നടന്ന അന്വേഷണത്തില്‍ കൊല്ലം ശാസ്താംകോട്ടയില്‍ വെച്ച് കവര്‍ച്ചാ സംഘത്തിലെ 4 പേര്‍ എക്‌സൈസിന്റെ പിടിയിലായിരുന്നു.

അന്തര്‍ സംസ്ഥാന കവര്‍ച്ചാ സംഘവുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്നും വിഗ്രഹം തമിഴ്‌നാട്ടിലേക്ക് കടത്താന്‍ ശ്രമിക്കുകയായിരുന്നുവെന്നും കണ്ടെത്തിയതിന് പിന്നാലെയാണ് കവര്‍ച്ചാ കേസിലെ പ്രധാനികള്‍ പെള്ളാച്ചിയില്‍ പൊലീസിന്റെ പിടിയിലായത്. ഷാജി മഹേഷ് എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്ന് തിരുവാഭരണവും പണവും കണ്ടെത്തി. കേസില്‍ ഇനിയും ആളുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്നാണ് പെലീസ് പരിശോധിക്കുന്നത്.

കാര്‍ വാടകക്കെടുത്ത് മോഷണം നടത്തുകയും കഞ്ചാവ് കടത്തുകയുമാണ് സംഘത്തിന്റെ പ്രധാന രീതി. ഇവ വിറ്റ് കിട്ടുന്ന പണം ആഡംബര ജീവിതം നയിക്കാനാണ് ഉപയോഗിക്കുന്നത്. സംഘത്തിന്റെ പ്രധാനികളായ ഷാജിയും കൂട്ടാളിയും തിരുവാഭരണം വില്‍ക്കുന്നതിനായി കരുനാഗപ്പള്ളിയാണ് കേന്ദ്രീകരിച്ചിരുന്നതെന്നും പെലീസ് കണ്ടെത്തിയിട്ടുണ്ട്.