LiveTV

Live

Kerala

കരിപ്പൂരില്‍ നിന്നും ഇടത്തരം വിമാനങ്ങളുടെ സര്‍വീസ് ആരംഭിക്കുന്നത് അനിശ്ചിതമായി നീളുന്നു

Summary
കരിപ്പൂര്‍ എയര്‍പോര്‍ട് സംരക്ഷിക്കുന്നതിനായി ജനകീയ പ്രക്ഷോഭത്തിനുള്ള ആലോചനകളും ആരംഭിച്ചു.

കരിപ്പൂര്‍ ജിദ്ദ സര്‍വീസ് പുനരാരംഭിക്കുന്നതിനായി സൗദി എയര്‍ലൈന്‍സ് സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഡിജിസിഎക്ക് കൈമാറാതെ വിമാനത്താവള അതോറിറ്റി പിടിച്ചുവെച്ചു. കരിപ്പൂരില്‍ നിന്നും ഇടത്തരം വിമാനങ്ങളുടെ സര്‍വീസ് ആരംഭിക്കുന്നത് അനിശ്ചിതമായി നീളുന്നത് ഇത് മൂലമാണ്. അതിനിടെ കരിപ്പൂര്‍ എയര്‍പോര്‍ട് സംരക്ഷിക്കുന്നതിനായി ജനകീയ പ്രക്ഷോഭത്തിനുള്ള ആലോചനകളും ആരംഭിച്ചു.

ഡിജിസിഎയുടെ നിര്‍ദേശ പ്രകാരമാണ് നിര്‍ദിഷ്ട കരിപ്പൂര്‍ ജിദ്ദ സര്‍വീസിന്റെ നടത്തിപ്പ് ക്രമം, സൗദി എയര്‍ലൈന്‍സ് എയര്‍പോര്‍ട് അഥോറിറ്റിക്ക് സമര്‍പ്പിച്ചത്. എയര്‍പോര്‍ട് അതോറിറ്റിയുടെ ഓപറേഷന്‍സ് വിഭാഗം എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ജെ പി അലക്‌സിന്റെ മേശപ്പുറത്ത് ഒന്നരമാസമായി ഈ റിപ്പോര്‍ട്ടുണ്ട്. റിപ്പോര്‍ട്ട് ഡിജിസിഎക്ക് കൈമാറുന്ന മുറക്ക് സൗദി എയര്‍ലൈന്‍സിന്റെ ഇടത്തരം വിമാനങ്ങള്‍ക്ക് കരിപ്പൂരില്‍ നിന്നും സര്‍വീസ് നടത്താന്‍ അവസരം ലഭിക്കേണ്ടതാണ്.

എന്നാല്‍ ഈ റിപ്പോര്‍ട്ട് ഡിജിസിഎക്ക് കൈമാറാന്‍ ജെപി അലക്‌സ് തയ്യാറാകാത്തതിനു പിന്നില്‍ അട്ടിമറി സംശയിക്കുന്നവര്‍ ഏറെയുണ്ട്. ആര്‍എഫ്എഫ് കാറ്റഗറിയില്‍ കരിപ്പൂര്‍ എയര്‍പോര്‍ട് എട്ടില്‍ നിന്നും ഏഴിലേക്ക് തരംതാഴ്ത്തപ്പെട്ടത് കഴിഞ്ഞ ദിവസമാണ്. ഈ സാഹചര്യത്തില്‍ വിമാത്താവളത്തിന്റെ സംരക്ഷണത്തിനായി ജനകീയ പ്രക്ഷോഭം നടത്താനുള്ള ആലോചനകള്‍ രാഷ്ട്രീയ പാര്‍ടികള്‍ ആരംഭിച്ചു കഴിഞ്ഞു.

ജനകീയ കൂട്ടായ്മയുടെ മുന്‍കയ്യില്‍ നിരാഹാര സമരം അടക്കമുള്ള പ്രക്ഷോഭ പരിപാടികളാണ് ആലോചിക്കുന്നത്. റണ്‍വേ നവീകരണത്തിന്റെ പേരില്‍ 2015 മുതലാണ് കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ക്ക് സര്‍വീസ് അനുമതി നിഷേധിച്ചത്.