LiveTV

Live

Kerala

ഇന്ന് ചെറിയ പെരുന്നാള്‍

ഇന്ന് ചെറിയ പെരുന്നാള്‍
Summary
ത്യാഗപൂര്‍ണമായ ദിനങ്ങള്‍ക്ക് ശേഷം ഇനി സന്തോഷിക്കാനുള്ള അവസരമാണ്.

വ്രതശുദ്ധിയുടെ 29 ദിനരാത്രങ്ങള്‍ പിന്നിട്ട് ഇസ്‌ലാം മതവിശ്വാസികള്‍ ഇന്ന് ചെറിയപെരുന്നാള്‍ ആഘോഷിക്കുന്നു. സംസ്ഥാനത്ത് വിവിധ കേന്ദ്രങ്ങളില്‍ നടന്ന ഈദ് നമസ്‌കാര ചടങ്ങുകളില്‍ ആയിരക്കണക്കിന് വിശ്വാസികള്‍ പങ്കെടുത്തു. കാലാവസ്ഥ പ്രതികൂലമായതിനാല്‍ പലയിടത്തും ഈദ് ഗാഹുകള്‍ ഒഴിവാക്കി.

വ്രതശുദ്ധിയുടെ ഒരുമാസകാലത്തെ പുണ്യത്തിന്റെ നിറവിലാണ് ഇസ്ലാംമതവിശ്വാസികള്‍ ഇന്ന് ചെറിയപെരുന്നാള്‍ ആഘോഷിക്കുന്നത്. പ്രതികൂല കാലാവസ്ഥയെത്തുടര്‍ന്ന് പലയിടങ്ങളിലും ഈദ്ഗാഹുകള്‍ ഒഴിവാക്കിയിരുന്നു. പള്ളികളും ഓഡിറ്റോറിയങ്ങളും കേന്ദ്രീകരിച്ചായിരുന്നു നമസ്‌കാര ചടങ്ങുകള്‍. ഈദ് നമസ്‌കാരത്തിന് ശേഷം വിശ്വാസികള്‍ പരസ്പരം ആശംസകള്‍ കൈമാറി. തിരുവനന്തപുരത്ത് ചന്ദ്രശേഖര്‍ നായര്‍ സ്‌റ്റേഡിയത്തില്‍ നടന്ന നമസ്‌കാര ചടങ്ങുകള്‍ക്ക് പാളയം ഇമാം വി പി സുഹൈബ് മൗലവി നേതൃത്വം നല്‍കി.

കൊച്ചി കടവന്ത്ര സലഫി ജുമാ മസ്ജിദിലെ പെരുന്നാള്‍ നമസ്‌ക്കാരങ്ങളില്‍ നടന്‍ മമ്മൂട്ടിയും മകന്‍ ദുല്‍ഖര്‍ സല്‍മാനും പങ്കെടുത്തു. കോഴിക്കോട് മര്‍ക്കസ് പള്ളിയില്‍ നടന്ന ചടങ്ങുകള്‍ക്ക് അബ്ദു റൗഫ് സഖാഫി നേതൃത്വം നല്‍കി. തൃശൂര്‍ സിറ്റി സെന്ററില്‍ നടന്ന ഈദ് ഗാഹിലും നൂറ് കണക്കിന് വിശ്വാസികള്‍ പങ്കെടുത്തു. ഹിറ മസ്ജിദ് ഇമാം മുനീര്‍ വരന്തരപ്പള്ളിയാണ് പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കിയത്. മലപ്പുറം മഞ്ചേരി മേലാക്കം മസ്ജിദുല്‍ മുജാഹിദീന്‍ സംഘടിപ്പിച്ച ഈദ് ഗാഹിന് വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ ജനറല്‍ സെക്രട്ടറി ടി.കെ അഷ്‌റഫ് നേതൃത്വം നല്‍കി.