LiveTV

Live

Kerala

മുൻ പഞ്ചായത്ത് പ്രസിഡന്റിന്റെ ആത്മഹത്യ: സിപിഎം പ്രാദേശിക നേതൃത്വത്തിനെതിരെ പ്രതിഷേധം

Summary
സിപിഎം സംഘടിപ്പിച്ച അനുശോചന യോഗത്തില്‍ നിന്നും വിവിധ സംഘടനകള്‍ വിട്ടുനിന്നു

എളങ്കുന്നപ്പുഴ മുൻ പഞ്ചായത്ത് പ്രസിഡന്റ് വി കെ കൃഷ്ണന്റെ മരണവുമായി ബന്ധപ്പെട്ട് സിപിഎം പ്രാദേശിക നേതൃത്വത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. സിപിഎം സംഘടിപ്പിച്ച അനുശോചന യോഗത്തില്‍ നിന്നും വിവിധ സംഘടനകള്‍ വിട്ടുനിന്നു. അതേസമയം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ കൃഷ്ണന്‍റെ മൃതദേഹം സംസ്കരിച്ചു.

ഇന്ന് പുലർച്ചയോടെ കണ്ണമാലി തീരത്തു നിന്നുമാണ് കൃഷ്ണന്റെ മൃതദേഹം കണ്ടെത്തിയത്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം ജനറൽ ആശുപത്രിയിൽ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്തു. വീട്ടിലും വായനശാലാ ഓഡിറ്റോറിയത്തിലുമായി പൊതുദർശനത്തിന് വച്ച ഭൗതിക ശരീരത്തിൽ നൂറുകണക്കിന് ആളുകളാണ് കൃഷ്ണന് അന്തിമോപചാരം അർപ്പിക്കാൻ എത്തിയത്. സംഭവത്തിൽ സിപിഎം പ്രാദേശിക നേതൃത്വത്തിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്. ആത്മഹത്യാക്കുറിപ്പ് മരണ മൊഴിയായി കണ്ട് നടപടി എടുക്കണമെന്നാണ് ആവശ്യം.

സിപിഎമ്മില്‍ നിന്ന് പുകച്ചുപുറത്താക്കാന്‍ എളങ്കുന്നപ്പുഴ ലോക്കല്‍ കമ്മിറ്റി ശ്രമിക്കുന്നെന്നായിരുന്നു ആത്മഹത്യാ കുറിപ്പിലെ ആരോപണം. പാര്‍ട്ടിയിലെ വിഭാഗീയതയുടെ ഇരയാണ് വികെ കൃഷ്ണനെന്ന ആരോപണവുമായി അദ്ദേഹത്തിന്റെ സുഹൃത്തുക്കളും രംഗത്തെത്തിയിരുന്നു.

കൃഷ്ണന്റെ മരണത്തിൽ ആരോപണം നേരിടുന്ന സിപിഎം സംഘടിപ്പിച്ച അനുശോചന യോഗത്തിൽ നിന്നും പ്രമുഖ പാർട്ടികൾ വിട്ടുനിന്നു. അതേസമയം പഞ്ചായത്തിൽ വാർഡ് മെമ്പർമാർ കൃഷ്ണന്റെ വിയോഗത്തിൻ അനുശോചനം രേഖപ്പെടുത്തി.