LiveTV

Live

Kerala

തൊടുപുഴയില്‍ നിന്ന് ഒളിച്ചോടിയ കമിതാക്കള്‍ക്ക് ഒരുമിച്ച് ജീവിക്കാമെന്ന് കോടതി

തൊടുപുഴയില്‍ നിന്ന് ഒളിച്ചോടിയ കമിതാക്കള്‍ക്ക് ഒരുമിച്ച് ജീവിക്കാമെന്ന് കോടതി
Summary
രണ്ടുദിവസം മുമ്പാണ് പെണ്‍കുട്ടിയുടെ വീട്ടുകാരുടെ ഭീഷണിയെ തുടര്‍ന്ന് യുവതിയും യുവാവും പാലക്കാട്ടേക്ക് ഒളിച്ചോടിയത്. തുടര്‍ന്ന് ജീവന് ഭീഷണിയുണ്ടെന്ന് യുവാവ് ഫേസ്‍ബുക്കിലും പോസ്റ്റ് ചെയ്തിരുന്നു.

ഇടുക്കി തൊടുപുഴയില്‍നിന്ന് ഭീഷണി ഭയന്ന് ഒളിച്ചോടിയ കമിതാക്കള്‍ക്ക് ഒരുമിച്ച് ജീവിക്കാമെന്ന് കോടതി. രണ്ടുദിവസം മുമ്പാണ് പെണ്‍കുട്ടിയുടെ വീട്ടുകാരുടെ ഭീഷണിയെ തുടര്‍ന്ന് യുവതിയും യുവാവും പാലക്കാട്ടേക്ക് ഒളിച്ചോടിയത്. തുടര്‍ന്ന് ജീവന് ഭീഷണിയുണ്ടെന്ന് യുവാവ് ഫേസ്‍ബുക്കിലും പോസ്റ്റ് ചെയ്തിരുന്നു.

രണ്ട് ദിവസം മുമ്പാണ് തൊടുപുഴ കോടിക്കുളം സ്വാദേശിയായ യുവാവും, ചിലവ് സ്വദേശിനിയായ യുവതിയും പാലക്കാട്ടെ യുവാവിന്‍റെ ബന്ധുവിന്‍റെ വീട്ടിലേക്ക് ഒളിച്ചോടിയത്. രണ്ട് മതവിഭാഗങ്ങളില്‍പ്പെടുന്നതിനാല്‍ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ഭീഷണിമുഴക്കുന്നുവെന്ന് കാട്ടിയാണ് യുവാവ് ഫേസ്‍ബുക്കില്‍ പോസ്റ്റ് ചെയ്തത്. ഇതിനിടെ പെണ്‍കുട്ടിയെ കാണാനില്ലെന്ന് കാട്ടി വീട്ടുകാര്‍ തൊടുപുഴ കരിമണ്ണൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതിപ്പെട്ടിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ യുവാവിന്‍റെ ബന്ധുക്കളാണ് ചെര്‍പ്പളശേരി പൊലീസ് സ്റ്റേഷനില്‍ ഇരുവരെയും ഇന്നലെ ഹാജരാക്കിയത്. തുടര്‍ന്ന് തൊടുപുഴ കരിമണ്ണൂര്‍ പൊലീസ് സ്റ്റേഷനിലേക്ക് കമിതാക്കളെ എത്തിച്ചിരുന്നു.

രാവിലെ ഇരുവരുടെയും ബന്ധുക്കളും സുഹൃത്തുക്കളും അടങ്ങുന്ന വലിയ ജനക്കൂട്ടം കരിമണ്ണൂര്‍ പൊലീസ് സ്റ്റേഷനില്‍ തടിച്ചുകൂടി. പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഇടുക്കി മജിസ്ട്രേറ്റിനു മുമ്പിലാണ് പൊലീസ് പെണ്‍കുട്ടിയെ ഹാജരാക്കിയത്. യുവാവിനൊപ്പം ജീവിക്കണമെന്ന പെണ്‍കുട്ടിയുടെ നിലപാടിന്‍റെ അടിസ്ഥാനത്തില്‍ പ്രായപൂര്‍ത്തിയായ ഇരുവര്‍ക്കും ഒരുമിച്ചു ജീവിക്കാമെന്ന് കോടതി ഉത്തരവിട്ടു. പെണ്‍കുട്ടിയുടെ വീട്ടുകാരുടെ വധഭീഷണിയുണ്ടെന്ന് യുവാവിന്‍റെ അമ്മ ആരോപിച്ചു. എന്നാല്‍ ഭീഷണി സംബന്ധിച്ച് യുവാവിന്‍റെ വീട്ടുകാര്‍ ഇതുവരെ പൊലീസില്‍ പരാതി നല്‍കിയിട്ടില്ല.